22 January 2026, Thursday

Related news

January 9, 2026
January 3, 2026
January 3, 2026
December 27, 2025
December 17, 2025
December 9, 2025
December 7, 2025
December 7, 2025
December 4, 2025
November 23, 2025

തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം 19,000 കടന്നു

Janayugom Webdesk
ഇസ്താംബൂള്‍
February 9, 2023 11:18 pm

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 19,000 കടന്നു. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേർ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിലയിരുത്തല്‍. തുർക്കിയിൽ 16,546 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോ​ഗിക കണക്കുകൾ. 60,000ത്തിലധികം പേർക്ക് പരിക്കേറ്റതായും ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. സിറിയയില്‍ 3,317 പേർ മരിക്കുകയും 5,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരക്കണക്കിന് പേർക്ക് വീട് നഷ്ടപ്പെട്ടു.

തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍ ദുരന്തബാധിത പ്രദേശങ്ങളായ ഗാസിയാൻടെപ്, ഒസ്മാനിയേ, കിലിസ് എന്നീ പ്രവിശ്യകൾ സന്ദര്‍ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനങ്ങളുയരുന്നതിനിടെയാണ് എര്‍ദോഗന്റെ സന്ദര്‍ശനം. ആദ്യദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങളുണ്ടായിരുന്നെങ്കിലും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് എര്‍ദോഗന്‍ വ്യക്തമാക്കി.

അതേസമയം അതിശെെത്യ കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്ക്കരമായി. ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതും കൊടുംതണുപ്പും രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. സിറിയയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. യൂറോപ്യന്‍ യൂണിയനോട് അടിയന്തര സഹായത്തിനായി സിറിയ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സിറിയയില്‍ മാനുഷിക പ്രതിസന്ധി കടുത്തതാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക, ചൈന, ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിരച്ചില്‍ സംഘങ്ങളും ദുരിതാശ്വാസ സാമഗ്രികളും ഇതിനോടകം എത്തിയിട്ടുണ്ട്.

ആറുവയസുകാരിയെ രക്ഷപ്പെടുത്തി എന്‍ഡിആര്‍എഫ്

തുര്‍ക്കിയിലെ ഭൂചലനത്തില്‍ ദിവസങ്ങളായി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ആറുവയസുകാരിയെ രക്ഷപ്പെടുത്തി ഇന്ത്യയില്‍ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനാ സംഘം.
ഗാസിയാൻടെപ്പിലെ നൂർദാഗിയിൽ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആറുവയസുകാരിയെ സുരക്ഷിതമായി പുറത്തെത്തിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
രക്ഷാദൗത്യത്തിന്റെ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്. 51 എൻ‌ഡി‌ആർ‌എഫ് സേനാംഗങ്ങളുടെ സംഘത്തെയാണ് തുർക്കിയിലേക്ക് അയച്ചിരിക്കുന്നത്.
80 മണിക്കൂറിലധികം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന എട്ട് വയസുകാരനെയും ഇന്നലെ രക്ഷപ്പെടുത്തി.
തുർക്കിയിലെ ദിയാർബക്കിറിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Eng­lish Summary;Turkey-Syria Earth­quake; The death toll has crossed 19,000

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.