
തുവര പരിപ്പിന് വില കുതിക്കുന്നു. രാജ്യത്തെ പത്തില്‍ നാല് കുടുംബങ്ങളെയെങ്കിലും വിലക്കയറ്റം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ വിദേശത്തുനിന്നും 12 ലക്ഷം ടണ്‍ തുവര പരിപ്പ് ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. മ്യാന്‍മര്‍, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കും ഇറക്കുമതി. ഇത് മുന്‍വര്‍ഷത്തെ ഇറക്കുമതിയേക്കാള്‍ 35 ശതമാനം അധികമാണ്.
തുവര പരിപ്പ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. വിലവര്‍ധനയെ തുടര്‍ന്ന് ഉപയോക്താക്കള്‍ കുറഞ്ഞ വിലയുള്ള സാധനങ്ങളിലേക്ക് തിരിഞ്ഞതായോ തുവര പരിപ്പിന്റെ ഉപയോഗം നിര്‍ത്തിയതായോ കഴിഞ്ഞദിവസം പുറത്തുവന്ന സര്‍വേയില്‍ പറയുന്നു. 27 ശതമാനം കുടുംബങ്ങള്‍ ഉപയോഗം കുറച്ചതായും അഞ്ച് ശതമാനം നിര്‍ത്തിയതായും എട്ട് ശതമാനം വില കുറഞ്ഞവയിലേക്ക് തിരിഞ്ഞതായും സര്‍വേയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ 57 ശതമാനം കുടുംബങ്ങള്‍ കൂടുതല്‍ വില നല്‍കി സാധനം വാങ്ങുന്നതായി സര്‍വേ പറയുന്നു. ഏകദേശം 44–45 ലക്ഷം ടൺ ആണ് പ്രതിവര്‍ഷം ഇന്ത്യയില്‍ ആവശ്യമായി വരുന്നത്. ഇതിന്റെ 80 ശതമാനവും രാജ്യത്ത് ഉല്പാദിപ്പിക്കുന്നു. പുറമെ 8.9 ലക്ഷം ടണ്‍ കഴിഞ്ഞവര്‍ഷം ഇറക്കുമതി ചെയ്യേണ്ടതായി വന്നിരുന്നു. 2022–23 സീസണില്‍ 30 ലക്ഷം ടൺ ആണ് ഇന്ത്യയിലെ ഉല്പാദനം.
മുൻവർഷം 39 ലക്ഷം ടണ്‍ ഉല്പാദിപ്പിച്ച സ്ഥാനത്താണിത്. വിലവര്‍ധനയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ജൂണ്‍ രണ്ടുമുതല്‍ കേന്ദ്രസര്‍ക്കാര്‍ സംഭരണപരിധി നിശ്ചയിക്കുകയും കരുതല്‍ ശേഖരത്തില്‍ നിന്നും വിപണിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായില്ല. കഴിഞ്ഞ രണ്ടു മാസത്തില്‍ തുവര പരിപ്പിന്റെ വില കിലോയ്ക്ക് 30 മുതല്‍ 40 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് ശരാശരി 25 ശതമാനത്തിലധികം വില ഉയര്‍ന്നു. പോളിഷ് ചെയ്ത പരിപ്പിന് കിലോയ്ക്ക് 167 രൂപയാണ് ചില്ലറ വില. പോളിഷ് ചെയ്യാത്ത പരിപ്പിന് കിലോയ്ക്ക് 187 രൂപയും വില ഈടാക്കുന്നു. മഴ ലഭ്യത കുറയുകയും കാലാവസ്ഥ മോശമാകുകയും ചെയ്താല്‍ തുവര പരിപ്പിന്റെ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇതുവരെ ആറുലക്ഷം ടണ്‍ ഇറക്കുമതി ചെയ്തു. ഓഗസ്റ്റോടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തുവര പരിപ്പ് ഇന്ത്യയിലെത്തുമെന്നും അതോടെ വില താഴുമെന്നും കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് പറഞ്ഞു.
English Summary:Tuvara nuts are expensive; Center to import 12 lakh tonnes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.