18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 13, 2024
September 8, 2024
July 3, 2024
June 16, 2024
April 20, 2024
February 17, 2024
February 13, 2024
January 23, 2024
October 1, 2023

ട്വിറ്റർ റീബ്രാന്‍ഡ് ചെയ്യുന്നു: നീലക്കിളിയെ ഒഴിവാക്കും

Janayugom Webdesk
സാന്‍ഫ്രാന്‍സിസ്കോ
July 23, 2023 10:15 pm

ട്വിറ്റർ പ്ലാറ്റ്ഫോം റീബ്രാൻഡ് ചെയ്യാൻ പദ്ധതിയുമായി ഉടമ ഇലോൺ മസ്ക്. ഇതിന്റെ ഭാ​ഗമായി ട്വിറ്ററിന്റെ ഔദ്യോഗിക ലോഗോയായ നീലക്കിളിയെയും ഒഴിവാക്കുമെന്ന് മസ്ക് അറിയിച്ചു. എക്സ് എന്നാകും ട്വിറ്ററിന്റെ പുതിയ ലോഗോ. ഇക്കാര്യം ഒരു ചെറു വീഡിയോയിലൂടെ മസ്ക് ട്വിറ്ററിൽ പങ്കുവച്ചു. ചൈനയുടെ വീചാറ്റ് പോലുള്ള വികസിത ആപ്പ് സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് ട്വിറ്റർ റീബ്രാൻഡ് ചെയ്യാൻ പദ്ധതിയിടുന്നത്.
ഉടൻ തന്നെ ട്വിറ്റർ ബ്രാൻഡിനോട് വിടപറയും, ക്രമേണ എല്ലാ പക്ഷികളോടും, മസ്ക് ട്വീറ്ററിൽ കുറിച്ചു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ ലോഗോയായിരിക്കും ട്വിറ്ററിനൊപ്പം ഉണ്ടാവുകയെന്നും മസ്ക് വ്യക്തമാക്കി. ട്വിറ്റർ ലോഗോ മാറ്റുമോ എന്ന ഉപയോക്താവിന്റെ ചോദ്യത്തിന് അതെ എന്ന് അദ്ദേഹം മറുപടിയും നൽകി. വളരെക്കാലം മുമ്പ് അത് ചെയ്യേണ്ടതായിരുന്നുവെന്നും മസ്ക് കൂട്ടിച്ചേർത്തു. എന്നാല്‍, ഞങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്താണ് ഈ നീല നിറമുള്ള പക്ഷിയെന്നും അതിനെ ഏത് മാര്‍ഗത്തിലൂടെയും സംരക്ഷിക്കുമെന്നും ട്വിറ്റര്‍ വെബ്‌സൈറ്റ് വ്യക്തമാക്കി. എക്സ് എന്ന പേര് പലപ്പോഴായി മസ്ക് ഉപയോഗിച്ചിരുന്നു. പുതിയ സിഇഒ ലിൻഡ യാക്കറിനോയെ സ്വാഗതം ചെയ്ത വേളയിലും ഈ പ്ലാറ്റ്‌ഫോമിനെ എക്‌സ് ആപ്പാക്കി മാറ്റുന്നതിന് ലിൻഡയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്നാണ് മസ്ക് പറഞ്ഞത്. ഒക്ടോബറിൽ, ട്വിറ്റർ വാങ്ങുന്നത് എല്ലാത്തിനുമുള്ള ആപ്പായ എക്സ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണെന്നും അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിൽ ട്വിറ്റർ പക്ഷിയെ ഡോഗ്‌കോയിന്റെ ഷിബ ഇനു നായയാക്കി താത്കാലികമായി ലോ​ഗോയിൽ മാറ്റം വരുത്തിയിരുന്നു. പ്രപഞ്ചത്തെ മനസിലാക്കാൻ എന്ന ആശയത്തോടെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ട്വിറ്റർ റീബ്രാൻഡ് ചെയ്യുന്നുവെന്ന മസ്കിന്റെ പ്രഖ്യാപനം. ഓപ്പൺഎഐ, ഗൂഗിൾ തുടങ്ങിയവ മനുഷ്യനുണ്ടാകുന്ന അപകടസാധ്യതകൾ പരിഗണിക്കാതെയാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത് എന്നാരോപിച്ചാണ് മസ്ക് അടുത്തിടെ എക്സ്എഐയുടെ രൂപീകരണം പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry: Twit­ter’s Icon­ic Blue Bird to Fly Away: Elon Musk Announces Logo Makeover
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.