നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. രണ്ട് മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കാള്‍ കോണ്‍ഗ്രസിലേക്ക് ചേരാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഭവന, അടിസ്ഥാന വികസന മന്ത്രി വി സോമണ്ണ, യുവജന‑കായിക മന്ത്രി കെ സി നാരായണ ഗൗഡ എന്നിവരാണ് ബിജെപിയില്‍നിന്ന് മറുകണ്ടം ചാടാന്‍ നീക്കം നടത്തുന്നത്. ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിവരുന്നുണ്ട്. പാര്‍ട്ടിയില്‍ ബി എസ് യെദ്യുരപ്പയുടെ പിടി അയഞ്ഞതോടെ അസ്വാരസ്യങ്ങള്‍ രൂക്ഷമായിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം.
കഴിഞ്ഞദിവസം രണ്ട് മുന്‍ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നഞ്ചുണ്ട സ്വാമി, മനോഹര്‍ ഐനാപൂര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇവര്‍ക്കൊപ്പം മൈസൂരു മുന്‍ മേയറും ബിഎസ്പി നേതാവുമായിരുന്ന പുരുഷോത്തമവും കോണ്‍ഗ്രസിലേക്ക് കൂടുമാറിയിരുന്നു. മുതിര്‍ന്ന നേതാവായിട്ടും പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന അസംതൃപ്തിയിലാണ് സോമണ്ണ. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ ‘വിജയസങ്കല്‍പ യാത്ര’യുടെ കോര്‍ഡിനേറ്റര്‍ കെ.എസ് ഈശ്വരപ്പയായിരുന്നു. സോമണ്ണയ്ക്ക് ജില്ലാ ചുമതല മാത്രമാണ് നല്‍കിയിരുന്നത്. ഇതും അദ്ദേഹത്തിന് ക്ഷീണമായി മാറി.
പാര്‍ട്ടിയില്‍ ഇനി അധികം ഭാവിയില്ലെന്ന തിരിച്ചറിഞ്ഞതോടെ പുതിയ ലാവണം തേടാനാണ് നാരായണ ഗൗഡയുടെ നീക്കം. ഇത്തവണ തെരഞ്ഞെടുപ്പില്‍ വീണ്ടും ടിക്കറ്റ് ലഭിക്കാനിടയില്ലെന്ന വ്യക്തമായ സൂചന അദ്ദേഹത്തിന് ലഭിച്ചുകഴിഞ്ഞു. കെ ഗോപാലയ്യ, എസ് ടി സോമശേഖർ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോപാലയ്യയും സോമശേഖറും ക്ഷണത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും നാരായണഗൗഡ മടങ്ങി വരവിന് താല്പര്യം പ്രകടിപ്പിച്ചെന്നാണ് സൂചന.
സോമണ്ണയും നാരായണ ഗൗഡയും മുന്‍പ് മറ്റു പാര്‍ട്ടികളില്‍നിന്ന് ബിജെപിയില്‍ ചേര്‍ന്നവരാണ്. മുന്‍പ് ജനതാദള്‍ ജനപ്രതിനിധിയായിരുന്ന സോമണ്ണ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 2008ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്. 2010ല്‍ ബിജെപി ടിക്കറ്റില്‍ ഗോവിന്ദരാജ് നഗര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. പിന്നീട് ഇതുവരെ ഗോവിന്ദരാജില്‍നിന്ന് തുടര്‍ച്ചയായി രണ്ടു തവണകൂടി തെരഞ്ഞെടുക്കപ്പെട്ടു. 2019 ലാണ് മന്ത്രിയായി നിയമിതനാകുന്നത്.
2019ല്‍ ജെഡിഎസില്‍നിന്നാണ് നാരായണ ഗൗഡ ബിജെപിയിലെത്തിയത്. 2018ല്‍ എംഎല്‍എയായ അദ്ദേഹം സ്ഥാനം രാജിവയ്ക്കുകയും പിന്നീട് ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. 2019ല്‍ കര്‍ണാടക സാക്ഷ്യംവഹിച്ച രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശം. 2018ല്‍ അധികാരമേറ്റ കോണ്‍ഗ്രസ്-ജെഡി(എസ്) സര്‍ക്കാരില്‍ അംഗമായിരുന്ന ഗൗഡ തൊട്ടടുത്ത വര്‍ഷം 17 എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലേറിയത്.
English Summary: two BJP ministers on their way to Congress
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.