ഇന്ത്യയുടെ കടൽ മത്സ്യസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെതാണ് (സിഎംഎഫ്ആർഐ) കണ്ടെത്തൽ. ഒന്ന് പുതുതായി കണ്ടെത്തിയ അറേബ്യൻ സ്പാരോ നെയ‌്മീനാണ്. സ്കോംബെറോമോറസ് അവിറോസ്ട്രസ് എന്നാണ് ഇതിനെ ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്നത്. രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ട റസൽസ് പുള്ളിനെയ‌്മീനാണ്. മുമ്പ് ഈ മത്സ്യം ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന പുള്ളി നെയ‌്മീനാണെന്നാണ് കരുതിയിരുന്നത്. ഇപ്പോള്‍ ഇന്ത്യൻ കടലുകളിൽ നെയ‌്മീനുകളുടെ എണ്ണം നിലവിലെ നാലിൽ നിന്നും ആറായി ഉയർന്നു. ഏറെ ആവശ്യക്കാരും ഉയർന്ന വിപണിമൂല്യവുമുള്ളതാണ് നെയ‌്മീൻ.
ഇന്ത്യയുടെ വിവിധ തീരങ്ങളിൽ നിന്ന് ശേഖരിച്ച പുള്ളി നെയ‌്മീനുകളിൽ നടത്തിയ വിശദമായ വർഗീകരണ-ജനിതക പഠനമാണ് സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ എം അബ്ദുസമദിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. മുമ്പ് ഒരൊറ്റ ഇനമായി കണക്കാക്കപ്പെട്ടിരുന്ന പുള്ളി നെയ‌്മീൻ യഥാർത്ഥത്തിൽ മൂന്ന് വ്യത്യസ്തയിനം മീനുകളാണെന്ന് പഠനത്തിൽ വ്യക്തമായി. ഇവയിൽ, ഒന്ന് പുതുതായി കണ്ടെത്തിയ നെയ്മീനും രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ടതുമാണ്. മൂന്നാമത്തേത് നേരത്തെ തന്നെ ലഭ്യമായ പുള്ളിനെയ‌്മീനാണ്.
ഈ മൂന്ന് നെയ‌്മീനുകളും മറ്റിനങ്ങളേക്കാൾ താരതമ്യേന ചെറുതാണ്. തീരത്തോട് അടുത്താണ് ഇവ കൂടുതലായും കണ്ടുവരുന്നത്. നല്ല രുചിയും ഉയർന്ന വിപണിമൂല്യമുള്ളതുമാണ്. അറേബ്യൻ സ്പാരോ നെയ‌്മീൻ ലഭ്യമാകുന്നത് പൂർണമായും അറബിക്കടൽ തീരത്ത് മംഗലാപുരത്ത് നിന്നും വടക്കോട്ടുള്ള സ്ഥലങ്ങളിലാണ്. അറേബ്യൻ ഗൾഫ് വരെ കടലിൽ ഈ മത്സ്യം കാണപ്പെടുന്നുണ്ട്. കുരുവിയുടേതിന് സാമ്യമായ ചുണ്ടുള്ളതിനാലാണ് ശാസ്ത്രസംഘം ഈ പേര് നൽകിയത്. മറ്റ് രണ്ട് മീനുകളും ബംഗാൾ ഉൾക്കടലിന്റെ തീരങ്ങളിൽ നാഗപട്ടണത്തിന് വടക്കോട്ടുള്ള ആൻഡമാൻ ഉൾപ്പെടെയുള്ള തീരങ്ങളിലാണ് ലഭ്യമാകുന്നത്.
കൂടാതെ, ചൈനാ കടൽതീരത്തും ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ സമുദ്ര മത്സ്യമേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുന്ന നേട്ടമായാണ് ഗവേഷകർ ഈ കണ്ടെത്തലിനെ കാണുന്നത്. ഈ രണ്ടെണ്ണം ഉൾപ്പെടെ അഞ്ച് പുതിയ മീനുകളാണ് ഡോ. അബ്ദുസമദിന്റെ നേതൃത്വത്തിൽ ശാസ്ത്രത്തിന് സംഭാവന ചെയ്തിട്ടുള്ളത്. പുതിയ ഇനം ശീലാവ്, പുള്ളി അയല, പോളവറ്റ എന്നിവയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നേരത്തെ കണ്ടെത്തിയ പുതിയ മീനുകൾ.
English Summary: two indo pacific king mackerel to the sea wealth
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.