27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 2, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 15, 2024
October 13, 2024
October 9, 2024
October 7, 2024

കൊടും പട്ടിണിയില്‍ ഗാസ ; രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Janayugom Webdesk
ഗാസ
February 26, 2024 2:00 pm

വടക്കന്‍ ഗാസയില്‍ പട്ടിണിമൂലം രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അല്‍ഷിഫ ആശുപത്രിയില്‍ വച്ചാണ് കുഞ്ഞ് മരണപ്പെട്ടത്. പോഷകാഹാരക്കുറവ് മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലാണ് കുഞ്ഞ് തങ്ങളുടെ മുന്നില്‍ എത്തിയതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോഷകാഹാരക്കുറവുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടിണി മൂലം കുഞ്ഞിന് ദിവസങ്ങളോളം പാല് കൊടുക്കാന്‍ സാധിച്ചിരുന്നില്ല.

പലസ്തീനില്‍ ഇസ്രയേല്‍ സേന നടത്തുന്ന നരഹത്യയെ തുടര്‍ന്ന് രാജ്യത്ത് പട്ടിണിയും ശിശു മരണങ്ങളും വര്‍ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധബാധിതരായ ഗാസയിലെ 23 ലക്ഷത്തോളം ജനങ്ങള്‍ കടുത്ത പട്ടിണിയാണ് അനുഭവിക്കുന്നതെന്ന് യുഎന്‍ പറയുന്നു. ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചത് മുതല്‍ ഗാസയ്ക്ക് വേണ്ടി കൂടുതല്‍ സഹായം അനുവദിക്കണമെന്ന ആഗോള അഭ്യര്‍ത്ഥനകള്‍ ഇസ്രയേല്‍ തുടര്‍ച്ചയായി നിരസിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ മരണം. ഗാസയില്‍ മറ്റനേകം കുഞ്ഞുങ്ങളാണ് സമാന അവസ്ഥ നേരിടുന്നത്.

ജീവൻ നിലനിർത്താനായി ചെറു ചെടികൾ പറിച്ചെടുത്ത് ഭക്ഷിക്കേണ്ട ദയനീയാവസ്ഥയിലാണ് പലസ്തീനികളെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുദ്ധം ആരംഭിച്ച ആദ്യ ആഴ്ചകളില്‍ ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവും വൈദ്യുതിയുമെല്ലാം ഇസ്രയേല്‍ തടഞ്ഞിരുന്നു. നീണ്ട ഉപരോധങ്ങള്‍ക്ക് ശേഷം ഡിസംബറിലാണ് ഗാസയിലേക്ക് സഹായവുമായെത്തിയ ട്രക്കുകള്‍ കടത്തി വിടാന്‍ ഇസ്രയേല്‍ അനുവദിച്ചത്. എന്നാല്‍ ശക്തമായ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ട്രക്കുകള്‍ കടത്തി വിടുന്നത്.

റാഫ അതിര്‍ത്തിയില്‍ സഹായങ്ങളുമായി നിരവധി ട്രക്കുകള്‍ വന്നു കിടക്കുന്നുണ്ടെങ്കിലും സഹായം വിതരണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഗാസയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. ജീവനക്കാരുടെ ക്ഷാമം കാരണം വടക്കൻ ഗാസയിലെ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന് അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസി അറിയിച്ചു. യുദ്ധത്തില്‍ 29,606 പേര്‍ മരിക്കുകയും 69,737 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ധാരണയായില്ല

പാരിസ്: ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട്​ പാരിസിൽ നടന്ന ​ ചർച്ചയിൽ പുരോഗതിയില്ല. സിഐഎ, മൊസാദ്​ മേധാവികളും ഈജിപ്ത്​, ഖത്തർ പ്രതിനിധികളും തമ്മിൽ പുതിയ വെടിനിർത്തൽ കരാർ സംബന്ധിച്ച് പാരിസിൽ ചർച്ച നടത്തിയെങ്കിലും കാര്യമായ തീർപ്പിൽ എത്താനായില്ലെന്നാണ്​ റിപ്പോർട്ട്​. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട്​ ​വെടിനിർത്തൽ കരാറിന്​ രൂപം നൽകാൻ എതിർപ്പില്ലെങ്കിലും ഹമാസിന്റെ വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്നാണ്​​ ഇസ്രയേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചത്.

പാരിസ്​ നിർദേശം വിലയിരുത്താൻ ഇസ്രയേൽ യുദ്ധകാര്യ മന്ത്രിസഭ യോഗം ചേരും. ഗാസയിലെ സാഹചര്യം മുൻനിർത്തി ഇസ്രയേലും ഹമാസുമായി ചർച്ച തുടരുമെന്ന്​ ഖത്തറും ഈജിപ്​തും അറിയിച്ചു. ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവി​ന്റെ നിക്ഷിപ്ത താല്പര്യങ്ങൾ നിലനിൽക്കെ, വെടിനിർത്തൽ കരാറിൽ എന്തെങ്കിലും പുരോഗതിയുണ്ടെന്ന്​ പറയാനാകില്ലെന്ന്​ ഹമാസ്​ വ്യക്തമാക്കി. ശക്തമായ ആക്രമണത്തോടൊപ്പം കടുത്ത നിലപാടിനൊപ്പമുള്ള ചർച്ചയും തുടരുമെന്ന്​ നെതന്യാഹു പ്രതികരിച്ചു. അമേരിക്കൻ സമ്മർദത്തെ തുടർന്ന്​ റാഫ ആക്രമണം ഉപേക്ഷിക്കില്ലെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രിയും അറിയിച്ചു.

Eng­lish Sum­ma­ry: Two-month-old Pales­tin­ian boy dies of hunger amid Israel’s war on Gaza
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.