
ഡല്‍ഹി ബോംബ് സ്‌ഫോടനത്തില്‍ കൂടുതല്‍ പേര്‍ പിടിയിലായതായി റിപ്പോർട്ട്. ഉത്തര്‍ പ്രദേശ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരെ കസ്റ്റഡിലെടുത്തിരിക്കുന്നത്. യുപിയില്‍ രണ്ട് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. കാണ്‍പൂര്‍, ഹാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരാണ് പിടിയിലായതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുപി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) എന്‍ഐഎയും സംയുക്തമായി നടത്തിയ നീക്കത്തില്‍ കാണ്‍പൂരില്‍ നിന്ന് ഡോ. മുഹമ്മദ് ആരിഫ് (32) എന്നയാളെയാണ് പിടികൂടിയത്. സംസ്ഥാന സര്‍ക്കാരിന് കിഴിലുള്ള ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ (ജിഎസ്വിഎം) മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് ഡോക്ടറാണ് ഡോ. ആരിഫ്. ഹാപൂര്‍ ജില്ലയിലെ ജിഎസ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഫാറൂഖാണ് കസ്റ്റഡിയിലുള്ള രണ്ടാമന്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് യുപിയില്‍ നിന്നും അഞ്ച് ഡോക്ടര്‍മാരെയാണ് ഇതുവരെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തത്. ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. ഷഹീന്‍ സയീദ്, ഡോ. പര്‍വേസ് അന്‍സാരി, ഡോ. ഫാറൂഖ്, ഡോ. മുഹമ്മദ് ആരിഫ് എന്നിവരാണ് അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലുള്ളത്. അതിനിടെ, സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.