
ആലപ്പുഴ‑ചങ്ങനാശേരി റോഡില്‍ (എസി റോഡിൽ )ആറുകിലോ കഞ്ചാവുമായി ബൈക്കിൽ വന്ന രണ്ടുപേർ പിടിയിൽ. പുളിങ്കുന്ന് കായൽപുറം വയലാറ്റ് വീട്ടിൽ റിനോജ് തോമസ് (40), കിഴക്കേത്തറയിൽ വീട്ടിൽ മാർട്ടിൻ ഫ്രാൻസിസ് (36) എന്നിവരെയാണ് രാമങ്കരി പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ കിടങ്ങറ പാലത്തിനു സമീപത്തുനിന്നാണ് രണ്ടുപേരും പിടിയിലായത്. തെലങ്കാനയിലെ ഗ്രാമത്തിൽനിന്ന് 1,500 കിലോമീറ്റർ ബൈക്കോടിച്ചാണ് റിനോജ് തോമസ് എത്തിയത്. നാട്ടിലെത്തിയശേഷം പിന്നീട്, സുഹൃത്തായ മാർട്ടിനെ വിളിച്ചുവരുത്തി. ഇരുവരുംകൂടി കിടങ്ങറ പാലത്തിനു സമീപമെത്തിയപ്പോൾ ബൈക്ക് നിന്നുപോയി. ഈ സമയം എസ്ഐ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെ പരിശോധന നടത്തുന്നുണ്ടായിരുന്നു. പൊലീസിനെക്കണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ പ്രതികൾ വെപ്രാളപ്പെട്ടപ്പോൾ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവു കണ്ടെത്തിയത്. പ്രതികൾ മുൻപും കഞ്ചാവ് വിൽപ്പനയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് രാമങ്കരി ഇൻസ്പെക്ടർ വി ജയകുമാർ പറഞ്ഞു.
ഇരുവർക്കുമെതിരേ മുൻപ് പലതവണ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പിടിക്കപ്പെട്ടിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കാറിലും ട്രെയിനിലും വന്നാൽ പരിശോധനയിൽ കുടുങ്ങിയേക്കാമെന്നതിനാലാണ് റിനോജ് ബൈക്ക് തിരഞ്ഞെടുത്തത്. വിനോദസഞ്ചാരി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് എത്തിയതിനാൽ വഴിയിൽ കാര്യമായ പരിശോധനകൾ ഉണ്ടായില്ല. തെലങ്കാനയിൽ നഴ്സായി ജോലിചെയ്യുകയാണിയാൾ. തെലങ്കാന രജിസ്ട്രേഷനുള്ളതാണ് ബൈക്ക്. ഇത് ആരുടെ പേരിലുള്ളതാണെന്ന് അന്വേഷിച്ചുവരുന്നു. തെലങ്കാനയിൽനിന്നും ഒഡിഷയിൽനിന്നും കഞ്ചാവ് നാട്ടിൽ കൊണ്ടുവന്ന് വിൽപ്പന നടത്തി ആഡംബരജീവിതം നയിച്ചുവരുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുകയാണ് റിനോജ്. കുടുംബസമേതം ഹൈദരാബാദിൽ സ്ഥിരമായി താമസിക്കുകയാണ് ഇയാൾ. മാസത്തിൽ പലപ്രാവശ്യം അവധിക്ക് പുളിങ്കുന്നിലുള്ള വീട് സന്ദർശിക്കാൻ എന്ന വ്യാജേന നാട്ടിൽ വരുമ്പോഴാണ് കഞ്ചാവു കൊണ്ടുവരുക. കിലോയ്ക്ക് അയ്യായിരം രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് ഇവിടെ നാല്പതിനായിരം രൂപയ്ക്കാണ് വിറ്റിരുന്നത്. റിനോജ് ബൈക്കിൽ കൊണ്ടുവന്നിരുന്ന കഞ്ചാവ് മാർട്ടിനാണ് നാട്ടിൽ ഇടപാടുകാർക്കു നൽകിയിരുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.