
അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന രണ്ട് സ്കൂട്ടറുകൾ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരികളായ രണ്ട് യുവതികൾ മരിച്ചു. അപകടത്തില്‍പ്പെട്ട ഒരു സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പാലാ-തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം ഇന്നലെ രാവിലെ 9.20നാണ് അപകടം. മേലുകാവുമറ്റം നെല്ലൻകുഴിയിൽ ധന്യ സന്തോഷ് (38), പ്രവിത്താനം അല്ലാപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35) എന്നിവരാണ് മരിച്ചത്. ജോമോൾക്കൊപ്പം സഞ്ചരിച്ചിരുന്ന മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോളെ (11) ഗുരുതര പരിക്കുകളോടെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലായിൽ മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ ജോലിക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പാലായിൽ നിന്ന് കടനാട്ടിലെ സ്കൂളിലേക്ക് അധ്യാപക പരിശീലനത്തിന് പോവുകയായിരുന്ന രണ്ടാംവർഷ ബിഎഡ് വിദ്യാര്‍ത്ഥികളായ നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. സ്കൂട്ടറുകൾ ഇടിച്ച് തെറിപ്പിച്ച ശേഷം എതിർദിശയിലെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്. കാറിലുണ്ടായിരുന്നവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിൽ പാലാ പൊലീസ് കേസ് എടുത്തു. കാർ ഓടിച്ചിരുന്ന നെടുങ്കണ്ടം ചെറുവിള വീട്ടിൽ ചന്തൂസ് ത്രിജി (24)യെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പാലായിൽ വാൻ ഡ്രൈവറായ സുനിലാണ് ജോമോളുടെ ഭർത്താവ്. ഇവരുടെ ഏക മകളാണ് അന്നമോൾ. ജോമോൾ ഇളം തോട്ടം അമ്മയാനിക്കൽ കുടുംബാംഗമാണ്. ഇടമറുക് തട്ടാപറമ്പിൽ കുടുംബാംഗമാണ് ധന്യ. ഭർത്താവ്: എൻ കെ സന്തോഷ് മലേഷ്യയിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. രണ്ടാഴ്ച മുമ്പ് ജോലിസ്ഥലത്തേക്ക് പോയ സന്തോഷ് സംഭവം അറിഞ്ഞ് തിരികെ നാട്ടിൽ എത്തി. സംസ്കാരം ഇന്ന് 11.30 ഇടമറുകിലുള്ള തറവാട്ട് വീട്ടുവളപ്പിൽ നടക്കും. മക്കൾ: ശ്രീഹരി (പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി, മൂന്നിലവ് സെന്റ് പോൾസ് എച്ച്എസ്എസ്), ശ്രീനന്ദൻ (കുറുമണ്ണ് സെന്റ് ജോൺസ് സ്കൂൾ ആറാം ക്ലാസ് വിദ്യാര്‍ത്ഥി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.