തിരുവനന്തപുരത്ത് ഇന്ന് പുലര്‍ച്ചെ കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. ബിഹാർ സ്വദേശികളായ നാടോടി സംഘത്തിലെ അമർദീപ്– അമല (രബീണ ദേവി) ദമ്പതികളുടെ രണ്ടുവയസുള്ള മകൾ മേരിയെയാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. രാത്രി 7.30ഓടെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. റോഡരികില്‍ അച്ഛനും അമ്മയ്‌ക്കുമൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് പുലര്‍ച്ചെ 12നും ഒരു മണിക്കുമിടയില്‍ പെണ്‍കുഞ്ഞിനെ കാണാതായത്. രക്ഷിതാക്കള്‍ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഊര്‍ജിത അന്വേഷണത്തിനൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയെന്ന ആശ്വാസവാര്‍ത്ത എത്തിയത്.
ചാക്ക– ശംഖുമുഖം റോഡിൽ ബ്രഹ്മോസിനും ഓൾസെയിന്റ്‌സ് കോളജിനും ഇടയിലുള്ള ഒഴിഞ്ഞ പറമ്പിൽ താമസിക്കുന്ന നാടോടിസംഘത്തിലെ കുഞ്ഞിനെയാണ് കാണാതായത്. പുലർച്ചെ 12നും ഒന്നിനും ഇടയ്‌ക്ക് മഞ്ഞ സ്‌കൂട്ടറിലെത്തിയ ആരോ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി എന്നാണ് രക്ഷിതാക്കൾ നല്‍കിയ മൊഴി.
കുഞ്ഞിനെ കണ്ടെത്തുന്നതിനായി അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസിന്റെ ശക്തമായ അന്വേഷണം നടന്നത്. സിറ്റി പൊലീസ് കമ്മിഷണർ ചക്കിലം നാഗരാജുവിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
കുഞ്ഞിനെ കണ്ടെത്തിയ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നേരത്തെ പൊലീസ് എത്തി പരിശോധിച്ചിരുന്നു. കണ്ടെത്തുന്നതിന് അല്പസമയം മുമ്പ് ആരെങ്കിലും അവിടെ കുഞ്ഞിനെ എത്തിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് ഡിസിപി നിതിന്‍രാജ് പറഞ്ഞു. കുഞ്ഞിനെ എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങളിലാണ് പൊലീസ്.
English Summary:Two-year-old girl abducted from Thiruvananthapuram has been found
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.