19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 30, 2024
November 24, 2024
November 3, 2024
October 24, 2024
October 23, 2024
September 9, 2024
July 21, 2024
July 18, 2024
June 17, 2024

മയോട്ടയില്‍ ആഞ്ഞടിച്ച് ചിഡോ ചുഴലിക്കാറ്റ്: മരണം ആയിരം കടന്നേക്കാം

Janayugom Webdesk
പാരിസ്
December 16, 2024 10:43 pm

ഫ്രഞ്ച് ഭരണ പ്രദേശമായ മയോട്ടെ ദ്വീപസമൂഹത്തില്‍ ആഞ്ഞടിച്ച് ചിഡോ ചുഴലിക്കാറ്റ്. നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കാറ്റില്‍ പ്രദേശമാകെ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഔദ്യോഗിക മരണ സംഖ്യ 14 ആണെങ്കിലും നൂറുകണക്കിനോ ആയിരക്കണക്കിനോ ആയേക്കുമെന്നാണ് കണക്കുകൂട്ടല്‍. മഡഗാസ്കറിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിലാണ് മയോട്ടെ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഫ്രാൻസിന്റെ നിയന്ത്രണത്തിലാണ് ദ്വീപ്. 3,20,000 ആണ് ദ്വീപിലെ ജനസംഖ്യ. മണിക്കൂറിൽ 220 കിലോമീറ്റര്‍ വേഗത്തിലുള്ള അതിശക്തമായ കാറ്റാണ് ദ്വീപിനെ തകർത്തത്. 

കനത്ത മഴയും ഉണ്ടായി. കാറ്റിൽ വീടുകള്‍ തകർന്നു. വൈദ്യുതിത്തൂണുകൾ നിലംപതിച്ചതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. റോഡുകളും കെട്ടിടങ്ങളും ഉൾപ്പെടെ വിവിധ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വിമാനത്താവളമുള്‍പ്പെടെ തകര്‍ന്നതോടെ സൈനികവാഹനത്തില്‍ മാത്രമാണ് സഹായമെത്തിക്കാന്‍ കഴിയുക. 

രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇനിയും രക്ഷിക്കാനായിട്ടില്ല. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ യഥാര്‍ത്ഥ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെന്ന് മയോട്ടെ അഡ്മിനിസ്ട്രേറ്റർ ഫ്രാൻസ്വാ സേവ്യർ പറഞ്ഞു. ചിലപ്പോള്‍ നൂറുകണക്കിനോ ആയിരക്കണക്കിനോ ആയേക്കാമെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം കണക്കാക്കുന്നതിന് നിരവധി ദിവസങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

മയോട്ടെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. മരിച്ചവരെ 24 മണിക്കൂറിനുള്ളിൽ സംസ്കരിക്കുന്നതാണ് ഇവിടുത്തെ രീതി. അതിനാൽ, മരണസംഖ്യയുടെ യഥാർത്ഥ ചിത്രം ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിന്റെ ഭരണത്തിൻ കീഴിൽ മഡഗാസ്കറിനും വടക്കുകിഴക്കൻ മൊസാംബിക്കിനും ഇടയിൽ തെക്കുകിഴക്കൻ ആഫ്രിക്കയുടെ തീരത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ മൊസാംബിക് ചാനലിന്റെ വടക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് മയോട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.