
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ വീഴ്ത്തി പാകിസ്ഥാൻ ജേതാക്കള്‍. ആവേശകരമായ ഫൈനലിൽ 191 റൺസിന്റെ വമ്പൻ വിജയമാണ് പാക് കൗമാരപ്പട സ്വന്തമാക്കിയത്. പാകിസ്ഥാൻ ഉയർത്തിയ 348 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26.2 ഓവറിൽ 156 റൺസിന് എല്ലാവരും പുറത്തായി. ഇത് രണ്ടാം തവണയാണ് പാകിസ്ഥാൻ കിരീടം നേടുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്തു. ഓപ്പണർ സമീർ മിൻഹാസിന്റെ അവിശ്വസനീയമായ പ്രകടനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. വെറും 113 പന്തിൽ നിന്ന് 172 റൺസാണ് മിൻഹാസ് അടിച്ചുകൂട്ടിയത്. ഒൻപത് സിക്സറുകളും 17 ഫോറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടിരുന്നു. അണ്ടർ 19 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും താരം സ്വന്തമാക്കി. അഹമ്മദ് ഹുസൈൻ 56 റൺസും ഉസ്മാൻ ഖാൻ 35 റൺസും നേടി മികച്ച പിന്തുണ നൽകി. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. ഓപ്പണർ വൈഭവ് സൂര്യവംശി 10 പന്തിൽ 26 റൺസെടുത്ത് പുറത്തായി. മലയാളി താരം ആരോൺ ജോർജ് 16 റൺസ് നേടിയെങ്കിലും അധികനേരം ക്രീസിൽ നിൽക്കാനായില്ല. പാക് പേസർ അലി റാസയുടെയും മുഹമ്മദ് സയ്യാമിന്റെയും മാരക ബൗളിങ്ങിന് മുന്നിൽ ഇന്ത്യൻ മുൻനിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഒരു ഘട്ടത്തിൽ 120 റൺസിന് 9 വിക്കറ്റ് എന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. അവസാന വിക്കറ്റിൽ ദീപേഷ് ദേവേന്ദ്രൻ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്. 16 പന്തിൽ നിന്ന് 36 റൺസാണ് ദീപേഷ് നേടിയത്. പാകിസ്ഥാന് വേണ്ടി അലി റാസ നാല് വിക്കറ്റുകൾ വീഴ്ത്തി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഓപ്പണർ സമീർ മിൻഹാസാണ് മത്സരത്തിലെ താരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.