19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024

യുഎപിഎ കേന്ദ്രം ഉപയോഗിച്ചത് യുവാക്കളെ തടവിലിടാൻ

Janayugom Webdesk
ന്യൂഡൽഹി
August 4, 2022 9:49 pm

മോഡി സർക്കാർ യുഎപിഎ കരിനിയമം ഉപയോഗിച്ചത് ശബ്ദിക്കുന്ന യുവാക്കളെ തടവിലിടാൻ. 2018 നും 2020 നും ഇടയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയല്‍) നിയമ പ്രകാരം അറസ്റ്റിലായ 4,690 പേരിൽ 53 ശതമാനവും 18 നും 30 നും ഇടയിൽ പ്രായമുള്ളവർ. 13 പേർ 18 വയസിൽ താഴെയുള്ളവരായിരുന്നു. സിപിഐ അംഗം പി സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ നല്കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. 

ഭീകരവിരുദ്ധ നിയമമനുസരിച്ച് അറസ്റ്റിലായ 10 പേർ 60 വയസിന് മുകളിലുള്ളവരായിരുന്നു. 2,488 പേർ (53 ശതമാനം) 18നും 30നും ഇടയിലും 1,850 (39ശതമാനം) 30–45 പ്രായത്തിലും 329 പേർ 45–60 പ്രായമുള്ളവരുമാണ്. ഇക്കാലയളവിൽ 149 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകൾ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. അറസ്റ്റിലായവരുടെ എണ്ണം 2020 ൽ 32 ശതമാനം കുറഞ്ഞു. 1,321 അറസ്റ്റുകളാണ് നടന്നത്. 2019 ൽ ഇത് 1,948 ആയിരുന്നു. അതേസമയം ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 2019 ൽ 34 ആയിരുന്നത് 2020 ൽ 80 ആയി ഉയർന്നു. ഉത്തർപ്രദേശിൽ 361 ഉം ജമ്മു കശ്മീരിൽ 346 ഉം മണിപ്പുരിൽ 225 ഉം അറസ്റ്റുകളാണുണ്ടായത്. 

യുഎപിഎ പ്രകാരം 2016–20 കാലയളവിൽ അറസ്റ്റിലായ 24,134 പേരിൽ 212 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അറസ്റ്റിലായവരിൽ 97.5 ശതമാനവും ജാമ്യം കിട്ടാതെ വർഷങ്ങളോളം വിചാരണയ്ക്കായി കാത്തിരിക്കുകയാണ്. 2016 ൽ 3,047 വിചാരണത്തടവുകാരാണുണ്ടായിരുന്നത്. 2018 മുതല്‍ 20 വരെ യഥാക്രമം 4,862, 5,645, 6,482 എന്നിങ്ങനെ ഉയർന്നു. ഇതിനിടയിൽ കുറ്റവിമുക്തരായത് 386 പേർ മാത്രമാണ്. 

1967ൽ യുഎപിഎ നിയമം നിലവിൽ വന്നെങ്കിലും 2008 ലും 12ലും കോൺഗ്രസ് സർക്കാരുകളും പിന്നീട് നരേന്ദ്ര മോഡി സർക്കാരും വരുത്തിയ ഭേദഗതികൾക്ക് ശേഷമാണ് ഇത് നടപ്പാക്കിയത്. 2019ൽ മോഡി സർക്കാർ വരുത്തിയ നിയഭേദഗതികൾ സംഘടനകളോടൊപ്പം വ്യക്തികളെയും തീവ്രവാദികളായി പ്രഖ്യാപിക്കാൻ അനുവദിച്ചു. പ്രതിക്കെതിരെയുള്ള ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കോടതിക്ക് തോന്നിയാൽ ജാമ്യം ലഭിക്കില്ല. അതിനാൽ അറസ്റ്റിലാകുന്നവർ വളരെക്കാലം വിചാരണ തടവുകാരായി ജയിലുകളിൽ കഴിയേണ്ടി വരുന്നു. 

Eng­lish Summary:UAPA used the cen­ter to incar­cer­ate youths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.