22 January 2026, Thursday

Related news

January 21, 2026
January 5, 2026
December 19, 2025
December 5, 2025
October 21, 2025
October 21, 2025
October 8, 2025
September 10, 2025
September 10, 2025
September 9, 2025

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് : പൊലീസുകാരായ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

Janayugom Webdesk
കൊച്ചി
August 27, 2025 12:34 pm

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാരായ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുഴുവന്‍പ്രതികളെയും കുറ്റവിമുക്തരാക്കിയത്.
കേസില്‍ ഒന്നാംപ്രതിയുടെ വധശിക്ഷയും റദ്ദാക്കി. സിബിഐ കോടതി വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2005 സെപ്റ്റംബര്‍ 27‑ന് രാത്രിയാണ് തിരുവനന്തപുരം കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍(28) മരിച്ചത്. 

ക്രൂരമര്‍ദനത്തിനൊടുവില്‍ തുടയിലെ രക്തധമനികള്‍ പൊട്ടിയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍നിന്ന് മോഷണക്കേസ് പ്രതിയോടൊപ്പമാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി ഉദയകുമാറിനെ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2008 ഓഗസ്റ്റിലാണ് സിബിഐ ഏറ്റെടുത്തത്. പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. 

തുടര്‍ന്ന് പൊലീസുകാരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും 2018 ജൂലായ് 25‑ന് പ്രതികളെ ശിക്ഷിക്കുകയുമായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ കെ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. ഇരുവര്‍ക്കും രണ്ടുലക്ഷം രൂപ വീതം പിഴയും ചുമത്തിയിരുന്നു. ഈ തുക ഉദയകുമാറിന്റെ അമ്മയ്ക്ക് നല്‍കാനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ നാസര്‍ ഉത്തരവിട്ടിരുന്നു. ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ ജിതകുമാര്‍, എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായാണ് കോടതി ഉത്തരവിലുണ്ടായിരുന്നത്. അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാംപ്രതി ശ്രീകുമാര്‍ പിന്നീട് മരിച്ചു. 

കേസിലെ അഞ്ചു മുതല്‍ ഏഴു വരെ പ്രതികളായ ഡിവൈഎസ്പി അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ കെ.സാബു, ടി കെ ഹരിദാസ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കൃത്രിമരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞിരുന്നു. കൊലപാതകം നടക്കുമ്പോള്‍ അജിത്കുമാര്‍ ഫോര്‍ട്ട് സ്റ്റേഷനിലെ എസ്‌ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ് കമ്മിഷണറും. മൂന്നാംപ്രതി എഎസ്ഐ കെ വി സോമനെയും കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയിരുന്നെങ്കിലും വിചാരണയ്ക്കിടെ ഇദ്ദേഹം മരിച്ചിരുന്ന. നാലാം പ്രതി വി പി മോഹനനെ കോടതി നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.