5 January 2026, Monday

Related news

January 4, 2026
January 4, 2026
January 4, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 2, 2026
December 31, 2025
December 29, 2025

തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പിലും യുഡിഎഫ് — ബിജെപി സഖ്യം; എല്‍ഡിഎഫിനെതിരെ വര്‍ഗീയശക്തികള്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം/ തൃശൂർ
December 27, 2025 10:18 pm

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ പരസ്യമായ യുഡിഎഫ് — ബിജെപി ഒത്തുകളി. വര്‍ഗീയ ശക്തികളുമായി ചേര്‍ന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പലയിടത്തും വിജയിച്ചതെന്ന ആരോപണങ്ങള്‍ക്ക് ഇന്നലെ നടന്ന കൂട്ടുകച്ചവടങ്ങള്‍ തെളിവായി. കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്തുകളിലുള്‍പ്പെടെ ഇതോടെ ബിജെപി ഭരണം പിടിച്ചു. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് ബിജെപിക്ക് ഭരണം മറിച്ചുനല്‍കുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി വിജയിച്ച എട്ട് അംഗങ്ങള്‍ രാജിവച്ച് ബിജെപിയുമായി ചേര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. രണ്ട് യുഡിഎഫ് വിമതരും ബിജെപിയുടെ നാല് പേരും വോട്ട് ചെയ്തതോടെ, കൂടുതല്‍ സീറ്റ് ലഭിച്ച എല്‍ഡിഎഫിനെ അട്ടിമറിച്ച് ബിജെപി ഭരണം പിടിച്ചെടുത്തു. കോട്ടയം കുമരകത്ത് യുഡിഎഫ് ഭരണം പിടിച്ചത് ബിജെപിയുടെ പിന്തുണയിലാണ്. എല്‍ഡിഎഫിനെ പുറത്താക്കാന്‍ യുഡിഎഫ് സ്വതന്ത്രനെയാണ് യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്. എല്‍ഡിഎഫിന് എട്ട് സീറ്റുകളും കോണ്‍ഗ്രസിന് നാലും ബിജെപിക്ക് മൂന്നുമായിരുന്നു സീറ്റുകള്‍. ബിജെപി അംഗത്തിന്റെ വോട്ട് കൂടി കിട്ടിയതോടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ വോട്ടുകളായി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് സ്വതന്ത്രന്‍ എ പി ഗോപി പ്രസിഡന്റായത്.

യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവാക്കിയാണ് തൃശൂര്‍ പാറളം പഞ്ചായത്തില്‍ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നല്‍കിയത്. യുഡിഎഫിനും ബിജെപിക്കും ആറ് വീതവും എല്‍ഡിഎഫിന് അഞ്ചും സീറ്റായിരുന്നു ലഭിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അനിത പ്രസന്നന്‍ വിജയിച്ചു. ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ എസ്ഡിപിഐയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നേടിയത്. ഹരിപ്പാട് വീയപുരത്ത് എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കാതിരിക്കാന്‍ യുഡിഎഫും ബിജെപിയും വിട്ടുനിന്നതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നില്ല. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതക്ക് സംവരണം ചെയ്ത പഞ്ചായത്താണ് വീയപുരം. എല്‍ഡിഎഫിന്റെ പി ഓമന പ്രസിഡന്റാകാതിരിക്കാനാണ് യുഡിഎഫ് — ബിജെപി ഒത്തുകളി.

തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തില്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ മാറ്റിനിര്‍ത്താന്‍ യുഡിഎഫിനെ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കിയതോടെ യുഡിഎഫ് വിജയിച്ചു. എന്നാല്‍ എസ്ഡിപിഐയുടെ പിന്തുണ വാര്‍ത്തയായതോടെ, ഇരുവരും രാജിവച്ചു. എസ്ഡിപിഐ പിന്തുണ വേണ്ടെന്നാണ് യുഡിഎഫിന്റെ വാദം. എന്നാല്‍ നേരത്തെയും യുഡിഎഫ് പഞ്ചായത്തില്‍ ഭരണം നടത്തിയത് എസ്ഡിപിഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പിന്തുണയിലാണെന്നും ഇപ്പോള്‍ മാത്രം എന്താണ് പ്രശ്നമെന്നുമാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.

മറ്റത്തൂരിലും വോട്ട് വില്പന

അധികാരം നേടാനും നിലനിര്‍ത്താനും ഏതു വര്‍ഗീയ കൂട്ടുകെട്ടും പണവും ഉപയോഗിക്കുമെന്നുള്ള പഴയ കോ-ലി-ബി തന്ത്രം കൂടുതല്‍ ശക്തമായി പരീക്ഷിച്ച് തൃശൂരിലെ കോണ്‍ഗ്രസ്. ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്ന മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ഇതിന് ഉദാഹരണമാകുന്നു.
മറ്റത്തൂരില്‍ പണം വാങ്ങിയും ജില്ലാ നേതാക്കളുടെ ഇഷ്ടക്കാരെയും സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു തവണ ഡിസിസി ഓഫിസില്‍ പ്രദേശിക നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധം നടത്തിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി പ്രസിഡന്റിന് പാർട്ടി വിടുന്നുവെന്ന് കാണിച്ച് രാജിക്കത്ത് നൽകിയെന്നാണ് അംഗങ്ങള്‍ പറയുന്നത്. എന്നാല്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് നീക്കങ്ങളെന്നും പറയപ്പെടുന്നു. ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രദേശത്തെ ഡിസിസി ജനറല്‍ സെക്രട്ടറി ചന്ദ്രനെയും മണ്ഡലം പ്രസിഡന്റ് ഷാഫിയെയും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്ന് പ്രചരിപ്പിച്ചാണ് നേതൃത്വത്തിന്റെ കെെകഴുകല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലും വലിയ തോതില്‍ വോട്ട് ചോര്‍ച്ച നടന്നിരുന്നുവെന്ന് കോണ്‍ഗ്രസിനകത്ത് വിലയിരുത്തല്‍ ഉണ്ടായിരുന്നു. ചില ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍, ബിജെപിയുടെ തൊഴുത്തിലേക്ക് പ്രവര്‍ത്തകരെ ആട്ടി തെളിയ്ക്കുകയാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. തൃശൂര്‍ മേയര്‍ സ്ഥാനത്തിനായി പണപ്പെട്ടിയുമായി ഉന്നത നേതാക്കളെ കണ്ടെന്ന് 15 വര്‍ഷമായി കൗണ്‍സിലര്‍ ആയ വനിതാ കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.