18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
April 1, 2025

തുടര്‍ഭരണപ്പേടിയില്‍ യുഡിഎഫ്; എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി പിന്തുണ ഉറപ്പാക്കണമെന്ന് മുസ്ലിം ലീഗ്

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
April 1, 2025 10:34 pm

ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും കേരള സര്‍ക്കാരിനും ലഭിക്കുന്ന വര്‍ധിച്ച ജനപിന്തുണ തുടര്‍ഭരണം ഉറപ്പാക്കുന്നുവെന്ന വിലയിരുത്തലില്‍ ആഎസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി ശങ്കയിലായി യുഡിഎഫ് നേതൃത്വം. നിയമസഭാ സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കി മണ്ഡലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഘടകകക്ഷികള്‍ എഐസിസി നേതൃത്വത്തെ സമീപിച്ചു. വരുന്ന തദ്ദേശ‑നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് നല്ല വിജയം കൈവരിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത അവഗണനകള്‍ക്കിടയിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തുവന്നതും യുഡിഎഫിനെ അസ്വസ്ഥമാരാക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം സാധ്യമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് എഐസിസി പ്രവര്‍ത്തകസമിതി അംഗം ശശി തരൂരും വെളിപ്പെടുത്തിയതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ ഗ്രൂപ്പിനതീതമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ശക്തമായ പ്രതിപക്ഷമാവാന്‍ കഴിയുന്നില്ലെന്ന് ദേശീയ നേതൃത്വത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പുവഴക്കും സ്ഥാനമോഹവുമാണ് വിനയാകുന്നതെന്നും എഐസിസി നേതൃത്വം കുറ്റപ്പെടുത്തുന്നു. കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍പ്പോലും തീരുമാനമെടുക്കാനാവത്തത്ര വിഭാഗീയത രൂക്ഷമായതിനിടെയാണ് ഘടകകക്ഷികളും സീറ്റുവിഭജനക്കാര്യത്തില്‍ സമ്മര്‍ദ്ദവുമായി രംഗത്തെത്തിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകള്‍ അധികം വേണമെന്നാണ് മുസ്ലിംലീഗ് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. യുഡിഎഫിന് ലീഗില്ലാതെ നിലനില്പില്ലെന്നും അധികസീറ്റ് കിട്ടിയേ തീരൂവെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുമായി നടത്തിയ ചര്‍ച്ചയില്‍ ലീഗ് നേതാക്കൾ വ്യക്തമാക്കിയത്. വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് നാമാവശേഷമായപ്പോൾ പിടിച്ചുനിന്നത് ലീഗ് മാത്രമാണ്. ഈ സാഹചര്യത്തില്‍ ലീഗിന്റെ ആവശ്യം പരിഗണിച്ചേ മതിയാവൂ. 

എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി സംഘടനകളുടെ പിന്തുണ കരുത്തായിട്ടുണ്ടെന്നും അവരുടെ പിന്തുണ തുടര്‍ന്നും ഉറപ്പാക്കണമെന്നും ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊയിലാണ്ടി, കണ്ണൂർ, പട്ടാമ്പി, നാദാപുരം തുടങ്ങിയ മണ്ഡലങ്ങളാണ് ലീഗ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച 25 സീറ്റുകളില്‍ 15 ഇടത്തും വിജയിക്കാനായത് ലീഗിന്റെ കരുത്ത് തെളിയിക്കുന്നതാണെന്നും ലീഗില്ലാതെ വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ഉറപ്പിക്കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിലെ 11 പാർട്ടികളില്‍ ആറ് പാര്‍ട്ടികള്‍ക്ക് മാത്രമാണ് നിയമസഭയിൽ പ്രാതിനിധ്യമുള്ളത്. ഭരണം ലഭിക്കുന്നപക്ഷം ഉപമുഖ്യന്ത്രിപദം ഉറപ്പാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ചും നേരത്തെ ധാരണ വേണമെന്നും ലീഗ് ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് ജോസഫ്, ജേക്കബ് ഗ്രൂപ്പുകളും ആർഎസ്‌പിയും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടു. സീറ്റ് വിഭജനം നേരത്തെയാക്കി മണ്ഡലങ്ങള്‍ വിഭജിച്ചുതന്നാല്‍ സ്ഥാനാര്‍ത്ഥികളെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിപ്പിക്കാമെന്നും അതിലൂടെ വിജയം കൈവരിക്കാമെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ അനൈക്യവും മുഖ്യമന്ത്രിപദ മോഹവുമായി രംഗത്തുള്ള അരഡസനിലേറെ നേതാക്കളെ എങ്ങനെ ഒരുമിപ്പിച്ചുകൊണ്ടുപോകുമെന്ന കാര്യത്തിലെ അവ്യക്തതയും എഐസിസി നേതൃത്വത്തെ വലയ്ക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.