
എൽഡിഎഫിനെതിരെ ആയുധമാക്കാമെന്ന് കരുതിയ പി വി അൻവർ തിരിഞ്ഞുകുത്തുന്ന അവസ്ഥയിലേക്കെത്തിയതോടെ പ്രതിരോധിക്കാനാകാതെ യുഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ് സർക്കാരിനെയും ദുരാരോപണങ്ങളിലൂടെ ചെളിവാരിയെറിയുന്ന അൻവറിന് കയ്യടിച്ച് പ്രോത്സാഹിപ്പിച്ച പ്രതിപക്ഷ നേതാവും കൂട്ടാളികളും അൻവറിനു മുന്നിൽ പതറുന്ന കാഴ്ചയാണ് ഇപ്പോള്‍. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച അൻവർ കോൺഗ്രസ് ഗ്രൂപ്പ് യുദ്ധത്തിന് പുതിയ പോർമുഖം തുറന്ന് നൽകിയിരിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജിനെതിരെ കാര്യമായ ഒരു വിമർശനവും അൻവറിന് ഉയർത്താനായിട്ടില്ല. അതേസമയം ഷൗക്കത്തിനെ വലിച്ചുകീറുന്ന തരത്തിൽ കടുത്ത ആക്രമണമാണ് തുടങ്ങിവച്ചിരിക്കുന്നത്.
പിതാവ് ആര്യാടൻ മുഹമ്മദിന്റെ പാത പിൻപറ്റി നിലമ്പൂർ മണ്ഡലം കൈപ്പിടിയിലൊതുക്കാൻ കരുനീക്കങ്ങൾ നടത്തിയ ഷൗക്കത്ത് കാലങ്ങളായി നടത്തിപ്പോന്ന ഗ്രൂപ്പ് നോക്കിയുള്ള ഒതുക്കലിന്റെയും വെട്ടലിന്റെയും ഇരകളായവരുടെ മനസിൽ ഇതാണ് അവസരം എന്ന തോന്നലുണ്ടാക്കുന്ന തരത്തിലാണ് അൻവറിന്റെ വെളിപ്പെടുത്തലുകൾ. മുൻ ഡിസിസി പ്രസിഡന്റും കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന വി വി പ്രകാശിന്റെ അകാലമരണത്തിനുപോലും ഷൗക്കത്തുമായുള്ള ഗ്രൂപ്പ് പോരിന്റെ സമ്മർദങ്ങളാണെന്ന് പ്രചരിപ്പിക്കാൻ അൻവർ ശ്രമിക്കുന്നു. വി വി പ്രകാശിന്റെ മരണത്തെ തുടർന്ന് ഷൗക്കത്തുമായി അകൽച്ചയിൽ കഴിയുന്ന അദ്ദേഹത്തിന്റെ കുടുംബത്തെ അന്‍വര്‍ സന്ദര്‍ശിക്കുകയും ചെയ്തു.
വി വി പ്രകാശിനെ തോൽപ്പിക്കാൻ ആര്യാടൻ ഷൗക്കത്ത് ശക്തമായ നീക്കങ്ങൾ നടത്തിയിരുന്നു എന്നത് പരസ്യമാണ്. സ്വന്തം തട്ടകത്തിൽ മറ്റൊരു നേതാവ് വളർന്നു വരരുതെന്ന നിർബന്ധബുദ്ധി ആര്യാടൻ മുഹമ്മദും മകൻ ഷൗക്കത്തും വച്ചുപുലർത്തിയിരുന്നതിന്റെ തിക്തഫലങ്ങൾ അനുഭവിച്ച കോൺഗ്രസ് നേതാക്കളിൽ പ്രധാനി കൂടിയാണ് വി വി പ്രകാശ്. അതുകൊണ്ടുതന്നെ അകാലത്തിൽ പൊലിഞ്ഞ വി വി പ്രകാശിന്റെ ഓർമ്മകൾ ഈ തെരഞ്ഞെടുപ്പിൽ ഷൗക്കത്തിന് വലിയ ആഘാതമേൽപ്പിക്കുമെന്ന് മുന്നിൽ കണ്ടാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരുടെ പിന്തുണ ഉറപ്പാക്കാൻ അൻവർ ഇത് മുഖ്യപ്രചാരണവിഷയമാക്കുന്നത്.
ആര്യാടൻ ഷൗക്കത്തിനെതിരായ ആരോപണങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയപാരമ്പര്യവും ഉപതെരഞ്ഞെടുപ്പിൽ നിർണായകമാകാനിടയുണ്ട്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് ഷൗക്കത്തിനെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്.
2016ൽ യുഡിഎഫ് നേതൃത്വം നിലമ്പൂർ സീറ്റ് വി വി പ്രകാശിന് നൽകാൻ ആഗ്രഹിച്ചിരുന്നെങ്കിലും ആര്യാടൻ മുഹമ്മദ് വഴങ്ങാതെ വന്നതോടെയാണ് മകൻ ഷൗക്കത്തിന് ലഭിച്ചത്. വൻ മാർജിനിലായിരുന്നു പി വി അൻവറിന് മുന്നിൽ ഷൗക്കത്തിന്റെ തോൽവി. ആര്യാടൻ ഷൗക്കത്തിന്റെ പരാജയ മാർജിന്‍ അഞ്ചിലൊന്നായി കുറയ്ക്കാൻ 2021ല്‍ പ്രകാശിന് സാധിച്ചു. ആര്യാടൻ കുടുംബത്തിന്റെ മേൽക്കോയ്മ അംഗീകരിക്കാത്ത അൻവർ മലപ്പുറം ഡിസിസി പ്രസിഡന്റ വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷ നേതാവായ വി ഡി സതീശൻ തയ്യാറാകാതെ വന്നതോടെ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി. അതോടെ കോൺഗ്രസ് വോട്ട് ഭിന്നിപ്പിക്കുക എന്ന തന്ത്രവുമായി അവസാനനിമിഷം സ്വന്തം നിലയിൽ സ്ഥാനാർത്ഥിയാവുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.