
തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും ആലപ്പുഴ നഗരസഭയിൽ സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കാനാകാതെ കോൺഗ്രസ് . തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതുമുതൽ തുടങ്ങിയ ചേരിപ്പോരിന് പോളിങ് ബൂത്തിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ശമനമില്ല. നേതാക്കളുടെ രാജിയും പുറത്താക്കലും വിമതശല്യവും അവസാന ലാപ്പിലും യുഡിഎഫിന്റെ ഉറക്കം കെടുത്തുകയാണ്.
ആലപ്പുഴയിൽ ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള സ്ഥാനാര്‍ത്ഥികളെ ഒരേ വേദിയിൽ അവതരിപ്പിക്കാൻ പോലും ഇത്തവണ യുഡിഎഫിന് സാധിച്ചില്ല.
ആദ്യം 20 യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ടുള്ള ലിസ്റ്റാണ് പുറത്തുവിട്ടതെങ്കിലും തൊട്ടടുത്ത ദിവസം നവമാധ്യമങ്ങളിലൂടെ ലീഗ് ആറ് സീറ്റുകളിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഏറെ ദിവസങ്ങളായുള്ള രാപകൽ നീണ്ട ചർച്ചയ്ക്ക് ശേഷമായിരുന്നു ബാക്കിയുള്ള സീറ്റുകളിൽ മുന്നണികളുമായി ധാരണയാകാതെ നാമനിര്‍ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം പ്രഖ്യാപനം പോലുമില്ലാതെ സ്ഥാനാര്‍ത്ഥികൾ പത്രിക നൽകിയത്. ഇത് ഔദ്യോഗികമായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആയിരുന്നില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകർ പോലും പറയുന്നത്.
കോൺഗ്രസിന് ആലപ്പുഴ നഗരസഭയിൽ ആറ് സ്ഥലങ്ങളിലാണ് വിമത ഭീഷണി നിലനിൽക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്റ് എ എ ഷുക്കൂറിന്റെ സിവ്യൂ വാർഡിൽ പോലും കോൺഗ്രസിന് റിബലുണ്ട്. സിവിൽ സ്റ്റേഷൻ വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയുടെ അനുജൻ വിമതനായി മത്സരിക്കുന്നു. പുന്നമട വാർഡിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ വാർഡ് പ്രസിഡന്റ് മത്സരിക്കുന്നു. തുമ്പോളി വാർഡിൽ മുൻ കോൺഗ്രസ് കൗൺസിലർ നിശാന്താണ് റിബലായി രംഗത്തുള്ളത്.
കളപ്പുര വാർഡിൽ ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചാണ് വിമതനായി മത്സരിക്കുന്നത്. കളർകോട് വാർഡിൽ യുഡിഎഫിൽ ആർഎസ്‌പിക്ക് അനുവദിച്ച സീറ്റിൽ കോൺഗ്രസും മത്സരിക്കുന്നുണ്ട്. കോൺഗ്രസ് ആലപ്പുഴ നഗരസഭയിൽ 44 വാർഡുകളിലാണ് മത്സരിക്കുന്നത്. കോൺഗ്രസ് വിമത സ്ഥാനാര്‍ത്ഥികളും ഘടകകക്ഷികൾ തമ്മിലുള്ള മത്സരവും യുഡിഎഫിന്റെ പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.