28 March 2025, Friday
KSFE Galaxy Chits Banner 2

Related news

February 26, 2025
February 20, 2025
January 14, 2025
January 13, 2025
January 9, 2025
January 8, 2025
January 7, 2025
October 9, 2024
March 29, 2024
January 28, 2024

യുജിസിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു: മുഖ്യമന്ത്രി

Janayugom Webdesk
കൊച്ചി
January 14, 2025 12:36 pm

യുജിസി ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യുജിസിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി സർവകലാശാലയിൽ തുടങ്ങിയ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ രൂപീകരിച്ച നിയമങ്ങൾക്കനുസൃതമായാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. എന്നാൽ യുജിസിയുടെ നിയന്ത്രണങ്ങൾ ഈ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാരും യുജിസിയും ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർവകലാശാലകളുടെ സ്വയംഭരണത്തെയും സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെയും മാനിക്കുകയും വേണം. അധ്യാപക നിയമനങ്ങൾക്കോ സമാനമായ കാര്യങ്ങൾക്കോ മിനിമം യോഗ്യതകൾ സ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാരിന്‌ എതിർപ്പില്ല, അത്തരം നിയന്ത്രണങ്ങൾ പൂർണമായും പാലിക്കുന്നു. യുജിസി ഈ രീതിയിൽ അതിന്റെ അതിരുകൾ ലംഘിക്കുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കി വച്ചിരിക്കുന്ന ഫണ്ടുകളെ ബാധിക്കാത്ത വിധമാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി അഫിലിയേറ്റ് ചെയ്ത പത്ത് സർവകലാശാലകൾക്ക് 1,830 കോടി രൂപ ലഭ്യമാക്കുകയും ചെയ്തു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഏകദേശം 3,000 കോടി രൂപയും അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴിയുള്ള ഫണ്ടും നൽകി വരുന്നു. എന്നാലും, കേന്ദ്ര സർക്കാരും യുജിസിയും സംസ്ഥാന സർക്കാരിന് കീഴിലുള്ള ഈ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു സമീപനം സ്വീകരിക്കുന്നത് ആശങ്കാജനകവും നിരാശാജനകവുമാണ്. സംസ്ഥാന സർവകലാശാലകളുടെ സ്വയംഭരണത്തിന് ഭീഷണിയാകുന്ന ഏറ്റവും പുതിയ യുജിസി നിയന്ത്രണങ്ങളാണ് ഇതിന് ഒരു പ്രധാന ഉദാഹരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയായി. പ്രൊഫ. വി കെ രാമചന്ദ്രൻ, ഡോ. ഇഷിതാ റോയ് എന്നിവർ പ്രത്യേക പ്രഭാഷണം നടത്തി. ബോസ്റ്റൺ കോളജ് പ്രൊഫസർ ഫിലിപ്പ് ജി അൽബാഷ്, ഡോ. സഞ്ജയ് ബഹറി, ഡോ. നീന അർനോൾഡ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നോബേൽ ജേതാവ് പ്രൊഫ. ആദ യോനാഥ്, പ്രൊഫ. രാജൻ ഗുരുക്കൾ, ഡോ. രാജൻ വറുഗീസ്, പ്രൊഫ. എം ജുനൈദ് ബുഷിറി, പ്രൊഫ. പി ജി ശങ്കരൻ, വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ, പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു. 

TOP NEWS

March 28, 2025
March 28, 2025
March 28, 2025
March 27, 2025
March 27, 2025
March 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.