8 July 2024, Monday
KSFE Galaxy Chits

Related news

July 5, 2024
July 5, 2024
July 5, 2024
July 5, 2024
July 2, 2023
June 29, 2023
March 8, 2023
January 21, 2023
January 9, 2023
November 3, 2022

യുകെ പൊതു തെരഞ്ഞെടുപ്പ്; തോല്‍വി സമ്മതിച്ച് ഋഷി സുനക്

Janayugom Webdesk
ന്യൂഡല്‍ഹി
July 5, 2024 12:21 pm

യുകെ പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പിനിടെ തോല്‍വി സമ്മതിച്ച് കണ്‍സര്‍വേററീവ് പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക്. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു ‍‍ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 330‑ലേറെ സീറ്റുകളില്‍ വിജയിച്ച് ലേബര്‍ പാര്‍ട്ടി കേവലഭൂരിപക്ഷം കടന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 61 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്.

ജനങ്ങള്‍ മാറ്റത്തിനായി വോട്ടുചെയ്‌തെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നയാളാണ് കെയ്മര്‍. ‘ഇന്നത്തെ രാത്രി ജനങ്ങള്‍ സംസാരിച്ചു. അവര്‍ മാറ്റത്തിന് സജ്ജരാണ്. മാറ്റം ഇവിടെ തുടങ്ങുകയാണ്.’ ‑കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാജയം എക്‌സിറ്റ് പോളുകള്‍ നേരത്തേ കൃത്യമായി പ്രവചിച്ചിരുന്നു. 

വന്‍ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. ലേബര്‍ പാര്‍ട്ടി ഭരണത്തിലേറുന്നതോടെ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിനാണ് അന്ത്യമാകുന്നത്. കണ്‍സര്‍വേറ്റീവുകളുടെ ഭരണകാലത്ത് സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് ബ്രിട്ടനെ കരകയറ്റുന്നതിനുപകരം സമ്പദ്‌വ്യവ ഞെരുങ്ങുകയാണുണ്ടായത്. പണപ്പെരുപ്പം ഉയര്‍ന്ന നിലയിലെത്തി. കുടിയേറ്റം, വിലക്കയറ്റം, ബ്രെക്സിറ്റ് എന്നിവ കണ്‍സര്‍വേറ്റീവുകള്‍ക്കെതിരേ ലേബര്‍ തിരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കി. രണ്ടാഴ്ചമുന്‍പുയര്‍ന്ന തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട വാതുവെപ്പുവിവാദവും കണ്‍സര്‍വേറ്റീവുകളെ ഉലച്ചു.

650 അംഗ പാര്‍ലമെന്റില്‍ 326 ആണ് സര്‍ക്കാരുണ്ടാക്കാന്‍വേണ്ട കേവലഭൂരിപക്ഷം. ടോറികളെ അഞ്ചുവര്‍ഷംകൂടി താങ്ങാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ബ്രിട്ടന്‍ പുതിയ അധ്യായം കുറിക്കുമെന്നും കാംഡെനില്‍ വോട്ടുചെയ്തശേഷം നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ നികുതിഭാരംകൂട്ടുന്ന ലിബറലുകള്‍ അധികാരത്തിലെത്താതിരിക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ടുചെയ്യൂ എന്നാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സുനക് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്.

പരാജയപ്പെട്ടാലും ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യന്‍വംശജനും ഹിന്ദുവുമെന്ന നേട്ടത്തോടെയാണ് സുനക് പടിയിറങ്ങുക. 2022 ഒക്ടോബറില്‍ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 210 വര്‍ഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയാണെന്ന ഖ്യാതിയുണ്ടദ്ദേഹത്തിന്. 2019‑ലെ പൊതുതിരഞ്ഞെടുപ്പില്‍ 365 സീറ്റ് കണ്‍സര്‍വേറ്റീവുകള്‍ നേടിയിരുന്നു.

Eng­lish Summary:
UK Gen­er­al Elec­tion; Rishi Sunak admits defeat

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.