സംസ്ഥാനത്തെ ഐടി മേഖലയുമായി സഹകരിക്കാൻ യു കെ. കേരളത്തിലെ ഐടി ആവാസവ്യവസ്ഥയുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യാസംരംഭങ്ങൾക്കുള്ള സാധ്യതകൾ കണ്ടെത്താനും ടെക് മേഖലയിൽ ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും യുകെ സന്നദ്ധമാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷനിലെ ടെക് ആന്റ് ഇന്നൊവേഷൻ മേധാവി ജോഷ്വ ബാംഫോർഡ് പറഞ്ഞു. ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട), ടൂൺസ് ആനിമേഷൻ സിഇഒ ജയകുമാർ പി എന്നിവരുമായും സംഘം ആശയവിനിമയം നടത്തി.
ടെക്നോപാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങളെ അഭിനന്ദിച്ചതിനൊപ്പം ഫലപ്രദമായ സഹകരണ സാധ്യതകളെക്കുറിച്ച് സംഘം ചർച്ച ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കിലേക്കുള്ള സന്ദർശനം മികച്ച ഉൾക്കാഴ്ച നല്കുന്നതായിരുന്നെന്ന് ബാംഫോർഡ് അഭിപ്രായപ്പെട്ടു. ബംഗളൂരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷൻ സീനിയർ ടെക്നോളജി ആന്റ് ഇന്നൊവേഷൻ അഡ്വൈസർ ക്രിസ്റ്റി തോമസ്, ടെക്നോപാർക്ക് കസ്റ്റമർ റിലേഷൻഷിപ്പ് എജിഎം വസന്ത് വരദ് എന്നിവരും സന്നിഹിതരായി. ടെക്നോപാർക്ക് സിഇഒയുമായി നടത്തിയ ആശയവിനിമയത്തിലൂടെ നൂതന സാങ്കേതികവിദ്യാ മേഖലയിൽ യുകെയും കേരളവുമായുള്ള വിപുലമായ സഹകരണ സാധ്യതകൾ തുറന്നുകിട്ടിയെന്നും ജോഷ്വ ബാംഫോർഡ് പറഞ്ഞു.
നിർമ്മിത ബുദ്ധി, ടെലികോം, മറ്റ് ടെക് മേഖലകൾ തുടങ്ങിയവയിൽ മുന്നേറാൻ സംയുക്ത സഹകരണം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലേയും യുകെയിലേയും ടെക് ആവാസവ്യവസ്ഥകൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും സഹകരണ സംരംഭങ്ങൾ വളർത്തുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പാണ് യുകെ പ്രതിനിധി സംഘത്തിന്റെ സന്ദർശനമെന്ന് കേണൽ സഞ്ജീവ് നായർ പറഞ്ഞു. ടെക്നോപാർക്ക് ഫേസ് വൺ കാമ്പസിലുള്ള നിള കെട്ടിടത്തിലെ ടൂൺസ് മീഡിയ ഗ്രൂപ്പിന്റെ 2 ഡി, 3 ഡി ടൂൺസ് ആനിമേഷൻ സെന്ററും സംഘം സന്ദർശിച്ചു. സിഎഫ്ഒ സുബ്ബലക്ഷ്മി വെങ്കിടാദ്രി, സിഒഒ വിജയകുമാർ എന്നിവരുമായും പ്രതിനിധി സംഘം ആശയവിനിമയം നടത്തി.
English Summary: UK to collaborate with the IT sector in the state
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.