ഉക്രെയ്ന് ധാന്യകയറ്റുമതി പുനരാരംഭിക്കുന്നതിനുള്ള സുരക്ഷാ ഇടനാഴിക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യയും തുര്‍ക്കിയയും. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, തുര്‍ക്കിയ വിദേശകാര്യമന്ത്രി മെവ്‍ലട്ട് സാവുസോഗ്‌ലുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഏതെങ്കിലും തരത്തിലുള്ള ധാന്യ കയറ്റുമതി കരാറില്‍ എത്തിച്ചേരുകയാണെങ്കിൽ, ഒരു നിരീക്ഷണ സംവിധാനമെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് തുര്‍ക്കിയ അറിയിച്ചു. എന്നാല്‍ തുര്‍ക്കിയയുടെ നിര്‍ദേശത്തെ ഉക്രെയ്‍ന്‍ നിരസിച്ചു. ചരക്കുകളുടെയും ഉക്രെയ്‍ന്‍ തുറമുഖങ്ങളുടെയും സുരക്ഷാ ഉറപ്പു നല്‍കാന്‍ കരിങ്കടലില്‍ തുര്‍ക്കിയയ്ക്ക് മതിയായ സ്വാധീനമില്ലെന്നാണ് ഉക്രെയ‍്ന്റെ പക്ഷം.
ധാന്യ കയറ്റുമതിയ്ക്കായി കടല്‍ ഇടനാഴി സ്ഥാപിക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശ പ്രകാരമാണ് തുര്‍ക്കിയയും റഷ്യയും ചര്‍ച്ച നടത്തിയത്. ഭക്ഷ്യ പ്രതിസന്ധിയുടെ ആശങ്ക വര്‍ധിച്ച സാഹചര്യത്തില്‍ ബോസ്‍ഫറസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് അധികാരമുള്ള റഷ്യയോടും ഉക്രെയ്‍നിനോടും നാറ്റോ അംഗമായ തുർക്കിയയോടും ഒരു ഇടനാഴി അംഗീകരിക്കാൻ യുഎൻ അഭ്യർത്ഥിക്കുകയായിരുന്നു.
കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയും ഉക്രെയ്‍നും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ബന്ധപ്പെട്ട ഏതൊരു കരാറും ഇരു രാജ്യങ്ങളും അംഗീകരിക്കേണ്ടി വരുമെന്നും സാവുസോഗ്‌ലു വ്യക്തമാക്കി. ഫെബ്രുവരിയില്‍ ആരംഭിച്ച പ്രത്യേക സെെനിക നടപടിയ്ക്ക് പിന്നാലെ ഉക്രെയ്‍ന്‍ തുറമുഖങ്ങള്‍ റഷ്യ ഉപരോധിച്ചതോടെ രാജ്യത്ത് നിന്നുള്ള ഭൂരിഭാഗം ധാന്യകയറ്റുമതിയും നിര്‍ത്തിവച്ചിരുന്നു. ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധാന്യകയറ്റുമതി രാജ്യമായ ഉക്രെയ്‍നില്‍ നിന്നുള്ള കയറ്റുമതി നിലച്ചതോടെ ആഗോള ഭക്ഷ്യ പ്രതിസന്ധിയിലേക്കാണ് നീങ്ങിയത്. ആഫ്രിക്കയിൽ ഉപയോഗിക്കുന്ന ഗോതമ്പിന്റെ 40 ശതമാനവും റഷ്യയും ഉക്രെയ്‍നുമാണ് വിതരണം ചെയ്യുന്നത്.
English Summary:Ukraine grain exports; Turkey, Russia support corridor; Ukraine says unreliable
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.