ഉക്രെയ്‌നിൽ നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥികൾ തുടർപഠനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിൽ. മൂവായിരത്തോളം മലയാളികളടക്കം 18,000 എംബിബിഎസ് വിദ്യാർത്ഥികളാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആറുവർഷത്തെ എംബിബിഎസ് പഠനം പൂർത്തിയാക്കാനാവുമോ എന്നതാണ് വിദ്യാർത്ഥികളുടെ ആശങ്ക. നേരത്തേ കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇതുവരെ തിരികെ പോകാനായിട്ടില്ല.
കുറഞ്ഞ ഫീസും, ഇംഗ്ലീഷിലുള്ള പഠനവും ആഗോള അംഗീകാരവുമെല്ലാം കണക്കിലെടുത്താണ് വിദ്യാർത്ഥികൾ ഉക്രെയ്‌നിലേക്ക് പഠിക്കാൻ പോയത്. ക്ലാസുകൾ എന്ന് മുതൽ സാധാരണ നിലയിലാകുമെന്നത് സംബന്ധിച്ച് കോളജ് അധികൃതർക്ക് വ്യക്തതയില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ചില സർവകലാശാലകൾ ഏതാനും വിഷയങ്ങൾക്ക് മാത്രമായി ഓൺലൈനായി ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്.
തിയറി ക്ലാസുകൾ ഓൺലൈനായി ലഭിക്കുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസിന് എന്തു ചെയ്യുമെന്ന് അറിയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. സർട്ടിഫിക്കറ്റുകളെല്ലാം അവിടെയായതിനാൽ നാട്ടിൽ വേറെ കോഴ്സിനൊന്നും ചേരാൻ കഴിയുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ ദിവസങ്ങളോളം ഭൂഗർഭ അറയിൽ താമസിച്ച് നാട്ടിൽ തിരിച്ചെത്തിയ ആളാണ് കായംകുളം സ്വദേശി ജിതിന. ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെ പഠനാന്തരീക്ഷം വീണ്ടെടുത്തതായി ജിതിന ജനയുഗത്തോട് പറഞ്ഞു.
യുദ്ധസാഹചര്യം മാറുന്നതോടെ തിരികെ പോകാമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. എന്നാൽ ഉക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഇവിടെ പഠന സൗകര്യമൊരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. നിലവിൽ രാജ്യത്ത് മെറിറ്റ് പരിഗണിച്ചാണ് എംബിബിഎസ് പ്രവേശനം. 15ശതമാനം എൻആർഐ ക്വാട്ടയിൽ അടക്കം നീറ്റ് യോഗ്യത നേടിയവർക്കേ പ്രവേശനം നേടാനാവൂ. ഉക്രെയ്‌നിൽ നിന്നെത്തിയവരെ പ്രവേശിപ്പിക്കണമെങ്കിൽ പ്രത്യേക നിയമം വേണ്ടിവരും. പ്രത്യേക നിയമ നിർമ്മാണത്തിലൂടെ മെഡിക്കൽ കോളജുകളിൽ കൂടുതൽ സീറ്റുകൾ സൃഷ്ടിക്കാൻ കേന്ദ്രസർക്കാരിനാണ് അധികാരമുള്ളത്.
English Summary: Ukraine: Students concerned with continuing education
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.