13 December 2025, Saturday

Related news

December 3, 2025
November 27, 2025
November 24, 2025
November 24, 2025
November 11, 2025
October 12, 2025
October 4, 2025
October 3, 2025
September 13, 2025
September 12, 2025

ഉള്ളുലയ്ക്കും ഈ കുരുന്നെഴുത്തുകള്‍

ആര്‍ സുമേഷ്
തിരുവനന്തപുരം
April 23, 2025 10:57 pm

ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വണ്ടിയുമായി പോയ അര്‍ജുനെ മണ്ണിടിച്ചിലില്‍ കാണാതായി. എന്റെ അച്ഛനും ഡ്രൈവറാണ്. ദൈവം കാത്തു രക്ഷിക്കട്ടെ.… കോഴിക്കോട് വടകര മേപ്പയില്‍ ഈസ്റ്റ് എസ്‍ബി സ്കൂളിലെ രണ്ടാം ക്ലാസുകാരൻ ഇഷാന്റെ, ലോറിയുടെ ചിത്രത്തോടൊപ്പമുള്ള ഡയറിക്കുറിപ്പ് വായിക്കുമ്പോള്‍ നെഞ്ച് പിടയും. ഇത്തരത്തില്‍ ഒന്നും രണ്ടും ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ നേരിട്ടു കണ്ടതും അനുഭവിച്ചതുമായ നിരവധി കുറിപ്പുകളും മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചവയുമാണ് ഇന്നലെ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്ത കുരുന്നെഴുത്തുകള്‍ — ഒന്നിലെ എഴുത്തും ചിന്തയും എന്ന ബുക്കിലുള്ളത്. കുട്ടികളുടെ മന്ത്രി അപ്പൂപ്പൻ തന്നെയാണ് പുസ്തകത്തിന്റെ എഡിറ്റര്‍.
പണിസ്ഥലത്ത് അപകടത്തിൽ പരിക്കേറ്റ അച്ഛന്റെ അവസ്ഥ കണ്ട് കര‌ഞ്ഞു തളര്‍ന്ന മനസുമായി കണ്ണൂര്‍ പയ്യന്നൂർ പോത്താംകണ്ടം ജിയുപിഎസിലെ പി പി ആരവ് കുറിച്ചതിങ്ങനെ: “കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്റെ അച്ഛൻ പണിക്ക് പോയപ്പോൾ വാർപ്പിന് മോളിൽ നിന്ന് തായേക്ക് വീണു. കൈയും കാലും ഒടിഞ്ഞ് ആശുപത്രിയിലായി. രാത്രിയാണ് വീട്ടിൽ വന്നത്. എല്ലാവരും കൂടി എടുത്ത് വീട്ടിൽ കൊണ്ടുവന്ന് കിടത്തി. അച്ഛനെ കണ്ട ഞാൻ ഒരുപാട് കരഞ്ഞു. അതുകണ്ട് എല്ലാരും കരഞ്ഞു. ” അച്ഛനൊപ്പം കിടക്കുന്ന ചിത്രം കൂടി വരച്ചുചേർത്ത ആരവ് ആ വേദന എല്ലാവരുടേതുമാക്കി മാറ്റി. 

അച്ഛന്റെ കൂട്ടുകാരൻ ബൈക്കപകടത്തിൽ മരിച്ച ദിവസമാണ് അലാന പിതാവിന്റെ കണ്ണീർ ആദ്യം കണ്ടത്. സമാധാനിപ്പിച്ചശേഷം അലാന അച്ഛനോട് പറഞ്ഞു ”ബൈക്കിൽ വേഗത്തില്‍ പോകരുത്. ” തന്റെ വാക്കുകൾ കേട്ട അച്ഛൻ കെട്ടിപ്പിടിച്ച് ഉമ്മ നൽകിയതും നിലമേൽ മുരുക്കുമൺ യുപിഎസിലെ വിദ്യാർത്ഥിനിയായ അലാന എഴുതിയിട്ടുണ്ട്. മുറിവേറ്റ കിളിയുടെ വേദന തന്റെ ഹൃദയവേദനയാക്കിയാണ് വയനാട് അരിഞ്ചേർമല സെന്റ് തോമസ് എൽപി സ്കൂളിലെ മുഹമ്മദ് ആദില്‍ ഡയറിത്താളില്‍ കുറിച്ചത്. ഞാൻ സ്കൂളില്‍ നിന്ന് വന്നപ്പോള്‍ ഒരു കിളി ജനലിലൂടെ വീട്ടിനുള്ളിലേക്ക് പറന്നുവന്നു. കമ്പി തട്ടി കിളിയുടെ തല മുറിഞ്ഞു ചോര വന്നു. കിളി കരയുന്നത് കണ്ട് സങ്കടപ്പെട്ട താൻ അതിനെ പുറത്തേക്ക് പറത്തിവിട്ടെന്നും വേദനയോടെ കുറിച്ചു.
ഡയറിക്കുറിപ്പുകളെഴുതിയ കുട്ടികളെ പ്രതിനിധീകരിച്ച് തോട്ടക്കാട് ജിഎൽപിഎസിലെ വിദ്യാർത്ഥി മിഥുൻ, നെയ്യാറ്റിൻകര ഗവ. ജെബിഎസിലെ സിദ്ധാർഥ്, അഞ്ചൽ ജിഎൽപിഎസിലെ അദിതി, പത്തനംതിട്ട തെള്ളിയൂർ എസ്ബിഎൻഎൽപിഎസിലെ ലിയോ ലിജു, പൊൻകുന്നം സിഎംഎസ് എൽപിഎസിലെ ആഷേർ കെ ഷൈജു എന്നി ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ് പുസ്തകം ഏറ്റുവാങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.