ആഗോളതാപനം മൂന്ന് ഡിഗ്രിയിലേക്കെന്ന് മുന്നറിയിപ്പുമായി യുഎന്‍. ഇന്നത്തെ കാർബൺ വെട്ടിക്കുറയ്ക്കൽ നയങ്ങൾ വളരെ അപര്യാപ്തമാണെന്നും ഈ നൂറ്റാണ്ടിൽ കാലാവസ്ഥാ വ്യതിയാനം മൂന്ന് ഡിഗ്രി വരെ ആകാമെന്നും അടുത്തയാഴ്ച യുഎഇയില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നു.
കാര്‍ബണ്‍ ഉദ്‍വമനത്തിന്റെ ഏറിയ പങ്കും വരേണ്യവര്‍ഗത്തിന്റേതാണെന്നും യുഎന്‍ഇപി റിപ്പോര്‍ട്ട് പറയുന്നു. ആഗോള ജനസംഖ്യയുടെ 66 ശതമാനം വരുന്ന ഏറ്റവും ദരിദ്രരായ 500 കോടി ആളുകൾക്ക് തുല്യമായ കാർബൺ പുറന്തള്ളുന്നത് ലോകത്തിലെ ഏറ്റവും ധനികരായ ഒരു ശതമാനം പേരാണെന്ന് കാലാവസ്ഥാ അസമത്വത്തെക്കുറിച്ചുള്ള സംയുക്ത ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ബണ്‍ പുറന്തള്ളലിന്റെ 16 ശതമാനവും പ്രതിവർഷം 1,40,000 യുഎസ് ഡോളറിൽ കൂടുതൽ (1,12,500 പൗണ്ട്) പ്രതിഫലം വാങ്ങുന്നവരുൾപ്പെടെ 77 ദശലക്ഷം ആളുകൾ അടങ്ങുന്ന വരേണ്യവര്‍ഗത്തിന്റെ സംഭാവനയാണ്.
ജെഫ് ബെസോസ്, റോമൻ അബ്രമോവിച്ച്, ബിൽ ഗേറ്റ്സ് എന്നിവരുൾപ്പെടെ ലോകത്തിലെ ഏറ്റവും സമ്പന്നരായ 12 ശതകോടീശ്വരന്മാർ, അവരുടെ ആഡംബര നൗകകൾ, സ്വകാര്യ ജെറ്റുകൾ, മണിമാളികകൾ, സാമ്പത്തിക നിക്ഷേപങ്ങൾ എന്നിവയിൽ നിന്ന് രണ്ട് ദശലക്ഷം വീടുകളുടെ വാർഷിക ഊർജ ഉദ്‌വമനത്തേക്കാൾ കൂടുതൽ കാര്‍ബണ്‍ പുറന്തള്ളലിന് കാരണമാകുന്നു.
അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ വാർഷിക ആഗോള ഉദ്‌വമനം ഏകദേശം ഒരു ദശലക്ഷം കാറ്റാടിയന്ത്രങ്ങളിലൂടെ നേടുന്ന കാർബൺ ലാഭം ഇല്ലാതാക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. സമ്പന്നരുടെ ഉദ്‌വമനം 2030ൽ സുരക്ഷിതമായ പരിധിയേക്കാൾ 22 മടങ്ങ് കൂടുതലായിരിക്കുമെന്നും പഠനം കണക്കുകൂട്ടുന്നു.
കാര്‍ബണ്‍ ഉദ്‍വമനത്തിന്റെ 40 ശതമാനവും സമ്പന്ന രാജ്യങ്ങളില്‍ നിന്നാണുള്ളതെന്ന് ആഗോള ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തില്‍ വ്യക്തമാക്കുന്നു. ലോക ജനസംഖ്യയുടെ ആറിലൊരാൾ വസിക്കുന്ന ആഫ്രിക്കയുടെ വിഹിതം നാല് ശതമാനം മാത്രമാണ്. യുഎസ് കോൺഗ്രസിലെ നാലിൽ ഒരാൾ ഫോസിൽ ഇന്ധന കമ്പനികളിൽ 33 മില്യണിനും 93 മില്യണിനും ഇടയിൽ നിക്ഷേപമുള്ളവരാണ്. ആഗോളതാപനത്തിന് ഏറ്റവും കുറഞ്ഞ ഉത്തരവാദിത്തമുള്ള രാജ്യങ്ങളാണ് കാലാവസ്ഥാ പ്രതിസന്ധിയുടെ മോശമായ അനന്തരഫലങ്ങൾ അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.