
ഈ വര്‍ഷം ഇന്ത്യയിലെ ജനസംഖ്യ 146 കോടി കടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ആകെ പ്രത്യുല്പാദന നിരക്ക് ഇടിഞ്ഞതായും യുഎന്‍ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ (എസ്ഒഡബ്ല്യുപി) റിപ്പോര്‍ട്ടില്‍ പറയുന്നു. റിയല്‍ ഫെര്‍ട്ടിലിറ്റി ക്രൈസിസ് എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യരിലെ പ്രത്യുല്പാദനക്ഷമത കുറയുന്ന കാര്യത്തെക്കുറിച്ച് പറയുമ്പോൾ കോടിക്കണക്കിന് ആളുകൾക്ക് അവർ ആഗ്രഹിക്കുന്ന എണ്ണം കുട്ടികളെ ലഭിക്കുകയില്ല എന്ന മുന്നറിയിപ്പും യുഎൻഎഫ‌്പിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. 14 രാജ്യങ്ങളിലായി 14,000 ആളുകളിലായാണ് അവരുടെ പ്രത്യുല്പാദന കാഴ്ചപ്പാടുകളെക്കുറിച്ച് യുഎൻഎഫ‌് പിഎ സർവേ നടത്തിയത്. അഞ്ചിൽ ഒരാൾക്ക് ഇതുവരെ കുട്ടികൾ ഉണ്ടായിട്ടില്ല എന്നോ കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നോ ആണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് ഉള്‍ക്കൊള്ളുന്ന ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇറ്റലി, ഹംഗറി, ജർമ്മനി, സ്വീഡൻ, ബ്രസീൽ, മെക്സിക്കോ, യുഎസ്, ഇന്ത്യ, ഇന്തോനേഷ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് പഠനം നടത്തിയത്. താഴ്ന്ന, ഇടത്തരം, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളും താഴ്ന്നതും ഉയർന്നതുമായ പ്രത്യുല്പാദനക്ഷമതയുള്ളവർ വസിക്കുന്ന രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. യുവജനങ്ങളെയും പ്രത്യുല്പാദനശേഷി അവസാനിച്ചവരെയും സർവേയിൽ ഉൾപ്പെടുത്തി.
ലോകത്ത് പ്രത്യുല്പാദന നിരക്കുകളിൽ അഭൂതപൂർവമായ ഇടിവ് ആരംഭിച്ചിരിക്കുന്നുവെന്ന് യുഎൻഎഫ‌്പിഎ മേധാവി ഡോ. നതാലിയ കനേം പറയുന്നു. സർവേയിൽ പങ്കെടുത്ത മിക്ക ആളുകളും രണ്ടോ അതിലധികമോ കുട്ടികളെ ആഗ്രഹിക്കുന്നു. എന്നാൽ, തങ്ങൾ ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളെ പരിപാലിക്കാൻ പലർക്കും കഴിയില്ലെന്ന തോന്നലില്‍ ആഗ്രഹം വേണ്ടെന്ന് വയ്ക്കുന്നു. ഇത് ജനനനിരക്ക് കുറയ്ക്കുന്നു. അതാണ് യഥാർത്ഥ പ്രതിസന്ധിയെന്നും അവർ പറയുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 50 വയസിനു മുകളിലുള്ള 31ശതമാനം പേരും ആഗ്രഹിച്ചത്ര കുട്ടികള്‍ ഇല്ലെന്നാണ് പറഞ്ഞത്. എല്ലാ രാജ്യങ്ങളിലേയും 39 ശതമാനം ആളുകൾ പറഞ്ഞത് സാമ്പത്തിക പരിമിതി കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ പ്രതികരണം കൊറിയയിലായിരുന്നു (58ശതമാനം). ഏറ്റവും കുറവ് സ്വീഡനിലും (19ശതമാനം). മൊത്തത്തിൽ 12ശതമാനം ആളുകൾ മാത്രമാണ് വന്ധ്യത അല്ലെങ്കിൽ ഗർഭധാരണത്തിലെ ബുദ്ധിമുട്ട് തങ്ങൾക്ക് ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇല്ലാത്തതിന് കാരണമായി പറഞ്ഞത്. എന്നാൽ തായ്‌ലൻഡ് (19ശതമാനം), യു.എസ് (16ശതമാനം), ദക്ഷിണാഫ്രിക്ക (15ശതമാനം), നൈജീരിയ (14ശതമാനം), ഇന്ത്യ (13ശതമാനം) എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആ കണക്കും കൂടുതലായിരുന്നു. രക്ഷാകർതൃത്വത്തിന്റെ അമിത ചെലവും അനുയോജ്യരായ പങ്കാളിയുടെ അഭാവവും കുട്ടികളുടെ എണ്ണം കുറയ്ക്കാനുള്ള കാരണമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.