സിറിയയില്‍ നിന്നും ഇസ്രയേല്‍ പിന്‍വാങ്ങണമെന്ന് ഐക്യരാഷ്ട്ര സഭ. ഗോലാന്‍ കുന്നുകളിലെ അധിനിവേശം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. അസദ് ഭരണകൂടത്തെ അട്ടിമറിച്ചതിന് ശേഷം സിറിയയെ ലക്ഷ്യമിട്ടു നടത്തുന്ന വ്യോമാക്രമണങ്ങളില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഗോലാനിലെ സൈനിക രഹിത മേഖലകളില്‍ നിന്നും ഇസ്രയേല്‍ സൈനികരെ പിന്‍വലിക്കണമെന്നും ഗുട്ടറെസ് ആവശ്യപ്പെട്ടു. അസദില്‍ നിന്നും വിമതസംഘം അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പല സ്ഥലങ്ങളും ഇസ്രയേല്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സിറിയയില്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം 11 ലക്ഷം ആളുകള്‍ സിറിയയില്‍ നിന്നും പലായനം ചെയ്യുന്ന സാഹചര്യമുണ്ടായതായും യുഎന്‍ വ്യക്തമാക്കി. അലപ്പോയില്‍ നിന്ന് 6,40,000 പേരും ഇഡ്‍ലിബില്‍ നിന്ന് 3,34,000 പേരും ഹമയില്‍ നിന്ന് 1,36,000 പേരും പലായനം ചെയ്തതായാണ് കണക്കുകള്‍.
അതേസമയം, ഇസ്രയേലിന്റെ സിറിയന്‍ ആക്രമണത്തെ പിന്തുണച്ച് യുഎസ് രംഗത്തെത്തി. ഭീഷണികൾ ഇല്ലാതാക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് സുരക്ഷാഉപദേഷ്ടാവ് ജാക്ക് സള്ളിവൻ പറഞ്ഞു. സിറിയൻ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തുവെന്ന റിപ്പോർട്ടുകൾ ഇസ്രയേൽ തള്ളി. നിലവിൽ സിറിയൻ പ്രദേശത്ത് 18 കിലോമീറ്റർ ഉള്ളിലേക്ക് വരാൻ ഇസ്രായേൽ സൈന്യം എത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.