
പട്ടിക വിഭാഗ‑പിന്നാക്ക വിദ്യാർത്ഥികൾക്ക് വിദേശ പഠനം സാധ്യമാക്കുന്ന ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക വികാസ പരിണാമങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ പദ്ധതിക്ക് കീഴില്‍ ഇതുവരെ 1104 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചത് ചരിത്രപരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നതി സ്കോളര്‍ഷിപ്പ് വിതരണവും ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനം സാധ്യമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും മാസ്കോട്ട് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യയും വിജ്ഞാനവും നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. അവിടെ നിന്ന് പടിപടിയായി ഉയര്‍ന്ന് അവര്‍ക്ക് ഇന്ന് വിദേശപഠനം സാധ്യമാകുന്ന നിലയിലേക്ക് നാട് എത്തി. ഇത്തരമൊരു നിലയിലെത്തിയത് പെട്ടെന്നുണ്ടായ മാറ്റത്തിലൂടെയല്ല. മാറ്റത്തിന് കാരണമായ അവകാശലഭ്യതയും നിയമനിര്‍മ്മാണവും ആരെങ്കിലും ദയാവായ്പോടെ തങ്കത്തളികയില്‍ വച്ച് നീട്ടിത്തന്നതുമല്ല. നാട്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്ത പോരാട്ടങ്ങള്‍, പുരോഗമന സര്‍ക്കാരുകളുടെ ഭാവനാപൂര്‍ണമായ ഇടപെടല്‍ തുടങ്ങിയവയിലൂടെ ഉണ്ടായതാണ്. 50 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധി ബാധകമല്ലാതെ ആകെ കേരളത്തില്‍ 310 വിദ്യാര്‍ത്ഥികള്‍ക്കാണ് 25 ലക്ഷം രൂപ വരെ ഉന്നതി സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ രാജ്യത്താകെ 125 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് വിദേശ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ മന്ത്രി ഒ ആര്‍ കേളു അധ്യക്ഷനായി. വി കെ പ്രശാന്ത് എംഎല്‍എ, എസ്‍സി, എസ‌്ടി പിന്നോക്ക വികസന സെക്രട്ടറി ഡോ. എ കൗശികന്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഡി ധര്‍മ്മലശ്രീ, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ മിഥുന്‍ പ്രേംരാജ്, പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ഒഡെപെക് ചെയര്‍മാന്‍ കെ പി അനില്‍കുമാര്‍, എംഡി സുഫിയാന്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.