5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024

ദുരിതത്തിന് ആക്കം കൂട്ടി തൊഴിലില്ലായ്മ;പൊറുതിമുട്ടി ലക്ഷദ്വീപുകാർ

ബേബി ആലുവ
കൊച്ചി
October 5, 2024 10:43 pm

വിവിധ തലങ്ങളിൽ ലക്ഷദ്വീപിനെ ബാധിച്ച ദുരിതങ്ങൾക്ക് ആക്കം കൂട്ടി രൂക്ഷമായ തൊഴിലില്ലായ്മയും. രാജ്യത്ത് യുവജനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ളത് ലക്ഷദ്വീപിലാണെന്നും ദീപിലെ യുവാക്കളിൽ 100 ൽ 34 പേരും തൊഴിൽരഹിതരാണെന്നും ദേശീയ സർവേയിൽ കണ്ടെത്തി. പൊതുമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള ലക്ഷദ്വീപിലെ ഈ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്നും സർവേ നിരീക്ഷിക്കുന്നു.
സംഘ്പരിവാർ നടപ്പാക്കാൻ ശ്രമിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയവുമായി ദ്വീപിൽ കാലുകുത്തിയ അഡ്മിനിസ്ട്രേറ്റർ 4000 ത്തോളം അഭ്യസ്തവിദ്യരായ കരാര്‍ ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് തൊഴിലില്ലായ്മ രൂക്ഷമാക്കിയ സംഭവം റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ദ്വീപ് യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്നുണ്ട്. 15 മുതൽ 29 വയസ് വരെ യുള്ളവരിൽ 2023 ജൂലൈ തൊട്ട് ഈ വർഷം ജൂലൈ വരെയുള്ള കാലയളവിലെ പീരിയോഡിക്കൽ ലേബർഫോഴ്സ് സര്‍വേയിലേതാണ് കണക്കുകള്‍. ഈ പ്രായപരിധിയിലുള്ള ലക്ഷദ്വീപിലെ 79.7 ശതമാനം സ്ത്രീകളും 26.2 ശതമാനം പുരുഷന്മാരും ഒരു തൊഴിലുമില്ലാത്തവരാണ്. ദ്വീപിലെ മൊത്തം തൊഴിൽരഹിതർ 36.2 ശതമാനം. ഇതിനിടെ, ഒരു മാസത്തിലേറെയായി പച്ചക്കറി ഉൾപ്പെടെ അവശ്യസാധനങ്ങൾക്ക് കടുത്ത ക്ഷാമവും നേരിടുന്നു. 

ദ്വീപിനെ കേരളവുമായി ബന്ധിപ്പിക്കുന്ന കപ്പൽ ഗതാഗതം താറുമാറായതോടെയാണ് സ്ഥിതി രൂക്ഷമായത്. കേരളത്തിലേക്ക് ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി വരുന്നവർക്ക് യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനുമായി രണ്ട് കപ്പലുകൾ മാത്രമാണുള്ളത്. മതിയായ യാത്രാസൗകര്യമില്ലാതെ സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന ആയിരക്കണക്കിന് ദ്വീപ് നിവാസികൾ ദിവസങ്ങളോളം കൊച്ചിയിൽ കുടുങ്ങുന്നത് പതിവാണ്. ദ്വീപിൽ നിന്നുള്ള ആയിരത്തിലേറെ വിദ്യാർത്ഥികളാണ് കേരളത്തിൽ പഠിക്കുന്നത്. ഒഴിവു ദിവസങ്ങളിലെ ഇവരുടെ നാട്ടിലേക്കുള്ള മടക്കം കൂടിയാവുമ്പോൾ ദുരിതം പല മടങ്ങാവും. ചില സന്ദർഭങ്ങളിൽ 400 പേർക്ക് യാത്ര ചെയ്യാവുന്ന കപ്പലിൽ 1000 പേർ വരെയാണ് സഞ്ചരിക്കുക. ഇതോടെ, കപ്പലിൽ അവശ്യസാധനങ്ങൾ കയറ്റുന്നതിന് കർശന നിയന്ത്രണവുമാകും. 

കൂടുതൽ കപ്പലുകൾ അനുവദിച്ച് ദുഃസ്ഥിതി മറികടക്കാൻ ഭരണകൂടം തയ്യാറുമല്ല. ആദ്യ കാലങ്ങളിൽ കൊച്ചി — ലക്ഷദ്വീപ്, കൊച്ചി — ബേപ്പൂർ എന്നിങ്ങനെ 10 കപ്പലുകൾ സർവീസ് നടത്തിയിരുന്നു. പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി എത്തിയതോടെ ബേപ്പൂരിലേക്കുള്ള സർവീസ് നിർത്തലാക്കി. കപ്പലുകളുടെ എണ്ണം പത്തിൽ നിന്ന് ഏഴും അഞ്ചും മൂന്നും രണ്ടുമായി. അവതന്നെ പലപ്പോഴും അറ്റകുറ്റപ്പണികൾക്കായി മുന്നറിയിപ്പില്ലാതെ റദ്ദാക്കാറുമുണ്ട്.
യാത്രാ ക്ലേശത്തിന്റെ പേരിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ദേശീയ ന്യൂനപക്ഷ കമ്മിഷനും ദ്വീപിലെ വിവിധ സംഘടനകൾ പരാതി നൽകിയിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.