25 February 2026, Wednesday

Related news

February 25, 2026
December 5, 2025
November 17, 2025
November 1, 2025
October 13, 2025
September 21, 2025
September 16, 2025
June 30, 2025
July 7, 2024

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ യൂണിസെഫിന്റെ ആഗോള അംഗീകാരം കേരളത്തിന്

Janayugom Webdesk
തിരുവനന്തപുരം
February 25, 2026 10:07 am

കുട്ടികളിലെ സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധത്തിലും, നിയന്ത്രണത്തിലും സംസ്ഥാനം എടുക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിസെഫിന്റെ ആഗോള അംഗീകാരം. ജീവിതശൈലീ രോഗങ്ങള്‍ കുട്ടികളില്‍ പടരുന്നത് തടയാനും അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാതൃകാപരമായ പദ്ധതികളെ യുനിസെഫ് വിദഗ്ധര്‍ അംഗീകരിച്ചിരിക്കുന്നു. സംസ്ഥാനത്തെ കുട്ടികളുടെ ആരോഗ്യവും ജീവിത നിലവാരവും ലോകത്തിന് തന്നെ മാതൃകയാണെന്ന് സംഘം വിലയിരുത്തി. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശു മരണനിരക്കുള്ള സംസ്ഥാനമാണ് കേരളം എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.

ആയിരം നവജാത ശിശുക്കളിൽ അഞ്ച് പേർ മാത്രമാണ് കേരളത്തിൽ മരിക്കുന്നത്. സംസ്ഥാന സർക്കാർ കുഞ്ഞുങ്ങൾക്കും കൗമാരക്കാർക്കും നൽകുന്ന ഈ കരുതലിനെ മുൻനിർത്തി, കേരളവുമായി സഹകരിച്ച് ആഗോളതലത്തിൽ പുതിയൊരു ആരോഗ്യ നയം രൂപീകരിക്കാൻ ഒരുങ്ങുകയാണ് യൂണിസെഫ്. ന്യൂയോർക്കിൽ നിന്നുള്ള യൂണിസെഫ് പ്രതിനിധി സംഘത്തിലെ പകർച്ചവ്യാധി ഇതര രോഗ വിദഗ്ദ്ധൻ ഡോ. റാവോൽ ബെർമെജോ കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. ശൈശവ മരണങ്ങൾ തടയുന്നതിൽ കേരളം കൈക്കൊണ്ട നടപടികൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാണെന്നും ഇതിന് സംസ്ഥാന സർക്കാരിനോടുള്ള നന്ദി അറിയിക്കാനാണ് തങ്ങൾ കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക അംഗീകാരമായി യൂണിസെഫിന്റെ പ്രശസ്തി പത്രം സ്പീക്കർ എ എൻ ഷംസീർ ഏറ്റുവാങ്ങി. വിട്ടുമാറാത്ത അസുഖങ്ങളുള്ള കുട്ടികൾക്ക് കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ നൽകുന്ന പിന്തുണ വലുതാണെന്നും കേരളത്തിൽ നിന്നുള്ള പഠനങ്ങൾ ആഗോളതലത്തിൽ തന്നെ വലിയ പ്രാധാന്യമുള്ളതാണെന്നും യൂണിസെഫ് പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി. ശിശുക്ഷേമത്തിലും ആരോഗ്യ സംരക്ഷണത്തിലും കേരളം കൈവരിച്ച ഈ മുന്നേറ്റം വരും തലമുറയുടെ കരുത്തുറ്റ വളർച്ചയ്ക്ക് അടിത്തറയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.