രാജ്യത്ത് പല സംസ്ഥാനങ്ങളിലും വയറിളക്ക രോഗങ്ങള്‍ വ്യാപിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ കോളറ, ടൈഫോയ്ഡ്, ആമാശയ‑കുടല്‍ വീക്കം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ 80 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വച്ഛ് ഭാരത് മിഷന് കീഴില്‍ നിര്‍മിച്ച ശുചിമുറികളിലെ മോശമായ സെപ്റ്റിക് ടാങ്കുകള്‍ ജനസ്രോതസുകളുടെ മലിനീകരണത്തിനും വയറിളക്ക രോഗങ്ങളുടെ അഭൂതപൂര്‍വമായ വര്‍ധനവിനും കാരണമായെന്നാണ് യുനിസെഫ് മുംബൈ യൂണിറ്റ് നടത്തിയ പഠനം വ്യക്തമാക്കുന്നത്.
2011നും 2021നും ഇടയില്‍ സംസ്ഥാനത്ത് വയറിളക്ക രോഗങ്ങളില്‍ സ്ഥിരമായി കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 1.95 ലക്ഷം ഗുരുതരമായ വയറിളക്ക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2023ല്‍ 1.35 ലക്ഷം കേസുകളും 2022ല്‍ 1.08 ലക്ഷം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന്റെയും സംസ്ഥാന എപ്പിഡെമോളജി വകുപ്പിന്റെയും വിവരങ്ങള്‍ വ്യക്തമാക്കുന്നു. ജല്‍ഗാവ് ജില്ലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വയറിളക്ക രോഗങ്ങളില്‍ 219 ശതമാനം വര്‍ധനവുണ്ടായി.
സംസ്ഥാന സര്‍ക്കാര്‍ ജില്ലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ശുചിമുറി, സെപ്റ്റിക് ടാങ്ക് എന്നിവയുടെ വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വയറിളക്ക കേസുകളിലെ വര്‍ധനവുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നാണ് യുനിസെഫ് വ്യക്തമാക്കുന്നത്. സെപ്റ്റിക് ടാങ്കുകള്‍ മോശമല്ല, അവ സ്ഥാപിച്ച രീതിയും മാലിന്യം കൈകാര്യം ചെയ്യുന്ന രീതിയുമാണ് പ്രശ്നമെന്ന് യൂനിസെഫിലെ ജലവിതരണം, ശുചിത്വം, കാലാവസ്ഥ എന്നിവയുടെ ചുമതലയുള്ള യൂസഫ് കബീര്‍ പറഞ്ഞു. നിര്‍മ്മാണത്തിലെ പിഴവുകള്‍ക്ക് പുറമേ, ഗ്രാമീണ മേഖലയിലെ സെപ്റ്റിക് ടാങ്കുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിലെ കാലതാമസം കാരണം ഭൂഗര്‍ഭജല മലിനീകരണത്തിനും മണ്ണ് മലിനീകരണത്തിനും കാരണമാകുന്നെന്നും പഠനത്തില്‍ പറയുന്നു.
2023ല്‍ സംസ്ഥാനത്ത് അഞ്ച് കോളറ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ തൊട്ടടുത്ത വര്‍ഷം ഇത് 1,028 ആയി. ആമാശയ‑കുടല്‍ വീക്കം പൂജ്യത്തില്‍ നിന്ന് 669 ആയി. മഞ്ഞപ്പിത്തം 23ല്‍ നിന്ന് 827 ആയെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2014ല്‍ വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് മോഡി സര്‍ക്കാര്‍ സ്വച്ഛ് ഭാരത് മിഷന്‍ ആരംഭിച്ചത്. ഇതോടെ ഗ്രാമങ്ങളില്‍ ഗണ്യമായ തോതില്‍ സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കുന്നതിന് ഇടയാക്കി. അതുവരെ ഒന്നോ അല്ലെങ്കില്‍ രണ്ടോ കുഴിയുള്ള ശുചിമുറികള്‍ മാത്രമാണുണ്ടായിരുന്നത്.
നിലവില്‍ ഗ്രാമങ്ങളില്‍ 4.3 ദശലക്ഷത്തിലധികം സെപ്റ്റിക് ടാങ്കുകളുണ്ട്. ഇതില്‍ 2.5 ദശലക്ഷം സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മ്മിച്ചതാണ്. ഇവ ആദ്യ വര്‍ഷങ്ങളില്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നെന്ന് ശുചിത്വ വിദഗ്ധന്‍ ശ്രീകാന്ത് നവ്‍രേക്കര്‍ പറഞ്ഞു. ഇപ്പോള്‍ സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞു, ആരും വൃത്തിയാക്കുന്നില്ല. പല സ്ഥലങ്ങളിലും മാലിന്യം പുറത്തേക്ക് ഒഴുകുന്നു. ചിലയിടങ്ങളില്‍ അഴുക്കുചാലുകളിലേക്കും തുറന്നുവിട്ടിട്ടുണ്ട്.
ഗ്രാമങ്ങളിലുള്ള നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുന്നതില്‍ സങ്കേതിക പരിജ്ഞാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന ലാഭവിഹിതം ഉള്ളതിനാലാണ് പലരും സെപ്റ്റിക് ടാങ്ക് പ്രോത്സാഹിപ്പിക്കുന്നത്.
അതേസമയം ശുചിമുറി നിര്‍മ്മിക്കാന്‍ ഒരു വീടിന് 15,000 രൂപ സര്‍ക്കാര്‍ അനുവദിക്കുന്നത് പര്യാപ്തമല്ലെന്ന് മുന്‍ കൗണ്‍സിലര്‍ അമിന്‍ പട്ടേല്‍ പറഞ്ഞു. ഇതിനാല്‍ പലരും നിര്‍മ്മാണത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നു. സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കാന്‍ പ്രയാസമാണ്. എന്നാല്‍ മുമ്പുണ്ടായിരുന്ന ഒറ്റ അല്ലെങ്കില്‍ ഇരട്ടക്കുഴി രീതിയിലുള്ള ടാങ്കുകള്‍ പെട്ടെന്ന് വൃത്തിയാക്കാനും അതിലെ മാലിന്യം കൃഷിക്ക് വളമാക്കി മാറ്റാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.