28 January 2026, Wednesday

Related news

January 28, 2026
January 27, 2026
January 10, 2026
September 22, 2025
September 13, 2025
September 3, 2025
September 3, 2025
August 11, 2025
July 18, 2025
April 10, 2025

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങുന്നു

നിര്‍മ്മലാ സീതാരാമന് മുന്നിൽ നടപ്പാക്കാത്ത പദ്ധതികളുടെ നീണ്ട നിര
Janayugom Webdesk
ന്യൂഡൽഹി
January 28, 2026 7:52 pm

ധനമന്ത്രി നിർമ്മല സീതാരാമൻ 2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ, മുൻ വർഷങ്ങളിലെ പല സുപ്രധാന പ്രഖ്യാപനങ്ങളും ഇപ്പോഴും പാതിവഴിയിൽ. സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായം, കാർഷിക വികസന പദ്ധതികൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ തുടങ്ങി വലിയ അവകാശവാദങ്ങളോടെ അവതരിപ്പിച്ച പദ്ധതികളാണ് നിർവ്വഹണത്തിലെ പോരായ്മകൾ മൂലം ലക്ഷ്യം കാണാതെ പോകുന്നത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി തന്റെ ഒമ്പതാമത് ബജറ്റ് അവതരിപ്പിക്കാനിരിക്കെ, പഴയ വാഗ്ദാനങ്ങൾ എങ്ങുമെത്തിയില്ലെന്ന വിമർശനം ശക്തമാണ്.

2025–26 ബജറ്റിൽ സ്റ്റാർട്ടപ്പുകൾക്കായി പ്രഖ്യാപിച്ച 10,000 കോടി രൂപയുടെ പുതിയ ‘ഫണ്ട് ഓഫ് ഫണ്ട്’ പദ്ധതി ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. ഇതിനായുള്ള കൃത്യമായ മാർഗ്ഗനിര്‍ദേശങ്ങൾക്കോ മന്ത്രിസഭയുടെ അനുമതിക്കോ വേണ്ടി ഇപ്പോഴും കാത്തിരിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യകളായ എഐ, ഡീപ് ടെക് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അടുത്ത തലമുറ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുമെന്ന വാഗ്ദാനവും ഇപ്പോഴും ആലോചനയിൽ മാത്രമാണ്.

കൃഷിയെ രാജ്യത്തിന്റെ വളർച്ചാ എഞ്ചിനായി പ്രഖ്യാപിച്ചെങ്കിലും പ്രധാന പദ്ധതികളെല്ലാം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. പരുത്തി ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള അഞ്ച് വർഷത്തെ ദൗത്യം, ഉയർന്ന വിളവ് നൽകുന്ന വിത്തുകൾക്കായുള്ള ദേശീയ ദൗത്യം എന്നിവ ഇതുവരെയും പ്രായോഗിക തലത്തിൽ എത്തിയിട്ടില്ല.

കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും നൽകുന്ന ഹ്രസ്വകാല വായ്പാ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച റിപ്പോർട്ട് ഇപ്പോഴും എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിയുടെ പരിഗണനയിലാണ്. നിലവിൽ ശരാശരി 1.6 ലക്ഷം രൂപ മാത്രമാണ് കർഷകർക്ക് വായ്പയായി ലഭിക്കുന്നത്.

തൊഴിലില്ലായ്മ പരിഹരിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന പദ്ധതികൾക്കും തിരിച്ചടി നേരിട്ടിട്ടുണ്ട്. സൂക്ഷ്മ‑ചെറുകിട‑ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തം കുറവായതിനാൽ തൊഴിൽ പ്രോത്സാഹന പദ്ധതി (ഇഎല്‍ഐ) ഫലപ്രദമാകുന്നില്ല. സങ്കീർണ്ണമായ പേപ്പർ ജോലികളും അവബോധമില്ലായ്മയുമാണ് ചെറിയ കമ്പനികളെ ഇതിൽ നിന്ന് പിന്നോട്ടടിക്കുന്നത്.

2024 ഒക്ടോബറിൽ തുടങ്ങിയ പിഎം ഇന്റേൺഷിപ്പ് പദ്ധതിയിൽ വെറും 20 % ഉദ്യോഗാർത്ഥികൾ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. പരിശീലന കാലാവധി 12 മാസം എന്നത് വളരെ കൂടുതലാണെന്നതും താമസസൗകര്യങ്ങളുടെ കുറവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്റ്റൈപ്പൻഡ് വര്‍ധിപ്പിക്കുന്നതും പരിശീലന കാലാവധി കുറയ്ക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തി പദ്ധതി പരിഷ്കരിക്കാൻ ഇപ്പോൾ സർക്കാർ ആലോചിക്കുന്നുണ്ട്.
പദ്ധതികൾ പ്രഖ്യാപിക്കുന്നതിനപ്പുറം അവ സാധാരണക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാരിന് സാധിക്കുന്നില്ലെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ബജറ്റിലെങ്കിലും പ്രായോഗികമായ പദ്ധതികൾക്കും അവയുടെ കൃത്യമായ നടത്തിപ്പിനും പ്രാധാന്യം നൽകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.