1 March 2026, Sunday

Related news

March 1, 2026
February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026

കേന്ദ്ര ബജറ്റ്: ദേശീയ അധ്യക്ഷനെ വേവലാതി അറിയിച്ച് സംസ്ഥാന ബിജെപി

ബേബി ആലുവ
കൊച്ചി
February 8, 2026 10:00 pm

കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞതിന്റെ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പിൽ അനുഭവിക്കേണ്ടതായി വരുമെന്ന കണക്കുകൂട്ടലിൽ ബിജെപി സംസ്ഥാന നേതൃത്വം. കേരളത്തിലെത്തിയ ദേശീയ അധ്യക്ഷൻ നിതിൻ നവീനോട് ഇക്കാര്യത്തിലുള്ള വേവലാതി നേതാക്കൾ പങ്ക് വച്ചതായാണ് വിവരം.
ജനുവരിയിൽ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ കേരളം എന്ന മൂന്നിന അജണ്ടയും മിഷൻ 2026 പ്രഖ്യാപിച്ച് പോയതിന് പിന്നാലെ ബജറ്റിലുണ്ടായത് സംസ്ഥാന ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ ഇരുട്ടടിയായിപ്പോയെന്ന പരാതിയാണ് നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചത്. 2026ൽ സംസ്ഥാനത്ത് ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്തെത്തിയപ്പോൾ അണികൾക്ക് ഉറപ്പ് കൊടുത്തതിന്റെ തുടർച്ചയായിരുന്നു കഴിഞ്ഞ മാസത്തെ അമിത് ഷായുടെ അജണ്ടാ പ്രഖ്യാപനം.
കേന്ദ്രത്തിലേക്ക് ചൂണ്ടിക്കാട്ടി സഹായം വരുമെന്ന് ജനങ്ങളോട് പറയാൻ പറ്റാത്ത അവസ്ഥയിലായിപ്പോയി സംസ്ഥാനത്തെ പാർട്ടി നേതൃത്വവും അണികളുമെന്ന സങ്കടമാണ് നേതാക്കൾ ദേശീയ അധ്യക്ഷനെ ധരിപ്പിച്ചത്. സംസ്ഥാനത്തൊട്ടാകെ എയിംസ് പാടി നടന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പുറത്തിറങ്ങി നടക്കാൻ കഴിയാത്ത പരുവത്തിലായി. സാമൂഹിക മാധ്യമങ്ങളിൽ കടലാമ ചിത്രങ്ങൾ സഹിതം ആളുകൾ സുരേഷ് ഗോപിയെ ആഘോഷിക്കുകയാണ്. അതിനൊരു മറുവാക്ക് പറയാനുള്ള വക അണികളുടെ കൈവശമില്ല.
ബജറ്റിന് തൊട്ട് പിന്നാലെ, തങ്ങളെ ചെകുത്താനും കടലിനും നടുവിലാക്കിയ കേന്ദ്രനടപടിയിൽ അതീവ രഹസ്യമായി ദേശീയ നേതൃത്വത്തെ സംസ്ഥാന ബിജെപി നേതാക്കൾ പരാതിയറിയിച്ചതായി വാർത്തകളുണ്ടായിരുന്നു. അതിന് പുറമെയാണ് ഇപ്പോഴത്തെ പരാതി പറച്ചിൽ.
ഇതിനിടെ, 2026ൽ ബിജെപി കേരളം ഭരിക്കുമെന്ന അമിത് ഷായുടെ തിരുവനന്തപുരം പ്രഖ്യാപനത്തെ, കേരള സന്ദർശനത്തിനിടയിൽ നിതിൻ നവീൻ തിരുത്തിയതും കൗതുകകരമായി. ആ കാലം വിദൂരത്തല്ലെന്ന് മാത്രമായിരുന്നു അണികൾക്ക് അദ്ദേഹത്തിന്റെ വകയായുള്ള ആശ്വസിപ്പിക്കൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.