24 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 24, 2025
February 24, 2025
February 23, 2025
February 21, 2025
February 21, 2025
February 20, 2025
February 20, 2025
February 20, 2025
February 20, 2025
February 20, 2025

കേന്ദ്ര ബജറ്റ് നാളെ: 24,000 കോടിയുടെ പ്രത്യേക പാക്കേജ് തേടി കേരളം

സ്വന്തം ലേഖിക
തിരുവനന്തപുരം
January 31, 2025 8:47 am

കേന്ദ്ര ബജറ്റില്‍ കേരളത്തിന് 24,000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഴുവന്‍ തുക ലഭിച്ചില്ലെങ്കിലും പകുതി എങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അത്യാവശ്യമായി ലഭിക്കേണ്ടതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റവന്യു ചെലവിന്റെ 63 ശതമാനം കേരളം സ്വന്തം വരുമാനത്തിൽനിന്നാണ്‌ കണ്ടെത്തുന്നത്‌. അഖിലേന്ത്യ ശരാശരി 54 ശതമാനമായിരിക്കുമ്പോഴാണിത്‌. ചില സംസ്ഥാനങ്ങൾക്ക്‌ 30 മുതൽ 40 ശതമാനംവരെ മാത്രമാണ്‌ ചെലവിടേണ്ടി വരുന്നത്‌. കഴിഞ്ഞ ബജറ്റിൽ ആന്ധ്ര, ബിഹാർ സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക പാക്കേജ്‌ അനുവദിച്ചിരുന്നതായും മന്ത്രി പറഞ്ഞു. 

വയനാട്ടിലേത് അതിതീവ്ര ദുരന്തമാണെന്ന് പ്രഖ്യാപിച്ചെങ്കിലും അതിന് പ്രത്യേക സാമ്പത്തിക പാക്കേജ് തന്നിട്ടില്ല. 2000 കോടിയുടെ പാക്കേജാണ് വയനാടിനു വേണ്ടി കേരളം ആദ്യമേ ആവശ്യപ്പെട്ടിട്ടുള്ളത്. ബജറ്റില്‍ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി പ്രത്യേക പാക്കേജാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 8,500 കോടിയിലധികം രൂപയാണ് ആദ്യ ഘട്ടത്തിന് ചെലവാക്കിയത്. അതില്‍ 5,500 കോടിയും കേരളം തനതു വിഹിതം കണ്ടെത്തി ചെലവാക്കിയിട്ടുള്ളതാണ്. വിഴിഞ്ഞത്തിനുവേണ്ടി 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്‌ കേന്ദ്രം അനുവദിച്ച വിജിഎഫ്‌ തിരിച്ചടയ്‌ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നതും കേരളത്തിന്റെ ആവശ്യമാണ്‌. ദേശീയ പാതയ്‌ക്ക്‌ ഭൂമി ഏറ്റെടുക്കുന്നതിനായി കേരളം ചെലവിട്ട 6,000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രത്തിനു മുന്നിലുണ്ട്‌. രാജ്യത്ത്‌ കേരളത്തിൽ മാത്രമാണ്‌ ദേശീയപാതയ്‌ക്കായി ഒരു സംസ്ഥാനം ചെലവു വഹിക്കുന്നത്‌.

പ്രവാസികളുടെ സംരക്ഷണത്തിനായി 300 കോടി രൂപ നീക്കിവയ്‌ക്കണമെന്നും കേരളം അഭ്യർത്ഥിച്ചിട്ടുണ്ട്‌. പ്രവാസികള്‍ക്കുവേണ്ടി സംരക്ഷണ പദ്ധതികള്‍ നടപ്പാക്കുന്ന സംസ്ഥാനം കേരളമാണ്. രാജ്യത്തേക്ക്‌ പ്രവാസികൾവഴി എത്തുന്ന വിദേശ നാണ്യത്തിന്റെ 21 ശതമാനവും കേരളീയരുടെ സംഭാവനയാണ്‌. വിദേശനാണ്യം എത്തിക്കുന്ന കമ്പനികൾക്ക്‌ കേന്ദ്ര സർക്കാരിന്റെ ഇൻസെന്റീവ്‌ ലഭിക്കുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ കൂടുതൽ വിദേശനാണ്യം എത്തിക്കുന്ന പ്രവാസികൾക്കായി 300 കോടി മാറ്റിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. 

വന്യജീവി പ്രശ്‌നം പരിഹരിക്കാൻ 1000 കോടിയുടെ പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്‌. റബർ സബ്‌സിഡി, വയോജനങ്ങൾക്കുള്ള പ്രത്യേക പദ്ധതി ഉള്‍പ്പെടെ മറ്റ്‌ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. സ്‌കീം വർക്കേഴ്‌സിനുള്ള കൂലി പുതുക്കി നിശ്‌ചയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ പാചകത്തൊഴിലാളികൾക്ക്‌ മാസം 12,500 രൂപ നൽകുമ്പോൾ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്നത്‌ 600 രൂപ മാത്രമാണ്‌. മറ്റും സ്‌കീം വർക്കുകളിലും സ്ഥിതി സമാനമാണ്‌. ഈ സാഹചര്യത്തിലാണ്‌ കൂലി കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചതെന്നും ധനമന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.