20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 9, 2024
October 6, 2024
July 9, 2024
June 8, 2024
June 8, 2024
May 22, 2024
March 24, 2024
February 2, 2024
November 11, 2023

റേഷന്‍ വിതരണം തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തണം: മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
June 11, 2022 11:08 pm

കേരളത്തിലെ റേഷന്‍ വിതരണത്തെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തണമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതത്തില്‍ നിരന്തരമായ വെട്ടിക്കുറവ് വരുത്തിയതിന് പുറമെ, ടൈഡ് ഓവര്‍ വിഹിതത്തിലുള്ള ഗോതമ്പ് പൂര്‍ണമായും നിര്‍ത്തലാക്കിയത് കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമായാണ് കാണേണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേയ് 13ലെ കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ടൈഡ് ഓവര്‍ വിഹിതമായി നല്‍കി വന്നിരുന്ന 6459.074 മെട്രിക്ക് ടണ്‍ ഗോതമ്പ് നിര്‍ത്തലാക്കി. മുന്‍ഗണനേതര വിഭാഗത്തില്‍ ഉള്‍പ്പെട്ട 50 ലക്ഷത്തോളം കാര്‍ഡുടമകള്‍ക്ക് ഇത് മൂലം റേഷന്‍കടകളില്‍ നിന്നും ഗോതമ്പ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടി സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമത്തിനും വിലക്കയറ്റത്തിനും വഴിതെളിക്കുമെന്നും മന്ത്രി പറഞ്ഞു. 2016ന് ശേഷം കേരളത്തിന് അനുവദിച്ചുകൊണ്ടിരുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതത്തില്‍ 50 ശതമാനം വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാല് തവണ കേന്ദ്ര മന്ത്രിമാരെ സന്ദര്‍ശിച്ചുവെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. വിലക്കയറ്റം തടയുന്നതിനും പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിനും ആധുനികവല്കരണത്തിനും പരാതികള്‍ പരിഹരിക്കുന്നതിനുമുള്‍പ്പെടെ സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ ഭക്ഷ്യ‑പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചതായി മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ

കേരളത്തില്‍ റേഷന്‍ വിതരണത്തില്‍ അപാകതയെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണയുടെ പേരിലാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. കോവിഡിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അധിക റേഷന്‍ വിതരണത്തില്‍ അപാകതയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ വിതരണത്തിന്റെ പൂര്‍ണ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.

സര്‍ക്കാരിന്റെ റേഷന്‍ വിതരണത്തിന്റെ എല്ലാ വിവരങ്ങളും കൃത്യമായി അന്നപൂര്‍ണ പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന് അത് പരിശോധിക്കാന്‍ സാധിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ മറുപടി നല്‍കി. കേന്ദ്ര മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാം. റേഷന്‍ വിതരണത്തില്‍ കേരളം ഒരു വിവേചനവും കാട്ടിയിട്ടില്ല. അദ്ദേഹം ഇത്തരത്തില്‍ ഒരു പ്രചരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഗോയല്‍ ചൂണ്ടിക്കാട്ടിയ ചെല്ലമ്മ എന്ന സ്ത്രീയുടെ റേഷന്‍ കാര്‍ഡില്‍ ഇപ്പോള്‍ മൂന്ന് അംഗങ്ങളാണുള്ളതെന്നും അവര്‍ക്ക് അര്‍ഹതയുള്ള റേഷന്‍ അരി മേയ് മാസം വരെ കൃത്യമായി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

ENGLISH SUMMARY:Union pol­i­cy to curb ration dis­tri­b­u­tion should be changed: Min­is­ter GR Anil
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.