19 January 2026, Monday

Related news

January 8, 2026
December 26, 2025
December 14, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025
September 12, 2025

കേന്ദ്ര ഭരണപ്രദേശം വേണം: കുക്കി-സോ സംഘടനകള്‍

Janayugom Webdesk
ഇംഫാല്‍
December 14, 2025 10:42 pm

മണിപ്പൂരുമായി വീണ്ടും ചേരില്ലെന്നും നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശം വേണമെന്നും മണിപ്പൂരിലെ കുക്കി-സോ സംഘടനകള്‍. രാഷ്ട്രപതി ദ്രൗപദി മുര്‍മു കഴിഞ്ഞദിവസം നടത്തിയ മണിപ്പൂര്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് സംഘടനകള്‍ തങ്ങളുടെ ആവശ്യം ശക്തമാക്കിയിരിക്കുന്നത്. ഓപ്പറേഷൻസ് സസ്പെൻഷൻ കരാറിന്റെ കീഴിലുള്ള കുക്കി-സോ ഗ്രൂപ്പുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ കുക്കി-സോ മേഖലകളെ ഒഴിവാക്കിയതിലും സംഘടനകള്‍ കടുത്ത പ്രതിഷേധം അറിയിച്ചു. മണിപ്പൂർ സംസ്ഥാനവുമായി വീണ്ടും യോജിച്ചു പോകാൻ ഇനി സാധ്യമല്ലെന്ന് കുക്കി-സോ സംഘടനകള്‍ പറയുന്നു. 

വംശീയ ഉന്മൂലനത്തിന് സൗകര്യമൊരുക്കിയ ഒരു സർക്കാരിന് കീഴിൽ ഒരു ജനതയ്ക്ക് ജീവിക്കാന്‍ കഴിയില്ല. സംസ്ഥാനത്തെ നിലവിലുള്ള പ്രതിസന്ധിക്ക് ഭരണഘടനാപരവും പ്രായോഗികവുമായ ഏക പരിഹാരം നിയമസഭയോട് കൂടിയ ഒരു കേന്ദ്ര ഭരണപ്രദേശം സ്ഥാപിക്കുക മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ, കുക്കി നാഷണൽ ഓർഗനൈസേഷൻ, യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് എന്നിവയുടെ പ്രതിനിധികൾ, മണിപ്പൂർ സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ത്രികക്ഷി ചർച്ചയുടെ രണ്ടാം ഘട്ടത്തിലാണ് നിലപാട് അറിയിച്ചത്.

നിയമസഭയുള്ള ഒരു കേന്ദ്ര ഭരണപ്രദേശത്തിന് മാത്രമേ തങ്ങളുടെ പരമ്പരാഗത ഭൂമി അവകാശങ്ങൾ സംരക്ഷിക്കാനും നിഷ്പക്ഷമായ ഭരണം ഉറപ്പാക്കാനും പൊതുവിശ്വാസം പുനഃസ്ഥാപിക്കാനും കഴിയൂ എന്ന് കുക്കി-സോ ഗ്രൂപ്പുകൾ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
2023 മേയ് 3‑ന് ശേഷം മണിപ്പൂര്‍ രണ്ടായി പിരിഞ്ഞ രീതിയിലാണ് കഴിയുന്നത്. ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗത ഭൂമി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള പതിറ്റാണ്ടുകളായുള്ള നയങ്ങളുടെ ഫലമാണ് 2023‑ലെ കലാപം എന്നും സംഘടനകള്‍ ആരോപിക്കുന്നു. തദ്ദേശീയരായ ഗ്രാമീണരെ ‘കൈയേറ്റക്കാർ’, ‘നിയമവിരുദ്ധ കുടിയേറ്റക്കാർ’ എന്ന് മുദ്രകുത്തി മലയോര പ്രദേശങ്ങളിൽ നിന്ന് കുടിയിറക്കാനാണ് മണിപ്പൂർ സർക്കാർ ശ്രമം നടത്തിവരുന്നത്. സംസ്ഥാനത്തെ ക്രമസമാധാനപാലനവും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെ ചുമതലയും മണിപ്പൂർ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് പൂർണമായും നീക്കണമെന്നും കുക്കിസംഘടനകള്‍ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.