22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026

ഫാസിസത്തിനെതിരെ ഐക്യകാഹളം

സത്യന്‍ മൊകേരി
വിശകലനം
March 1, 2023 4:15 am

ഫ്രഞ്ച് ആധിപത്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്തി വിജയം കൈവരിച്ച പുതുച്ചേരി‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ്. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും ഇടത്തരക്കാരും ബുദ്ധിജീവികളും മറ്റ് തൊഴിലാളികളും യുവാക്കളും വിദ്യാര്‍ത്ഥികളും മഹിളകളും പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു. മൂന്ന് ദിവസമായി ഇവിടെ നടന്ന ദേശീയ കൗണ്‍സില്‍ യോഗം പാര്‍ട്ടിയുടെ ജനപിന്തുണ വിളിച്ചറിയിക്കുന്നതായിരുന്നു. വിദ്യാര്‍ത്ഥികളും യുവാക്കളും അടങ്ങിയ ചുവപ്പ് വോളണ്ടിയര്‍മാര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി സദാ തയ്യാറായിരുന്നു. ദേശീയ കൗണ്‍സിലിന് സ്വാഗതം നേര്‍ന്ന് കൂറ്റന്‍ ബോര്‍ഡുകളും പോസ്റ്ററുകളും പുതുച്ചേരിയില്‍ ഉടനീളം കാണാമായിരുന്നു. കൊടികളും തോരണങ്ങളും കൊണ്ട് പ്രദേശം നിറഞ്ഞിരുന്നു. ആവേശകരമായ പിന്തുണയാണ് പുതുച്ചേരിയിലെ ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സംഘടനാ പ്രവര്‍ത്തകരും ദേശീയ കൗണ്‍സിലിന് നല്കിയത്.
പുതുച്ചേരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനായ വി സുബ്ബയ്യയുടെ സ്മരണകള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഫെബ്രുവരി 26ന് ഉച്ചയ്ക്ക് 3.30 ന് സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ആരംഭിച്ചത്. ആദ്യദിവസം വൈകുന്നേരം പുതുച്ചേരി ടൗണ്‍ ഹാളില്‍ (കമ്പന്‍ കലെെ അരംഗം) നടന്ന സെമിനാര്‍ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. സിപിഐ, സിപിഐ(എം), കോണ്‍ഗ്രസ്, ഡിഎംകെ പാര്‍ട്ടി നേതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു. പുതുച്ചേരിക്ക് സംസ്ഥാന പദവി എന്നത് പുതുച്ചേരി ജനങ്ങളുടെ അഭിലാഷമാണ്. സ്വതന്ത്ര സംസ്ഥാന പദവി വൈകാതെ അനുവദിക്കണമെന്ന പ്രമേയം ദേശീയ കൗണ്‍സില്‍ പാസാക്കി. അതിനായി പുതുച്ചേരി പാര്‍ട്ടി ശക്തമായ പ്രക്ഷോഭ പരിപാടികളും തീരുമാനിച്ചിട്ടുണ്ട്. 

2022 ഒക്ടോബറില്‍ നടന്ന സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമുള്ള ആദ്യത്തെ ദേശീയ കൗണ്‍സില്‍ യോഗമാണ് പുതുച്ചേരിയില്‍ നടന്നത്. സാര്‍വദേശീയ–ദേശീയ സംഭവങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഡി രാജ അവതരിപ്പിച്ചു. 41 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിനായി പാര്‍ട്ടിയും ബഹുജന സംഘടനകളും ശക്തിപ്പെടുത്തേണ്ട പ്രാധാന്യത്തെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച.
2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നേതൃത്വം നല്കുന്ന ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുന്നതിനായി വിപുലമായ ഐക്യം വളര്‍ത്തിക്കൊണ്ടുവരുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൈവരിക്കുന്നതിനായി മതേതര–ജനാധിപത്യ വിശ്വാസികളെയും ദേശസ്നേഹികളെയും ഒരു വേദിയില്‍ അണിനിരത്തുന്നതിനുള്ള പദ്ധതികളും ചര്‍ച്ചയായി. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തൊഴിലാളികളും യുവാക്കളും വിദ്യാര്‍ത്ഥികളും ബുദ്ധിജീവി വിഭാഗവും കലാകാരന്മാരും ഗവേഷകരും ഉയര്‍ന്ന ഉദ്യോഗസ്ഥരും നിയമജ്ഞരും പത്രപ്രവര്‍ത്തകരും തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരുന്നതിന്റെ അനുഭവങ്ങളും പങ്കുവച്ചു.

ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അനുഭവങ്ങളാണ് രാജ്യത്തുള്ളത്. ചെറുകിട–ഇടത്തരം വ്യവസായങ്ങള്‍ അടച്ചുപൂട്ടപ്പെടുന്നു. തൊഴിലാളികള്‍ തൊഴിലില്‍ നിന്നും പുറത്താകുന്നു. കാര്‍ഷിക മേഖല കൂടുതല്‍ പ്രതിസന്ധിയിലാണ്. കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് വില ലഭിക്കുന്നില്ല. മേഖല പൂര്‍ണമായും കോര്‍പറേറ്റുകള്‍ കൈയ്യടക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം സമരചരിത്രത്തിലെ പുതിയ അധ്യായമാണ്. ക്ഷമ ചോദിച്ചുകൊണ്ട് ജനവിരുദ്ധ കര്‍ഷക നയങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായി. എന്നാല്‍ സംയുക്ത കര്‍ഷക മോര്‍ച്ചക്ക് നല്കിയ വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കര്‍ഷകര്‍ വീണ്ടും ‌‌‌ആരംഭിച്ച പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു.
വിദ്യാര്‍ത്ഥികളും യുവാക്കളും മഹിളകളും ആദിവാസികളും ദളിത് വിഭാഗങ്ങളും തങ്ങളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന പ്രക്ഷോഭം ഈ കാലഘട്ടത്തിലെ പ്രധാനപ്പെട്ട ജനകീയ ഇടപെടലാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യത്ത് ഭയത്തോടെയാണ് ജീവിക്കുന്നത്. അവരുടെ സംരക്ഷണം മതനിരപേക്ഷ ജനവിഭാഗങ്ങളുടെ ഉത്തരവാദിത്തമാണ്. വര്‍ഗീയവാദികള്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിച്ച് മതനിരപേക്ഷ രാഷ്ട്രസങ്കല്പം ഉയര്‍ത്തിപ്പിടിക്കാന്‍ രാജ്യത്തെ ജനങ്ങളെ അണിനിരത്തണം.
ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘ്പരിവാര്‍ സംഘടനകളും ബിജെപി നേതൃത്വം നല്കുന്ന കേന്ദ്ര–സംസ്ഥാന ഭരണകൂടങ്ങളും നടത്തുന്ന ശ്രമങ്ങളെ തുറന്നുകാണിച്ച് ജനങ്ങളെ അണിനിരത്തേണ്ടതിന്റെ പ്രാധാന്യം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചതാണ്. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ എല്ലാ ജനാധിപത്യ ശക്തികളും ഇടതുപക്ഷവും ഒന്നിക്കണമെന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആഹ്വാനം പ്രാവര്‍ത്തികമാക്കുന്നതിനായി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ദേശീയ കൗണ്‍സില്‍ നിര്‍ദേശം നല്കി. 

പുതിയ കേന്ദ്ര ബജറ്റ് പൂര്‍ണമായും കോര്‍പറേറ്റ് പ്രീണനമാണ്. കാര്‍ഷിക മേഖല, തൊഴിലുറപ്പ് പദ്ധതി, ആരോഗ്യം, പൊതുവിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് രാജ്യരക്ഷാ മേഖലയില്‍ ഉള്‍പ്പെടെ കോര്‍പറേറ്റുകള്‍ക്ക് കടന്നുവരാനുള്ള സൗകര്യം ഉറപ്പുവരുത്തി. സാമ്പത്തിക മേഖല വിദേശ–ദേശീയ കോര്‍പറേറ്റുകള്‍ക്ക് പൂര്‍ണമായും തുറന്നുകൊടുത്തു. എല്‍പിജി (ലിബറലൈസേഷന്‍, പ്രൈവറ്റൈസേഷന്‍, ഗ്ലോബലൈസേഷന്‍) പൂര്‍ണമായും ഉറപ്പുവരുത്തുന്നതാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. അഡാനി കമ്പനികള്‍ക്ക് എല്‍ഐസി, എസ്ബിഐ തുടങ്ങിയ പൊതുമേഖലാ ധനസ്ഥാപനങ്ങളില്‍ നിന്ന് വാരിക്കോരിയാണ് പണം നല്കിയത്. അഡാനിയുടെ തകര്‍ച്ച ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമ്പോള്‍ പ്രധാനമന്ത്രിയും, ധനമന്ത്രിയും മൗനം പാലിക്കുന്നു. അഡാനിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. സുപ്രീം കോടതി ഇടപെട്ടതിനു ശേഷമാണ് സര്‍ക്കാര്‍ നേരിയതോതില്‍ അനങ്ങാന്‍ തുടങ്ങിയത്. അപ്പോഴും അഡാനിയെ സംരക്ഷിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും നടത്തുന്നത്.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്നു. സ്വതന്ത്രമായ പത്രപ്രവര്‍ത്തനം അനുവദിക്കുന്നില്ല. നിരവധി പത്രപ്രവര്‍ത്തകര്‍ ജയിലിലാണ്. പ്രധാനമന്ത്രിയെ സ്തുതിക്കുന്ന മാധ്യമങ്ങളെ മാത്രമേ സഹായിക്കൂ എന്ന ഉറച്ച സന്ദേശമാണ് കേന്ദ്രം നല്കുന്നത്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ വസ്തുതകള്‍ ഉള്‍ക്കൊള്ളിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. ആഗോളതലത്തില്‍ ഇക്കാര്യം ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. ബിബിസിക്കെതിരെ പ്രതികാരബുദ്ധിയോടെ ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് നടപടികള്‍ സ്വീകരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഭരണകൂടത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനകീയ ഇടപെടലുകളാണ് വളര്‍ന്നുവരേണ്ടത്.
ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുന്നതിനായി ഇന്ത്യയിലെ എല്ലാ മതേതര ജനാധിപത്യ ശക്തികളും ഇടതുപക്ഷവും ഒരുമിക്കണമെന്ന ചിന്താഗതി രാജ്യത്ത് ശക്തമായി വളര്‍ന്നുവരുന്നുണ്ട്. എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച്, ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ കടമ. ബിജെപി-ആര്‍എസ്എസ് ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി ജനങ്ങള്‍ ഒന്നിക്കണം എന്ന സന്ദേശം നല്‍കുന്നതിനായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കാളിയായി. ത്രിപുരയിലും പശ്ചിമബംഗാളിലും സിപിഐ, സിപിഐ(എം) ഉള്‍പ്പെടെയുള്ള ഇടതുപക്ഷവും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ജനാധിപത്യ ശക്തികളും ഒരുമിച്ച് മത്സരിച്ചത്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുകയാണ് ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കടമയെന്ന രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. 

വിജയവാഡയില്‍ നടന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള സമൂര്‍ത്തമായ പരിപാടികള്‍ക്കും രൂപം നല്‍കി. പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും പാര്‍ട്ടിയെയും ബഹുജന സംഘടനകളെയും ശക്തിപ്പെടുത്തുക എന്ന കടമ ഏറ്റെടുക്കണം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍‍ ശക്തമായ പ്രചരണ പ്രക്ഷോഭ പരിപാടികള്‍ ഏറ്റെടുക്കുന്നതിനുള്ള തീരുമാനങ്ങളും ദേശീയ കൗണ്‍സില്‍ കൈക്കൊണ്ടു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.