
മരണം — 64,871
കുട്ടികള്‍ — 19,424
ഐക്യരാഷ്ട്രസഭ ജീവനക്കാര്‍ — 346
മാധ്യമപ്രവർത്തകര്‍ — 252
പരിക്കേറ്റവര്‍ — 1,64,610
തടവിലാക്കപ്പെട്ട പലസ്തീനികള്‍ — 10,000
പട്ടിണിമരണം — 422
(സെപ്റ്റംബര്‍ 14 വരെ)
ഗാസയില്‍ പലസ്തീനികള്‍ക്കുനേരെ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന് ഐക്യരാഷ്ട്രസഭ. 2023 ഒക്ടോബറിൽ ഇസ്രയേൽ സേനയും ഹമാസും തമ്മില്‍ സംഘർഷം ആരംഭിച്ചതിനുശേഷം അന്താരാഷ്ട്ര നിയമപ്രകാരം നിർവചിച്ചിരിക്കുന്ന അഞ്ച് വംശഹത്യകളിൽ നാലെണ്ണം ഗാസയില്‍ നടപ്പിലാക്കിയെന്ന് സ്വതന്ത്ര അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പ്രത്യേക വിഭാഗത്തിലെ അംഗങ്ങളെ കൊല്ലുക, ശാരീരികവും മാനസികവുമായി ഗുരുതര ഉപദ്രവം ഏല്പിക്കുക, പ്രത്യേക വിഭാഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാഹചര്യങ്ങള്‍ മനഃപൂർവം സൃഷ്ടിക്കുക, ജനനം തടയുക എന്നീ പ്രവൃത്തികളാണ് വംശഹത്യ നിര്‍വചനത്തിലുള്ളത്. അധിനിവേശ പലസ്തീനുവേണ്ടിയുള്ള യുഎന്‍ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബനീസ്, മറ്റ് വിവിധ വിഭാഗങ്ങളിലെ പ്രത്യേക പ്രതിനിധികളായ ഐറിൻ ഖാൻ, മേരി ലോലർ, ജോർജ് കാട്രൂഗലോസ് എന്നിവർ സംയുക്തമായാണ് പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യ ദുരന്തത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾ പുറത്തുവിട്ടത്.
ഗാസയിലെ പലസ്തീനികളെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലി പൗരസംഘടനാ, സെെനിക നേതാക്കളുടെ പ്രസ്താവനകളും സെെന്യത്തിന്റെ പെരുമാറ്റരീതിയും ഇതിനു തെളിവാണ്. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, 2022 നും 2024 നും ഇടയിൽ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റ് എന്നിവർ വംശഹത്യാ പ്രേരണ നല്‍കി. ഇതിനെതിരെ നടപടിയെടുക്കുന്നതില്‍ ഇസ്രയേല്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്നും അന്വേഷണ സമിതി കണ്ടെത്തി.
2023 നവംബറിൽ നെതന്യാഹു സൈനികർക്ക് എഴുതിയ കത്തും കമ്മിഷന്‍ വംശഹത്യക്ക് തെളിവായി ഉദ്ധരിച്ചിട്ടുണ്ട്. വംശഹത്യ നടത്താൻ ഉപയോഗിക്കാവുന്ന ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്യുന്നത് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ അവസാനിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. വംശഹത്യയിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ എതിരെ യുഎൻ അംഗങ്ങൾ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, യുഎന്‍ അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍ വ്യാജമാണെന്ന ആരോപണവുമായി ഇസ്രയേല്‍ രംഗത്തെത്തി. ഹമാസിന്റെ വ്യാജപ്രചാരണങ്ങളെയും വളച്ചൊടിച്ച വസ്തുതകളെയും അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് യുഎന്‍ പുറത്തുവിട്ടതെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.