29 January 2026, Thursday

Related news

January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 9, 2026
January 3, 2026

സാര്‍വത്രിക ക്ഷേമം

ജയ്സണ്‍ ജോസഫ്
തിരുവനന്തപുരം
January 29, 2026 10:35 pm

കൃത്യമായ ആസൂത്രണ മികവിൽ ‘നവ സ്വാഭാവിക’ (നിയോ നോർമൽ) സമ്പദ്‌വ്യവസ്ഥയുടെ കരുത്തിൽ സാധാരണ മനുഷ്യരെ ചേർത്തുപിടിച്ച് അവരുടെ ദുരിതമകറ്റാനാണ് ഇടതുസർക്കാരെന്ന പ്രഖ്യാപനം അന്വർത്ഥമാക്കി സംസ്ഥാന ബജറ്റ്. ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ, സാധാരണക്കാരായ തൊഴിലാളികൾ, കർഷകർ, സർക്കാർ ജീവനക്കാർ തുടങ്ങി സമസ്തമേഖലകളിലും വൻ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വയോജനങ്ങൾക്കായി പ്രത്യേക ‘എൽഡേർലി ബജറ്റ്’ അവതരിപ്പിച്ച് കേരളം രാജ്യത്തിന് പുതിയൊരു മാതൃകയും മുന്നോട്ട് വച്ചു.
1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി ആകെ ചെലവും പ്രതീക്ഷിക്കുന്നതാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ മുടങ്ങില്ലെന്ന ഉറപ്പാണ് ബജറ്റിന്റെ ഉൾക്കാമ്പ്. ക്ഷേമ പെൻഷനായി 14,500 കോടി രൂപ വകയിരുത്തി. പൊതുജനാരോഗ്യ മേഖലയിലും ഇതേ കാഴ്ചപ്പാടിൽ കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങളുണ്ടായി.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വിപുലമായ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതികൾ പ്രഖ്യാപിച്ചു. ഹരിതകർമ്മ സേനാംഗങ്ങൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, ലോട്ടറി തൊഴിലാളികൾ എന്നിവർക്ക് അപകട ലൈഫ് ഇൻഷുറൻസ് ഉറപ്പാക്കും. പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിരമിച്ചവർക്കുമായി മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് നടപ്പിലാക്കും. 

12-ാം ശമ്പള പരിഷ്കരണ കമ്മിഷനെ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കുടിശികയുള്ള എല്ലാ ഡിഎ, ഡി ആർ ഗഡുക്കളും നൽകും. ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പവും ബാക്കിയുള്ളവ മാർച്ച് മാസത്തിലും നൽകും. കുടിശിക ഘട്ടംഘട്ടമായി തീർക്കാൻ തുക വകയിരുത്തി.
പങ്കാളിത്ത പെൻഷന് (എന്‍പിഎസ്) പകരം ‘അഷ്വേർഡ് പെൻഷൻ’ പദ്ധതി നടപ്പിലാക്കും. അവസാന ശമ്പളത്തിന്റെ 50% പെൻഷനായി ഉറപ്പാക്കുന്ന ഈ പദ്ധതി ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതിലേക്ക് മാറാൻ ജീവനക്കാർക്ക് അവസരം ഉറപ്പാക്കും.
രണ്ടു മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്.
സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചായിരുന്നു ധനമന്ത്രി ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. കേരളത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കുകയും റവന്യു ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും കടമെടുപ്പുപരിധി കുറയ്ക്കുകയും ചെയ്തതിലൂടെ കേന്ദ്രസർക്കാർ കേരളത്തെ ശ്വാസം മുട്ടിച്ചു. വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും കേന്ദ്രം ചെയ്തു. ഈ വർഷം 17,000 കോടി രൂപ വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റേത് കിഫ്ബി റദ്ദ് ചെയ്യുന്ന സമീപനമാണ്. കേന്ദ്രത്തിൽ നിന്നുള്ള വെട്ടിക്കുറയ്കലുകള്‍ ആഘോഷിക്കുകയാണ് പ്രതിപക്ഷമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. 

വർഗീയതയ്ക്കെതിരെ ശക്തമായ നിലപാടും ബജറ്റിൽ ഉയര്‍ത്തി. ‘ജാതിയുടെയും മതത്തിന്റെയും സങ്കുചിത ചിന്തകളുടെയും പക്ഷത്തല്ല, മനുഷ്യന്റെ പക്ഷത്താണ് ഞങ്ങൾ. വർഗീയ ശക്തികൾ ഉയർത്തിയ ആക്രമണങ്ങളെയും പ്രചരിപ്പിച്ച അസത്യങ്ങളെയും നേരിട്ട് മുന്നേറി വന്നവരാണ് ഞങ്ങൾ. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നതല്ല ഞങ്ങളെ നയിക്കുന്ന മുദ്രാവാക്യം. അത് മതമല്ല, മതമല്ല പ്രശ്നം- എരിയുന്ന വയറിലെ തീയാണ് പ്രശ്നം എന്നതാണ്. ‘- കെ എൻ ബാലഗോപാൽ പറഞ്ഞു.
‘ഒരു കോടി മനുഷ്യരിലേക്ക് എത്തുന്ന സാമൂഹ്യസുരക്ഷാ ധനസഹായങ്ങളും അഞ്ച് ലക്ഷം മനുഷ്യർക്ക് കിടപ്പാടവും ഒരു കോടിയിലധികം പേർക്ക് സൗജന്യ ചികിത്സയും അതിദാരിദ്ര്യത്തിൽ നിന്ന് മോചനവും കടക്കെണിയിൽ വീണവർക്ക് കിടപ്പാടം സംരക്ഷിച്ച് കൊടുക്കലും സർക്കാർ പള്ളിക്കൂടങ്ങളും സർക്കാർ ആശുപത്രികളും മികച്ചതാക്കലുമാണ് ഞങ്ങൾ ഏറ്റെടുത്തത്. അത് ഞങ്ങളുടെ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം ഓരോ നിശ്വാസത്തിലും ഉയർത്തിപ്പിടിക്കുന്നുണ്ട്’, ധനമന്ത്രി അടിവരയിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.