
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ മുന്‍നിര്‍ത്തി നടത്തിയ സെമിനാറിൽ മന്ത്രി ഡോ. ആർ ബിന്ദു സമീപന രേഖ അവതരിപ്പിച്ചു. സര്‍ക്കാരിന്റെ മുൻഗണനാ മേഖലയാണ് ഉന്നത വിദ്യാഭ്യാസ രംഗമെന്ന് മന്ത്രി പറഞ്ഞു.
സർവ്വകലാശാലകളുടെ നവീകരണ പ്രക്രിയയുടെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുത്ത സർവകലാശാലകളെ 2031-ഓടെ സംരംഭക സർവ്വകലാശാലകൾ ആക്കി പുനഃക്രമീകരിക്കുകയാണ് ലക്ഷ്യം. വിദേശ വിദ്യാർഥികളെയും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിദ്യാർത്ഥികളെയും വൻതോതിൽ കേരളത്തിലെ സർവ്വകലാശാലകളിലേക്ക് ആകർഷിക്കാൻ കഴിയണമെന്നും സമീപന രേഖ ചൂണ്ടിക്കാട്ടുന്നു.
ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. നവകേരള സൃഷ്ടിക്കായി ഗവൺമെന്റ് പ്രതിജ്ഞാബദ്ധം ആണെന്ന് അദ്ദേഹം പറഞ്ഞു. ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിങ്ങിൽ ഉന്നതസ്ഥാനം നേടിയ എംജി സർവ്വകലാശാലയെ മന്ത്രി അഭിനന്ദിച്ചു. എം ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി ടി അരവിന്ദകുമാർ സ്വാഗതം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് കഴിഞ്ഞ ഒന്‍പത് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാവി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം സാർവ്വദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ സമീപനത്തെ സമ്പുഷ്ടമാക്കാൻ ആവശ്യമായ അഭിപ്രായങ്ങളും ആശയങ്ങളും ക്രോഡീകരിക്കാനായി
വിഷയാധിഷ്ഠിതമായി എട്ടു മേഖലകൾ തിരിച്ച് സാങ്കേതിക സെഷനുകളും സാങ്കേതിക സെഷനുകൾക്ക് കൂടുതൽ ദിശാബോധം ഉറപ്പാക്കുന്ന വിധത്തിൽ പ്ലീനറി പ്രഭാഷണങ്ങളും സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ചു.
തുടർന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ച പ്ലീനറി സെഷനിൽ പ്രൊഫസർമാരായ എൻ വി വർഗീസ്, ഗംഗൻ പ്രതാപ്, സജി ഗോപിനാഥ്, ശ്യാം ബി മേനോൻ എന്നിവർ സംസാരിച്ചു. ഇതോടോപ്പം ബസേലിയസ്, ബി. സി. എം കോളേജുകളിലായി വിവിധ വിഷയങ്ങളിൽ സമാന്തര സെഷനുകളും സംഘടിപ്പിച്ചിരുന്നു. തുടർന്ന് നടന്ന പാനൽ സംഗ്രഹങ്ങളുടെ അവതരണത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. രാജൻ വർഗീസ് മോഡറേറ്റർ ആയി.
ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ക്രോഡീകരണവും ഉപസംഹാരവും നടത്തി. എംജി സർവകലാശാല രജിസ്ട്രാർ പ്രൊഫ. ബിസ്മി ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.