കാര്‍ഷിക മേഖലയുടെ വികസനത്തിനുതകുന്ന പദ്ധതികളുമായി കേരള കാര്‍ഷിക സര്‍വകലാശാല. കാർഷിക സർവകലാശാലയുടെ പുതിയ വർഷത്തേക്കുള്ള ബജറ്റ് കൃഷി മന്ത്രിയും സർവകലാശാല പ്രൊചാൻസലറുമായ പി പ്രസാദ് അവതരിപ്പിച്ചു. 650.79 കോടി രൂപ വരവും 909.32 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 258.53 കോടി രൂപയുടെ കമ്മി ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്.
‘സദ്ഗമയ’ എന്ന പേരിൽ കാർഷിക സർവകലാശാലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ലോക ബാങ്ക് ധനസഹായത്തോടുകൂടി നെൽപ്പാടങ്ങളിൽ നിന്നുള്ള ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള പദ്ധതിയായ കേര പദ്ധതി അടുത്ത വർഷം നടപ്പിലാക്കും. ഇതിനായി 24.77 കോടി രൂപ വകയിരുത്തി. കാർഷിക സർവകലാശാല വൈനറിയിൽ ഉത്പാദിപ്പിക്കുന്ന നിള വൈൻ അടുത്തവർഷം വിപണിയിൽ എത്തും. കെടിഡിസി ബിയർ‑വൈൻ പാർലറുകളിൽ 2000 രൂപയ്ക്ക് മേൽ ബിൽ വരുന്ന ഉപഭോക്താക്കൾക്ക് 750 മില്ലിലിറ്റര്‍ വൈൻ സൗജന്യമായി നൽകും.
ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം, ലൈബ്രറി ശാക്തീകരണം എന്നിവയ്ക്ക് തുക വകയിരുത്തി. ഗവേഷണ രംഗത്ത് നിർമ്മിത വിദ്യ ബുദ്ധി ഉപയോഗിച്ചുള്ള കീടരോഗ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കും. ഉയർന്ന ഉൽപാദന ക്ഷമതയുള്ള ഇനങ്ങളുടെ വികസനവും ഉയർന്ന വിളവും വിവിധ പ്രതികൂല ഘടകങ്ങളെ പ്രതിരോധിക്കാനുാവുന്ന നെല്ലിനങ്ങളുടെയും സങ്കരയിനം പച്ചക്കറികളും വികസിപ്പിച്ചെടുക്കും. തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള ടിഷ്യുകൾച്ചർ സാങ്കേതികവിദ്യയുടെയും നെല്ലിലെ ജല ഉപയോഗം കുറയ്ക്കുന്നതിനും സംവിധാനമൊരുക്കും.
പരിസ്ഥിതി സൗഹൃദ സസ്യ സംരക്ഷണത്തിനായി നാനോ ഉല്പന്നങ്ങൾ വികസിപ്പിക്കുകയും സംരംഭകത്വത്തെ പിന്തുണയ്ക്കാൻ കഴിയുന്ന രീതിയിൽ കാർഷിക മേഖലയിലെ ഗവേഷണങ്ങൾ ശക്തിപ്പെടുത്തും. കർഷകർക്കു ഗുണനിലവാരമുള്ള വിത്തുകൾ, നടീൽ വസ്തുക്കൾ, ജൈവ ഉപാധികൾ എന്നിവ ന്യായമായ വിലക്ക് ലഭ്യമാക്കുക ലഭ്യമാക്കുന്നതിനായും തുക വകയിരുത്തിയിട്ടുണ്ട്.കാർഷിക സാങ്കേതികവിദ്യകളുടെ കർഷക പങ്കാളിത്ത വികസനത്തിനും പ്രചരണത്തിനുള്ള പദ്ധതികളും ഫാം ടൂറിസം, ഇൻക്യുബേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി വിവിധ ക്യാമ്പസുകളിൽ ഹോസ്റ്റലുകളുടെ നിർമ്മിക്കുകയും ബാലരാമപുരത്ത് നാളികേര മ്യൂസിയം സ്ഥാപിക്കുകയും ചെയ്യും. കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി അശോക്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റവന്യു മന്ത്രി അഡ്വ. കെ രാജൻ, എംഎല്‍എമാരായ ജി എസ് ജയലാൽ, പി നന്ദകുമാർ, പി പി സുമോദ്, ഡോ.സുരേഷ് കുമാർ പി കെ, ഡോ.തുളസി വി, ഷിബു സി എൽ, ജനറല്‍ കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.