പ്രധാനമന്ത്രിക്ക് സ്വന്തം വിദ്യാഭ്യാസയോഗ്യതയെ കുറിച്ച് ജനങ്ങളോട് തുറന്നുപറയാന്‍ മടിയാണെന്നും അക്കാര്യത്തില്‍ സുതാര്യതയില്ലെന്നും വ്യക്തമാക്കി ഡല്‍ഹി സര്‍വകലാശാലയുടെ സത്യവാങ്മൂലം. നരേന്ദ്ര മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്നും അത് അപരിചിതരുമായി പങ്കുവയ്ക്കാനോ, വെളിപ്പെടുത്താനോ കഴിയില്ലെന്നുമാണ് സര്‍വകലാശാല ഹൈക്കോടതിയില്‍ അറിയിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായത്. വിവരാവകാശ നിയമത്തിലെ വകുപ്പ് ആറ് അനുസരിച്ച് വിവരങ്ങള്‍ നല്‍കാനാണ് അപേക്ഷയില്‍ പറയുന്നത്. എന്നാല്‍ ഈ നിയമം മൂന്നാമതൊരാളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനുള്ളതല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറയുന്നു. മോഡി ബിരുദം പാസായ 1978ലെ ഡിഗ്രി വിദ്യാര്‍ത്ഥികളുടെ രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാല 2017ല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രധാനമന്ത്രി അടക്കമുള്ള ഭരണാധികാരികളുടെ പ്രവര്‍ത്തനത്തിലെ സുതാര്യത, ഉത്തരവാദിത്തം എന്നിവയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ വിവരാവകാശ നിയമം ദുരുപയോഗം ചെയ്യാന്‍ കഴിയില്ല. മോഡിയുടെ ബിരുദത്തെച്ചൊല്ലി ഊഹാപോഹങ്ങളും വാദങ്ങളും നിലനില്‍ക്കെ ഇത്തരത്തിലുള്ള കൂടുതല്‍ അപേക്ഷകള്‍ക്ക് വഴിയൊരുക്കും. 1978ലെ എല്ലാ ബിരുദധാരികളുടെയും വിവരങ്ങളാണ് അപേക്ഷയില്‍ ചോദിച്ചിരിക്കുന്നത്. ഇത്തരം അപേക്ഷകള്‍ ഇനിയും ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ പ്രവര്‍ത്തകന്‍ നീരജ് കുമാറാണ് ഡല്‍ഹി സര്‍വകലാശാലയിലെ 1978 ബാച്ചിലെ ബിരുദധാരികളുടെ വിവരങ്ങള്‍ തേടി അപേക്ഷ നല്‍കിയത്. എല്ലാ സര്‍വകലാശാലകളും പൊതുസ്ഥാപനങ്ങളാണെന്നും ബിരുദവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും യൂണിവേഴ‍്സിറ്റി സ്വകാര്യ രജിസ്റ്ററില്‍ ലഭ്യമാണെന്നും കേന്ദ്ര വിവരാവകാശ കമ്മിഷന്‍ 2016ല്‍ നിരീക്ഷിച്ചിരുന്നു. അത് പൊതു രേഖയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
മോഡിയുടെ വിദ്യാഭ്യാസം സംബന്ധിച്ച് ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ‍്‍രിവാള്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഗുജറാത്ത് സര്‍വകലാശാല മാനനഷ്ടക്കേസ് നല്‍കിയിരുന്നു. വിചാരണക്കോടതി അദ്ദേഹത്തിന് അയച്ച സമന്‍സ് റദ്ദാക്കാന്‍ സുപ്രീം കോടതി പിന്നീട് വിസമ്മതിച്ചു. ഡല്‍ഹി യൂണിവേഴ‍്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം മോഡി ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയെന്നാണ് ബിജെപിയുടെ അവകാശവാദം. മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരങ്ങള്‍ കെജ‍്‍രിവാളിന് നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ 2016ല്‍ നല്‍കിയ നിര്‍ദേശം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.