എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരം കൂടുതല്‍ വിപുലീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കേസുകളുടെ ബന്ധപ്പെട്ട വിവരങ്ങള്‍ ഇഡിയുമായി പങ്കിടാൻ 15 വകുപ്പുകളോടുകൂടി നിര്‍ദ്ദേശിച്ചു.
മിലിട്ടറി ഇന്റലിജന്‍സ്, വിദേശകാര്യ മന്ത്രാലയം, നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇഡിയുമായി വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് ധനമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. എന്‍ഐഎ, ഗുരുതര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, സംസ്ഥാന പൊലീസ് വകുപ്പുകള്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ, പ്രത്യേക അന്വേഷണ സംഘം, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ എന്നിവയുടെ അന്വേഷണം ഇഡിയുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുകയാണെങ്കില്‍ വിവരങ്ങള്‍ ഇഡിയുമായി പങ്കുവയ്ക്കണം.
കേന്ദ്ര സിവില്‍ സര്‍വീസസ് ചട്ടങ്ങളുടെ കീഴിലുള്ള അന്വേഷണ അതോറിറ്റിയും കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ സമ്മതത്തോടെ നിയമിച്ച മറ്റേതെങ്കിലും പ്രാഥമിക അന്വേഷണ അതോറിറ്റിയും കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ ഡിസിപ്ലിനറി അതോറിറ്റിയും വിവരങ്ങള്‍ പങ്കുവയ്ക്കണം. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിഎംഎല്‍എ പ്രകാരം കേസെടുക്കാന്‍ ഇഡിക്ക് അധികാരമുണ്ടാകും. പിന്നീട് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഏജന്‍സിക്ക് നടപടിയെടുക്കാം.
2006‑ല്‍ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ഡയറക്ടര്‍ (ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്, റവന്യൂ വകുപ്പ്), കാബിനറ്റ് സെക്രട്ടേറിയറ്റ് (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്), ആഭ്യന്തര മന്ത്രാലയം, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, ഇന്റലിജന്‍സ് ബ്യൂറോ, സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം, സംസ്ഥാന സര്‍ക്കാരുകളുടെ ചീഫ് സെക്രട്ടറിമാര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കമ്പനി കാര്യ വകുപ്പ്, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ ഇഡിയുമായി വിവരങ്ങള്‍ പങ്കിടാന്‍ ബാധ്യസ്ഥരായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഇഡി കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ ഏജന്‍സികളുടെ വിവരങ്ങള്‍കൂടി ലഭിക്കുന്നതോടെ അധികാരപരിധി കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഇഡിക്ക് സാധിക്കും. സമീപവര്‍ഷങ്ങളിലായി ഒരു ലക്ഷം കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനുള്ള ഉപകരണമായി ഇഡിയെ ഉപയോഗിക്കുന്ന സാഹചര്യമുള്ളപ്പോള്‍ കൂടുതല്‍ അധികാരം നല്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു.
English Summary: Unlimited power to the Enforcement Directorate
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.