30 October 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 30, 2024
October 29, 2024
October 29, 2024
October 24, 2024
October 23, 2024
October 23, 2024
October 21, 2024
October 20, 2024
October 15, 2024

തളരാത്ത ആവേശം; പ്രതീക്ഷയുടെ പ്രദീപ്

ചില്ലോഗ് തോമസ് അച്ചുത്
ചേലക്കര
October 30, 2024 10:21 am

‘ഇതാ കടന്നുവരുന്നു… ആവേശപ്പെരുമഴയായി വികസന നായകന്‍ യു ആര്‍ പ്രദീപ്, അനുഗ്രഹിക്കുക, പിന്തുണയ്ക്കുക’എന്ന് അനൗണ്‍സ്‌മെന്റ് വാഹനം ചേലക്കരയുടെ ഗ്രാമവീഥികളിലൂടെ കടന്നുപോകുമ്പോള്‍ ഓരോ വീടുകളില്‍ നിന്നുമുയരുന്നത് വിജയാഹ്ലാദങ്ങളാണ്. മൂന്ന് പതിറ്റാണ്ടായി വികസനവും ജനക്ഷേമവും ചേലക്കരയ്ക്ക് സമ്മാനിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കാനും തങ്ങളുടെ പ്രിയപ്പെട്ട പ്രദീപേട്ടനെ കാണാനും ഗ്രാമവീഥികള്‍ കാത്തുനില്‍ക്കുകയായിരുന്നു. രാധേട്ടന്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന ഒറ്റ വാക്ക് മതി ചേലക്കരയിലെ ജനങ്ങള്‍ക്ക് മറുചിന്തകളേതുമില്ലാതെ എല്‍ഡിഎഫിന് വോട്ട് കുത്താൻ.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും വിവിധ ഗ്രൂപ്പുകള്‍ക്കിടയിലുമുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാൻ കഴിയാതെ യുഡിഎഫിലും എൻഡിഎയിലും അസ്വസ്ഥത പുകയുമ്പോഴും ഒറ്റക്കെട്ടായ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് എൽഡിഎഫ്. രാഷ്ട്രീയ, വികസന വിഷയങ്ങൾ മുന്നോട്ടുവച്ച‌് പ്രചരണത്തിൽ ബഹുദൂരം മുന്നിലെത്തി. മണ്ഡലം കൺവെൻഷനുകളും മേഖലാ കണ്‍വെന്‍ഷനുകളും പൂര്‍ത്തീകരിച്ച് ബൂത്തുതല കൺവെൻഷനുകളിലേക്കും പൊതുപര്യടനത്തിലേക്കും എല്‍ഡിഎഫ് കടന്നു.

തിരുവില്വാമല ഗ്രാമപഞ്ചായത്തില്‍ നിന്നും രാവിലെ എട്ട് മണിയോടെ സ്ഥാനാര്‍ത്ഥിയുടെ പൊതുപര്യടനം ആരംഭിച്ചു. ചേലക്കരയുടെ വികസന നായകന്‍ കെ രാധാകൃഷ്ണന്‍ തിരുവില്വാമല പാമ്പിന്‍കാവില്‍ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച പര്യടനം നാരായണമംഗലം, സൂപ്പര്‍ ജങ്ഷന്‍, പാട്ടുപുര, കയറംപാറ, ഗരുഡന്‍ കമ്പനിപ്പടി, ലക്ഷം വീട് കഴിഞ്ഞ് കൈത്തറി നെയ്ത്തിനുപേരുകേട്ട കുത്താമ്പുള്ളി ഗ്രാമത്തിലേക്ക് എത്തിയപ്പോള്‍ ലഭിച്ച സ്വീകരണം ആവേശജനകമായിരുന്നു. കനത്ത വെയിലും ചൂടും അവഗണിച്ച് മണിക്കൂറുകളോളമാണ് നെയ്ത്തുതൊഴിലാളികളായ സ്ത്രീകള്‍ കാത്തുനിന്നത്. സ്ഥാനാര്‍ത്ഥിയെ ആശ്ലേഷിച്ചും ചുംബനം നല്‍കിയും അമ്മമാര്‍ സ്നേഹം പ്രകടിപ്പിച്ചു.
“മോനെ മുന്നത്തെ നിങ്ങടെ ആള് ചെയ്തത് കണ്ടില്ലേ, അതിലും മിടുക്കനായി കാര്യങ്ങള്‍ ചെയ്യണം കേട്ടോ” എന്ന് കാത്തുനിന്ന മുതിര്‍ന്നവര്‍ പറഞ്ഞു. എവിടെ ചെന്നാലും കെ രാധാകൃഷ്ണൻ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ തുടരണമെന്നു തന്നെയാണ് ഇക്കാലമത്രയും ഇടത് മുന്നണിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് പറയാനുള്ളത്.
യുവജന സംഘടനകളായ എഐവൈഎഫ്, ഡിവൈഎഫ്ഐ, തൊഴിലാളി സംഘടനകളായ എഐടിയുസി, സിഐടിയു, മഹിളാസംഘടനകളായ കേരള മഹിളാസംഘം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, കര്‍ഷക സംഘടനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി.

അയ്യപ്പൻകാവ്, ആനപ്പാറ, എരവതൊടി, കുണ്ടുപറമ്പ്, പള്ളിവാസല്‍, പട്ടിപ്പറമ്പ്, മേപ്പാടുംകുന്ന്, കാട്ടിൻചിറ, മേലേശമംഗലം പ്ലാവിൻചുവട്, ചക്കപ്പൻകാട്, കല്ലുവെട്ടിപ്പറമ്പ്, കുണ്ടുകാട് എന്നിവിടങ്ങളിലെത്തിയ പര്യടനം ഉച്ചയ്ക്ക് ശേഷം പഴയന്നൂര്‍ പഞ്ചായത്തിലേക്ക് കടന്നു. പഴയന്നൂര്‍ ടൗണ്‍, പുഞ്ചപ്പാടം നഗര്‍, പൊട്ടൻകോട്, മഞ്ചാടി, കാനാശേരി, തേക്കിൻകാട് കോളനി തുടങ്ങി 49 ഓളം കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെത്തി. രാത്രി ഏറെ വൈകിയിട്ടും തൃക്കണ്ണായയിലെത്തിയ പര്യടനത്തെ സ്വീകരിക്കാൻ നിരവധി പേരാണ് ഒത്തുകൂടിയത്.
സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം ടി പ്രദീപ്കുമാര്‍, ജില്ലാ കൗണ്‍സിലംഗം കെ കെ ജോബി, മണ്ഡലം സെക്രട്ടറി പി ശ്രീകുമാരൻ, സിപിഐ(എം) ലോക്കല്‍ സെക്രട്ടറി കെ ആര്‍ മനോജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഉമാശങ്കര്‍, പി ഗോപദാസ്, സിപിഐ തിരുവില്വാമല ലോക്കല്‍ സെക്രട്ടറി കെ ആര്‍ സത്യൻ, ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി മധു ആനന്ദ്, ജില്ലാ പഞ്ചായത്തംഗം ദീപ എസ് നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു സുരേഷ്, ദേവാനന്ദൻ, സുരേഷ് ബാബു, എല്‍ഡിഎഫ് കണ്‍വീനര്‍ പി എ ബാബു, തുടങ്ങിയവരാണ് സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.