
കാലവർഷം ആരംഭിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും പെരുമഴ പെയ്ത്തിന് ശമനമില്ല. കുട്ടനാട് — അപ്പർ കുട്ടനാട് മേഖലകൾ വെള്ളത്തിൽ മുങ്ങുന്നു. പ്രധാന നദികളിലെ ജലനിരപ്പ് അപകട നിലയിൽ എത്തിയതോടെ അലാർട്ട് പ്രഖ്യാപിച്ചു. ലിങ്ക് റോഡുകളിലെ ബസ് സർവ്വീസുകൾ പലതും നിർത്തിവെച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒട്ടാകെ പെയ്യുന്ന മഴയും ശക്തമായ കാറ്റും കുട്ടനാട് അപ്പർ കുട്ടനാട് മേഖലയിലെ താമസക്കാരെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ നാല് തവണയാണ് അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നത്. ദിവസങ്ങളായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവും വർദ്ധിച്ചതോടെ വീണ്ടും പ്രതിസന്ധി നേരിടുകയാണ്. അപ്പർ കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇതിനോടകം മുങ്ങി തുടങ്ങി. ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ വെള്ളത്തിൻ്റെ വരവും നിലച്ചിട്ടില്ല. സംഭരണ ശേഷിക്ക് അതീതമായി ഒഴുകിയെത്തുന്ന ജലവും മഴവെള്ളവും കെട്ടിക്കിടന്ന് ജലനിരപ്പ് അടിക്കടി ഉയർന്നു കൊണ്ടിരിക്കുകയാണ്.
മുട്ടാർ, തലവടി, നിരണം, വീയപുരം, എടത്വാ, തകഴി, ചെറുതന, പള്ളിപ്പാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. തലവടി, മുട്ടാർ പഞ്ചായത്തിൽ ജനജീവിതം കടുത്ത ദുരിതത്തിൽ എത്തിയിട്ടുണ്ട്. തലവടിയിൽ നിരവധി വീടുകൾ ഇതിനോടകം വെള്ളത്തിൽ മുങ്ങുകയും വീട്ടുകാർ താമസം മാറുകയും ചെയ്തിട്ടുണ്ട്. ക്ഷീര കർഷകരാണ് കടുത്ത യാതന അനുഭവിക്കുന്നത്. തൊഴുത്തുകളിൽ വെള്ളം കയറാൻ തുടങ്ങിയതോടെ പൊക്ക പ്രദേശങ്ങളിലേയ്ക്ക് പശുക്കളെ മാറ്റിയിട്ടുണ്ട്. മറ്റ് വളർത്തു മൃഗങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. തലവടി കുതിരച്ചാൽ — കുന്നുമ്മാടി പ്രദേശങ്ങളിൽ 50 ഓളം താമസക്കാർ പ്രതിസന്ധിയിലാണ്. പമ്പയും അച്ചൻകോവിലും കരകവിഞ്ഞാൽ അദ്യം വെള്ളം എത്തുന്ന പ്രദേശമായി മാറിയിട്ടുണ്ട്. മുട്ടാർ പഞ്ചായത്തിലും സമാന അവസ്ഥയാണ് നിലനിൽക്കുന്നത്. കുട്ടനാട്ടിലെ സർവ്വീസ് റോഡുകളിൽ ആദ്യം മുങ്ങുന്ന മുട്ടാർ പ്രദേശത്തെ ജനജീവിതം കടുത്ത ദുരിതത്തിൽ എത്തിയിട്ടുണ്ട്. വെള്ളം ഉയരുന്നതോടെ എസി റോഡിലോ അമ്പലപ്പുഴ — തിരുവല്ല സംസ്ഥാന പാതയിലോ എത്താൻ കഴിയാത്ത അവസ്ഥയാണ്. റോഡിൽ വെള്ളം ഉയരുന്നതോടെ നിത്യോപയോഗ സാധനങ്ങളും പ്രദേശത്ത് എത്തുകയില്ല. മഴ ശക്തി പ്രാപിച്ചാൽ വെള്ളപ്പൊക്കത്തിന് മുൻപേ മുട്ടാറ്റിലെ താമസക്കാർ വീടു വിട്ട് പോകുന്ന കാഴ്ചയാണ്. മറ്റ് പഞ്ചായത്തിലും സമാന അവസ്ഥ നിലനിൽക്കുന്നുണ്ട്. ഉൾപ്രദേശങ്ങളിലെ താമസക്കാരും നദീതീരങ്ങളിലെയും പാടശേഖര പുറംബണ്ടുകളിലെ താമസക്കാരും കടുത്ത ദുരിതം അനുഭവിക്കുകയാണ്.
മഴ കനത്തതോടെ കുട്ടനാട്ടിലേയ്ക്ക് ഒഴുകുന്ന പ്രധാന നദികളായ പമ്പാ, മണിമല ആറുകൾക്ക് അലാർട്ട് പ്രഖ്യാപിക്കുകയും ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ജലാശയങ്ങൾ മുറിച്ച് കടക്കുന്നതിനും നീന്തുന്നതിനും വിലക്ക് ഏർപെടുത്തി. വരുന്ന രണ്ട് ദിവസങ്ങൾ കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാലാണ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളത്. കുട്ടനാട് — അപ്പർ കുട്ടനാട് മേഖലയിലെ ചില റോഡുകളിൽ വെള്ളം ഉയർന്നതിനാൽ കെഎസ്ആർടിസി ബസ് സർവ്വീസ് നിർത്തി വെച്ചിട്ടുണ്ട്. നീരോറ്റുപുറം — മുട്ടാർ — കിടങ്ങറ, മിത്രക്കരി — മുട്ടാർ, എടത്വാ- കളങ്ങര — വേഴപ്ര, എടത്വാ- തായങ്കരി — കൊടുപ്പുന്ന എന്നീ റോഡുകളിലെ സർവ്വീസ് നിർത്തിവെച്ചു. അമ്പലപ്പുഴ — തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്ത് വെള്ളം കയറിയെങ്കിലും സർവ്വീസ് നിർത്തിവെച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.