17 November 2024, Sunday
KSFE Galaxy Chits Banner 2

ഉത്തരേന്ത്യയില്‍ ശമിക്കാതെ രാഷ്ട്രീയച്ചൂട്

Janayugom Webdesk
രാഷ്ട്രീയ തന്ത്രങ്ങള്‍
August 23, 2022 5:30 am

10 ലക്ഷം തൊഴിലവസരം; പ്രതിജ്ഞ നിറവേറ്റുമെന്ന് തേജസ്വി

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തന്റെ പഴയ പ്രതിജ്ഞ നിറവേറ്റുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന തന്റെ വാഗ്ദാനത്തെക്കുറിച്ചാണ് ഓര്‍മ്മിപ്പിച്ചത്. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. തന്റെ സര്‍ക്കാരിനകത്തും പുറത്തുമായി 20 ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പുതിയ പ്രഖ്യാപനമാണ് പ്രസംഗത്തിലൂടെ നടത്തിയത്.

സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യവും മോഡിക്കെതിരെയുള്ള നിതീഷ്‌കുമാറിന്റെ പ്രധാനമന്ത്രി സ്ഥാനാഭിലാഷവും മുന്നില്‍ക്കണ്ടാണ് തേജസ്വിയുടെ മാസ്റ്റര്‍ സ്ട്രോക് കളിയെന്ന് മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു. തേജസ്വി പ്രഖ്യാപിച്ച തൊഴിലവസരങ്ങളെക്കുറിച്ച് വേദിയിലുണ്ടായ മുഖ്യമന്ത്രി നിതീഷ്‌കുമാറും വാചാലനായി. ‘ഞങ്ങള്‍ ഇപ്പോള്‍ ഒന്നിച്ചാണ്. ഞങ്ങള്‍ യുവാക്കളുടെ തൊഴിലിനുവേണ്ടി പ്രവര്‍ത്തിക്കും’ ‑മുഖ്യമന്ത്രി പറഞ്ഞു. നിതീഷിന്റെ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനെ എതിര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് ഈ പിന്തുണ. 

ഗുലാം നബി ആസാദിന്റെ പിണക്കം

കോണ്‍ഗ്രസ് പാര്‍ട്ടി അനുവദിച്ച ഏറ്റവും പുതിയ പദവിയും ഗുലാം നബി ആസാദ് നിരസിച്ചു. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതിയുടെ അധ്യക്ഷനായും രാഷ്ട്രീയകാര്യ സമിതി അംഗമായുമാണ് ഹൈക്കമാന്‍ഡ് നിയമിച്ചത്. എന്നാല്‍ ഗുലാം നബി ആസാദ് ഏറെ അസ്വസ്ഥനാണ്. പാര്‍ട്ടി നിലപാടില്‍ അമര്‍‍ഷം തോന്നിയ ജി-23 നേതാവ് കൂടിയായ അദ്ദേഹം രണ്ട് പദവികളും ഏറ്റെടുത്തില്ല.

GUlam nabi

കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതി അംഗമാണെന്നതിനാല്‍, പുതിയ നിയോഗം തരംതാഴ്ത്തലാണോ എന്ന സംശയം ആസാദിലുണ്ടോ എന്നാണ് സംസാരം. അദ്ദേഹത്തിന്റെ അടുത്ത അനുയായി കൂടിയായ ഗുലാം അഹമ്മദ് മിറിനെ ജമ്മു കശ്മീര്‍ ഘടകത്തിന്റെ തലപ്പത്തുനിന്ന് പുറത്താക്കിയതോടെയാണ് പുതിയ ചുമതലകള്‍ ഏറ്റെടുക്കില്ലെന്ന് തീരുമാനിച്ചതും. അഹമ്മദ് മിറിനുപകരം വികാര്‍ റസൂല്‍ വാനിയെയാണ് കോണ്‍ഗ്രസ് തല്‍സ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്.

യുപിയില്‍ ശിവ്പാല്‍ യാദവ് കോണ്‍ഗ്രസുമായി സഹകരിച്ചേക്കും

പ്രഗതിശീല്‍ സമാജ്‌വാജി പാര്‍ട്ടി (പിഎസ്‌പി) അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് കോണ്‍ഗ്രസുമായി കൈകോര്‍ത്തേക്കുമെന്നാണ് സൂചന. അദ്ദേഹം കോണ്‍ഗ്രസ് നേതാവ് പ്രമോദ് കൃഷ്ണന്റെ സഹായത്തോടെ പാര്‍ട്ടിയുമായി സജീവ ചര്‍ച്ചകളിലാണ്. കോണ്‍ഗ്രസില്‍ ലയിക്കുന്നതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. യുപി പ്രദേശ് കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയാണ് ശിവ്പാല്‍ ആവശ്യപ്പെടുന്നത്.
ശിവ്പാലിനെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രിയങ്ക ഗാന്ധിക്ക് താല്പര്യമുണ്ടെന്നും അവരുമായും കൂടിയാലോചനകള്‍ നടക്കുന്നുവെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. യാദവര്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഠാക്കൂര്‍മാര്‍ക്കും ഇടയില്‍ സ്വാധീനമുള്ള നേതാവായിട്ടാണ് ശിവ്പാല്‍ യാദവ് അറിയപ്പെടുന്നത്. നിലവില്‍ പിഎസ്‌പിയുടെ ഏക എംഎല്‍എയാണ് അദ്ദേഹം.
അതിനിടെ മഹാന്‍ദള്‍, ജന്‍വാദി പാര്‍ട്ടി (സോഷ്യലിസ്റ്റ്) എന്നിവയുമായി കൈകോര്‍ക്കാന്‍ സമാജ്‌വാദി പാര്‍ട്ടി ശ്രമം തുടങ്ങി. അപ്‌നാദള്‍ (കാമറവാദി) തലവന്‍ കൃഷ്ണ പട്ടേലുമായി എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നു.

ഗുജറാത്തിലും ഹിമാചലിലും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും വാഗ്ദാനം ചെയ്ത് കെജ്‌രിവാള്‍

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലുമാണ് ആംആദ്മി പാര്‍ട്ടി(എഎപി) ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. രണ്ട് സംസ്ഥാനങ്ങളിലും അവര്‍ക്ക് ഭേദപ്പെട്ട ജനപിന്തുണയുണ്ട്. പൊതുയോഗങ്ങളിലും വലിയ ആള്‍ക്കുട്ടമാണ്. സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നല്‍കുമെന്ന വാഗ്ദാനമാണ് പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അവര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. ഇതൊന്നും ‘സൗജന്യങ്ങള്‍’ അല്ലെന്നും നിയമവ്യവഹാരത്തിന്റെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യയെ ഒന്നാംനമ്പര്‍ ആക്കാമെന്ന കെജ്‌രിവാളിന്റെ പ്രഖ്യാപനം ബിജെപിയെ അലോസരപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പ് മുന്നിലെത്തിനില്‍ക്കെ ഇത് ബിജെപിയില്‍ ആശങ്കയും സൃഷ്ടിക്കുന്നു. ഹിന്ദുപക്ഷവും ദേശീയതയും ബിജെപിയേക്കാള്‍ മികച്ച രീതിയിലാണ് എഎപി അവതരിപ്പിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കെജ്‌രിവാളിനെ വീണ്ടും ദേശവിരുദ്ധനെന്നോ നഗര നക്സലെന്നോ വിമര്‍ശിക്കാന്‍ ബിജെപിക്ക് ഇപ്പോള്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം.

അംബികാ സോണി വീണ്ടും സജീവം

കോവിഡ് ബാധിച്ചുള്ള അഖിലേന്ത്യാ കോണ്‍‍ഗ്രസ് ട്രഷറര്‍ അഹമ്മദ് പട്ടേലിന്റെ വേര്‍പാടോടെ പാര്‍ട്ടി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുകയാണ് വര്‍ക്കിങ് കമ്മിറ്റിയംഗം അംബികാ സോണി. ദേശീയതലത്തില്‍ അവര്‍ക്ക് വീണ്ടും പ്രാധാന്യവും കൈവന്നിരിക്കുന്നു. നിലവില്‍ പ്രധാനപ്പെട്ട ചുമതലകളൊന്നുമില്ലെങ്കിലും കോണ്‍ഗ്രസിലെ ഏറ്റവും ശക്തയായ മൂന്നാമത്തെ വനിത എന്ന നിലയിലേക്കാണ് അംബികാ സോണിയുടെ വരവ്. 

ambika soni

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് ആസ്ഥാനത്ത് കോവിഡ് ബാധിതയായ സോണിയാ ഗാന്ധിയുടെ അഭാവത്തില്‍ അംബികാ സോണിയാണ് ദേശീയപതാക ഉയര്‍ത്തിയത്. പാര്‍ട്ടി ദേശീയ പ്രസിഡന്റിന്റെ രാഷ്ട്രീയ സെക്രട്ടറിയായി അംബികാ സോണിയെ ചുമതലപ്പെടുത്തുമെന്ന് നേരത്തെ തന്നെ സംസാരമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.