
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾക്ക് അക്രമത്തിൽ പരിക്കേറ്റതായും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ലേയിൽ നടന്ന പ്രകടനത്തിനിടെ ഒരു വിഭാഗം യുവാക്കൾ പോലീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസിന് തീയിടുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളാകുകയായിരുന്നു. പോലീസും അർദ്ധസൈനിക വിഭാഗവും സമരക്കാർക്കുനേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.സംഘർഷം രൂക്ഷമായതോടെ, ലേ ജില്ലയിൽ അധികൃതർ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് വിലക്കിയിട്ടുണ്ട്.
അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, 15 ദിവസം നീണ്ട നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചു. സമാധാനം പാലിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം യുവാക്കളോട് എക്‌സ് ഹാൻഡിലിലൂടെ പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ (എൽ.എ.ബി) യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും നൽകണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. ഈ സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങൾ തെരുവിലിറങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.