അമ്പലപ്പുഴയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. റോഡ് നിർമാണ പ്രവർത്തികളിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. കുണ്ടും കുഴിയും വെള്ളക്കെട്ടുംനിറഞ്ഞ റോഡുകളാണ് അപകടങ്ങൾക്ക് കാരണം.
അമ്പലപ്പുഴ മേഖലയിൽ ദിനം പ്രതി വാഹനാപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ തിരിച്ച് കിട്ടുന്നത്. ഏപ്രിലിൽ പുറക്കാട്ട് ക്ഷേത്രദർശനത്തിന് പോകുകയായിരുന്ന മൂന്നംഗ കുടുംബത്തിന്റെ ജീവൻ വാഹനാപകടത്തിൽ പൊലിഞ്ഞിരുന്നു.
നിർമാണത്തിലെ അപാകതമൂലം ഇവിടെ വേറെയും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പുന്നപ്ര കുറവന്തോട് ആലപ്പുഴ ജനറൽ ആശുപത്രിയിലെ മെയിൽ നഴ്സ് ബൈക്കപകടത്തിൽ മരിക്കാനിടയായതാണ് അവസാന അപകടം. ടാറിങ്ങിന് മുമ്പുള്ള ഭാഗത്തെ മെറ്റൽ ഇളകിക്കിടക്കുകയാണ്.
ഇവിടെ വാഹനങ്ങൾ തിരിക്കുമ്പോഴും ബ്രേക്കിടുമ്പോഴും ഇരുചക്രവാഹനാപകടം പതിവാണ്. പുന്നപ്ര മാർക്കറ്റ്, പുന്നപ്ര പൊലീസ് സ്റ്റേഷൻ, കെഎസ്ഇബി സബ്സ്റ്റേഷൻ, കുറവൻതോട് മസ്ജിദ്, വണ്ടാനം തുടങ്ങിയ ഇടങ്ങളിലെല്ലാം ഇടവിട്ടുള്ള നിർമാണമാണ് നടക്കുന്നത്. അടിപ്പാത ഇല്ലാത്ത പലയിടങ്ങളിലും പാതയുടെ നിർമാണം ഒഴിവാക്കിയാണ് നടക്കുന്നത്. ഇവിടെയെല്ലാം മെറ്റൽ ഇളകിയ നിലയിലും റോഡുകൾ കുണ്ടും കുഴിയുമാണ്. അനധികൃത കരിമണൽ ഖനനത്തിനെതിരെ പ്രതികരിക്കുന്നത് പോലെ മനുഷ്യക്കുരുതിക്ക് വഴിയൊരുക്കുന്ന ദേശീയപാതയുടെ നിർമാണം ശാസ്ത്രീയമാക്കണമെന്ന ആവശ്യവുമായി സംഘടനകൾ രംഗത്തുവരണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.