30 December 2024, Monday
KSFE Galaxy Chits Banner 2

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും രാജ്യത്ത് നിലനില്‍ക്കുന്നു: മുസ്‍ലിങ്ങൾക്കും ദളിതർക്കും ആശുപത്രികളിൽപ്പോലും വിവേചനം

Janayugom Webdesk
ന്യൂഡൽഹി
November 24, 2021 3:39 pm

രാജ്യത്തെ ആശുപത്രികളിൽ മുസ്‍ലിങ്ങളും ദളിത്-ആദിവാസി വിഭാഗങ്ങളും കടുത്ത വിവേചനം നേരിടുന്നതായി സർവേ. 2018 ൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ തയ്യാറാക്കിയ രോഗികളുടെ അവകാശങ്ങൾ സംബന്ധിച്ച നയരേഖ എത്രത്തോളം നടപ്പാക്കപ്പെടുന്നുവെന്ന് വിലയിരുത്താൻ സന്നദ്ധ സംഘടനയായ ഓക്സ്ഫാം ഇന്ത്യയാണ് സർവേ നടത്തിയത്.

സർവേയിൽ പങ്കെടുത്തവരിൽ 33% മുസ്ലീങ്ങളും22% പട്ടികവർഗക്കാരും 21% പട്ടികജാതിക്കാരും 15% മറ്റ് പിന്നാക്ക വിഭാഗക്കാരും ആശുപത്രികളിൽ വിവേചനം അനുഭവിച്ചതായി റിപ്പോർട്ട് ചെയ്തു. മുസ്‍ലിങ്ങൾ ആശുപത്രികളിൽ മതപരമായ വിവേചനം അനുഭവിച്ചതായാണ് സർവേ കണ്ടെത്തിയത്.

2019 ജൂണിൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നയരേഖ നടപ്പിലാക്കാൻ നിർദ്ദേശിച്ചു കൊണ്ട് കത്തയച്ചിരുന്നു. ഇത് വിലയിരുത്താൻ 2021 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് വിവരങ്ങൾ ശേഖരിച്ചത്. 28 സംസ്ഥാനങ്ങളിൽ നിന്നും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 3,890 പേര്‍ സർവേയിൽ പങ്കെടുത്തു.

രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും യാഥാർത്ഥ്യമാണെന്ന് തെളിയിക്കുന്നതായി സർവേക്ക് നേതൃത്വം നല്കിയ അഞ്ജല തനേജ പറഞ്ഞു. ദളിത് വിഭാഗത്തിൽപ്പെട്ടവരുടെ നാഡിമിടിപ്പ് പരിശോധിക്കാൻ ഡോക്ടർമാർ വിമുഖത കാണിക്കുന്നു. അതുപോലെ ആദിവാസികൾക്ക് രോഗങ്ങളുടെ സ്വഭാവവും ചികിത്സകളും വിശദീകരിക്കാനും ഡോക്ടർമാർ മടി കാണിക്കുന്നുണ്ട്. അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവില്ലെന്ന് ഇത്തരം ഡോക്ടർമാർ വിശ്വസിക്കുന്നു. മറ്റൊരു സ്ത്രീയുടെ സാന്നിധ്യമില്ലാതെ പുരുഷ ഡോക്ടർ ശാരീരിക പരിശോധന നടത്തിയതായി 35% സ്ത്രീകൾ പറഞ്ഞു. അത്തരം സന്ദർഭങ്ങളിൽ മുറിയിൽ മറ്റൊരു സ്ത്രീയുടെ സാന്നിധ്യം ആശുപത്രി മാനേജ്മെന്റ് ഉറപ്പാക്കണമെന്ന് നയരേഖ ആവശ്യപ്പെടുന്നുണ്ട്. രോഗത്തിന്റെ സ്വഭാവം വിശദീകരിക്കാതെ ഡോക്ടർമാർ കുറിപ്പടി എഴുതുകയോ കൂടുതല്‍ പരിശോധനകൾ നടത്താൻ ആവശ്യപ്പെടുകയോ ചെയ്തുവെന്ന് 74% പേരും അഭിപ്രായപ്പെട്ടു.

പണം നല്‍കാത്തതിനാല്‍ ബന്ധുക്കളുടെ മൃതദേഹം വിട്ടുകൊടുക്കാൻ ആശുപത്രികൾ വിസമ്മതിച്ചതായി 19% പ്രതികരിച്ചു. ബിൽ തീർപ്പാക്കാത്തതിന്റെ പേരിൽ ആശുപത്രികൾക്ക് മൃതദേഹങ്ങൾ കൈമാറാതിരിക്കാനാവില്ലെന്ന് കോടതി പോലും ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും രോഗികള്‍ക്കു വേണ്ടിയുള്ള നയരേഖ അംഗീകരിക്കുന്നത് അവലോകനം ചെയ്യാൻ സംവിധാനമുണ്ടാക്കണമെന്ന് ഓക്സ്ഫാം ഇന്ത്യ അതിന്റെ റിപ്പോർട്ടിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ശുപാർശ ചെയ്തു.

Eng­lish Sum­ma­ry: Untouch­a­bil­i­ty and untouch­a­bil­i­ty per­sist in the coun­try: Dis­crim­i­na­tion against Mus­lims, dal­its and even in hospitals

You may like this video also

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.