
ബഹ്റൈച്ചില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും പങ്കെടുക്കുന്ന ജേത്ത് മേള നിരോധിച്ച് ആദിത്യനാഥ് സര്‍ക്കാര്‍. പതിനൊന്നാം നൂറ്റാണ്ടിലെ ഇതിഹാസ സൈനിക യോദ്ധാവും ഗസ്നി ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ മഹ്മുദിന്റെ അനന്തരവനുമായി കരുതപ്പെടുന്ന സയ്യിദ് സലാര്‍ മസൂദ് ഗസ്നിയുടെ (ഗാസി മിയാന്‍) ആരാധാനയത്തിലെ മേളയാണ് സര്‍ക്കാര്‍ നിരോധിച്ചത്. ബഹ്റൈച്ച് ജില്ല കളക്ടര്‍ മേള വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. മതമൈത്രിയുടെ പ്രതീകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മേളയാണ് മുന്നറിയിപ്പില്ലാതെ ബിജെപി സര്‍ക്കാര്‍ നിരോധിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള ക്രമസമാധാനനില കണക്കിലെടുത്താണ് മേളക്ക് അനുമതി നല്‍കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ആര്‍എസ്എസും അനുബന്ധ സംഘടനകളും രാജ്ഭര്‍ രാജവായിരുന്ന സുഹെല്‍ദേവിനെ കൊലപ്പെടുത്തിയ ഒരു വില്ലന്‍ കഥാപാത്രമായാണ് ഗാസി മിയാനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രി ആദിത്യനാഥ് മസൂദ് ഗസ്നിയെ ആക്രമണകാരിയെ മഹത്വവല്‍ക്കരിക്കുന്നത് രാജ്യദ്രോഹമാണെന്ന് വിശേഷിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ജേത്ത് മേള നിരോധനം പ്രാബല്യത്തില്‍ വന്നത്.
യുപിയിലെ പല ജില്ലകളിലും മാര്‍ച്ച് മാസം മുതല്‍ ഗാസി മിയാന്റെ പേരിലുള്ള മേളകളും ഉത്സവങ്ങളും യുപി പൊലീസ് നിരോധിച്ചിരുന്നു. സംഭാലില്‍ നേജ മേള നടത്തുന്നതും യുപി പൊലീസ് വിലക്കി. ആക്രമണകാരി, കൊള്ളക്കാരന്‍, കൊലപാതകി എന്നിവരെ ആദരിക്കുന്ന പരിപാടിക്ക് അനുമതി നല്‍കില്ലെന്നായിരുന്നു പൊലീസ് വിശദീകരണം. ഇന്ത്യ‑നേപ്പാള്‍ അതിര്‍ത്തിയിലുള്ള ബഹ്റൈച്ചിലെ ജേത്ത് മേളയില്‍ വര്‍ഷം തോറും ലക്ഷക്കണക്കിന് ഹിന്ദു-മുസ്ലിം വിശ്വാസികള്‍ പങ്കെടുത്തിരപുന്നു. ജേത്ത് മേള സംബന്ധിച്ച് ഗാസി മിയാന്‍ ദര്‍ഗ മാനേജിങ് കമ്മിറ്റി അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നതായി കളക്ടര്‍ ശാലിനി പ്രഭാകര്‍ അറിയിച്ചു. ക്രമസമാധാനനില പരിഗണിച്ച് ഇത്തവണ മേളക്ക് അനുമതി നല്‍കേണ്ടതില്ല എന്നാണ് ആഭ്യന്തര വകുപ്പ് നിര്‍ദേശമെന്നും അവര്‍ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.